പുതിയ ഒരു മേഖലയിൽ സ്വദേശിവത്കരണവുമായി ഒമാന്‍: പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി

സ്വദേശികള്‍ക്ക് വിനോദസഞ്ചാര മേഖലയില്‍ അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്‌റിസി അറിയിച്ചു. 2020ഓടെ കൂടി 44 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്നും മന്ത്രി ഒമാന്‍ മജ്‌ലിസ് ശൂറയില്‍ വ്യക്തമാക്കി. ഇതിനായി തൊഴിലധിഷ്ഠിത പരിശീലന പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്ന രണ്ടു വര്‍ഷങ്ങളിലായി 6552 ഹോട്ടല്‍ മുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഇവയില്‍ നിന്നും 4586 തൊഴിലവസരങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും, തുടര്‍ന്ന് 25,000 തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നും ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്‌റിസി മജ്‌ലിസ് ശൂറയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയിലെ സ്വദേശിവത്കരണ തോത് 42 ശതമാനം ആയിരുന്നു. ഈ വര്‍ഷം അത് 43 ശതമാനവും അടുത്ത വര്‍ഷത്തോടെ 44 ശതമാനത്തിലേക്കും എത്തുമെന്നും മന്ത്രി പറഞ്ഞു.