അബി എന്ന മിമിക്രിയിലെ രാജാവിന് മലയാള സിനിമ നല്‍കിയത് അവഗണന മാത്രം

    ആരാധകര്‍ക്കാശ്വസിക്കാം…അബി ജീവിക്കും ഇനി മകനിലൂടെ. അർഹമായ അംഗീകാരം മലയാള സിനിമ നൽകിയില്ലെങ്കിലും ‘കിസ്മത്തി’ലൂടെ ശ്രദ്ധേയനായി മലയാള സിനിമയില്‍ മകന്‍ ഷെയ്ന്‍ കാലുറപ്പിക്കുന്നത് കണ്ടതിനുശേഷമാണ് അബിയുടെ വിയോഗമെന്നത് അബിയുടെ ആരാധകര്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നതാണ്. ബിടെക് വിദ്യാര്‍ഥിയായ ഷെയ്ന്‍ ഒട്ടേറെ സിനിമകളില്‍ ഇപ്പോള്‍ വേഷമിട്ടു കഴിഞ്ഞു.

    ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു കലാഭവന്‍ അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ഇവര്‍ ഒന്നിച്ച ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. മിമിക്രി താരം എന്നതിനപ്പുറം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച ഭൂരിഭാഗം പരസ്യങ്ങളിലും ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു. അടുത്തിടെ ദിലീപ് വിവാദത്തിലും അബിയുടെ പ്രതികരണം ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യര്‍ക്ക് മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന ആരോപണത്തിലായിരുന്നു അബിയുടെ പ്രതികരണം. ആ വിവാഹത്തില്‍ അബിയാണ് സാക്ഷിയായി ഒപ്പിട്ടത് എന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് അബി വ്യക്തമാക്കുകയായിരുന്നു.

    നാലു വയസ്സു മുതല്‍ താന്‍ വാപ്പച്ചിക്കൊപ്പം സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുക്കുന്ന വ്യക്തിയാണെന്ന് ഷെയ്ന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ തനിക്ക് കിട്ടാത്തത് മകനിലൂടെ കിട്ടണമെന്ന അബിയുടെ ആഗ്രഹമായിരുന്നു ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടത്. അബിയുടെ മകന്‍ എന്ന പേരിലാണ് താന്‍ അറിയപ്പെടുന്നത് എന്ന് ഷെയ്ന്‍ അഭിമാനത്തോടെ പലയിടത്തും പറഞ്ഞിരുന്നു. മകനെക്കുറിച്ച് അബി ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ…വലിയ റേഞ്ചിലേക്കു പോകുന്ന നടനാണു ഷെയ്ന്‍ എന്ന് അവന്‍ അന്നയും റസൂലും അഭിനയിക്കുമ്പോള്‍ രാജീവ് രവി എന്നോടു പറഞ്ഞിട്ടുണ്ട്. പിതാവെന്ന നിലയില്‍ ഇതു കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്.…തനിക്ക് കഴിയാത്ത കാര്യം നേടിയെടുക്കാന്‍ ഷെയിന്‍ നിഗം എന്ന മകനെ മലയാള സിനിമയ്ക്കായി സമ്മാനിച്ചിട്ടാണ് അബി മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.