
സൗരയൂഥത്തിലെ ചെറിയ ഛിന്നഗ്രഹങ്ങളിലൊന്നായ ഡിങ്കനേഷിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. കേവലം ഒരുകിലോമീറ്ററില്‍ താഴെ മാത്രം വ്യാസമുള്ള ചെറിയ ഛിന്നഗ്രഹമാണ് ഡിങ്കനേഷ്. 1999 നവംബര്‍ നാലിന് ന്യൂമെക്സിക്കോയിലെ സൊക്കോറോയില്‍ സ്ഥിതി ചെയ്യുന്ന ലിങ്കണ്‍ നീയര്‍ എര്‍ത്ത് ആസ്റ്ററോയ്ഡ് റിസര്‍ച് (ലീനിയര്‍) സര്‍വേയാണ് ഡിങ്കനേഷ് ഛിന്നഗ്രഹത്തിന്റെ ചിത്രമെടുത്തത്. ലോഹങ്ങളല്ല മറിച്ച് കല്ലാണ് ഈ ഛിന്നഗ്രഹത്തില്‍ പ്രധാനമായുള്ളത്. നീളമുള്ള ഘടനയുള്ള ഛിന്നഗ്രഹമാണ് ഡിങ്കനേഷ്. 52.67 മണിക്കൂറാണ് ഇതിന്റെ ഭ്രമണസമയം. 1999 നവംബറില്‍ തന്നെ ഡിങ്കനേഷ് മനുഷ്യരുടെ നിരീക്ഷണവലയത്തില്‍ നിന്ന് പുറത്തുപോയിരുന്നു. എന്നാല്‍ 2004ല്‍ ഇതിനെ വീണ്ടും കണ്ടെത്തി.
ഛിന്നഗ്രഹ നിരീക്ഷണത്തിനായി നാസ വികസിപ്പിച്ച ലൂസി പേടകമാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ലൂസിയിലുള്ള ലൂസി ലോങ് റേഞ്ച് റീക്കണൈസന്‍സ് ഇമേജര്‍ അഥവാ ലോറി എന്ന ഉപകരണമാണ് ചിത്രമെടുത്തത്. ഡിങ്കിനേഷില്‍ നിന്ന് 2.3 കോടി കിലോമീറ്റര്‍ ദൂരം അകലെ സ്ഥിതി ചെയ്തപ്പോഴാണ് ലൂസി ചിത്രം പകര്‍ത്തിയത്. സൗരയൂഥത്തിലെ പല ഛിന്നഗ്രഹങ്ങളെ 12 വര്‍ഷം നീളുന്ന തന്റെ യാത്രയില്‍ പകര്‍ത്താനാണ് ലൂസി ലക്ഷ്യമിടുന്നത്. ഈ നിരീക്ഷണയാത്രയുടെ തുടക്കമാണ് ഡിങ്കനേഷിന്റെ ചിത്രങ്ങളിലൂടെ രേഖപ്പെടുത്തപ്പെട്ടത്.