സൗദിയില്‍ മറ്റൊരു പ്രധാന മേഖലയിൽ കൂടി സ്വദേശവൽക്കരണം വരുന്നു; കൂടുതൽ മലയാളികൾ മടങ്ങേണ്ടിവരും

മൊബൈല്‍ ഷോപ്പുകള്‍ക്കും ജ്വല്ലറികള്‍ക്കും പിന്നാലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ റെന്റ് എ കാര്‍ മേഖലയിലും ഈ നടപടി നടപ്പിലാക്കുന്നു. മാര്‍ച്ച്‌ 18 മുതലാണ് ഈ മേഖലയിലെ സമ്ബൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരിക. ഇത് സംബന്ധിച്ച് സൗദി തൊഴില്‍ മന്ത്രാലയം വിവിധ ശാഖകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സ്വദേശിവത്കരണത്തിന് മുന്നോടിയായി മുന്നറിയിപ്പ് പരിശോധന സ്ഥാപനങ്ങളില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ഈ ജോലികളിലേക്ക് ഇനി മുതല്‍ വിദേശികളെ നിയമിച്ചാല്‍ നിയമം അനുശാസിക്കുന്ന പിഴയും ശിക്ഷയും ലഭിക്കുമെന്ന് മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമലംഘകര്‍ കുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴയും ശിക്ഷയും നല്‍കുമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

മലയാളികളടക്കം ആയിരക്കണക്കിനു വിദേശികളാണ് സൗദിയിലെ വാടക കാര്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. ഉടമകള്‍ ഭൂരിഭാഗവും സ്വദേശികളാണെങ്കിലും ഇടപാടുകളെല്ലാം നടത്തുന്നത് വിദേശ തൊഴിലാളികളാണ്. നേരിട്ട് സ്ഥാപനം നടത്തുന്ന പ്രവാസികളും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെയെല്ലാം തൊഴില്‍സാധ്യതകള്‍ ഇല്ലാതാക്കുന്നതാണ് പുതിയ നിയമം. എന്നാൽ, റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സമയം മുന്‍കൂട്ടി വിവരം നല്‍കിയിരുന്നുവെന്നും സ്വദേശിവത്കരണ തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോവില്ലെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.