HomeHealth Newsനിങ്ങളുടെ മനസ്സ് എന്ന മഹാത്ഭുതത്തെ അറിയുക: PSY. Sony Thomas Olickan എഴുതുന്നു

നിങ്ങളുടെ മനസ്സ് എന്ന മഹാത്ഭുതത്തെ അറിയുക: PSY. Sony Thomas Olickan എഴുതുന്നു

sony final copy.jpg2nd part

രാജിതന്റെ ദൈന്യതയും പേറിയാണ്  സജി എന്റെ മുൻപിലിരുന്നത്. കുട്ടിക്കാലം മുതൽ മാറ്റി നിർത്തപ്പെടുകയും തോൽപ്പിക്കപ്പെടുകയും ഒക്കെ  ചെയ്തതിന്റെ വേദനകൾ ഏറ്റുവാങ്ങിയാണ് അയാൾ കുട്ടിക്കാലം മുതൽ വളർന്നു വന്നത്. കേട്ടു തഴമ്പിച്ച കുറ്റപ്പെടുത്തലുകൾ, ശാപങ്ങൾ, “തന്തക്കാലാ, വീടു മുടിക്കാൻ പിറന്നവൻ, ഭാഗ്യം കേട്ടവൻ, കഴിവില്ലാത്തവൻ” കൂടാതെ കഴുത, പോത്ത്  തുടങ്ങിയ പര്യായപദങ്ങളും. ഓർത്തു പോവുകയാണ് സാറേ, എന്തിനിങ്ങനെ ജീവിക്കുന്നു, ഞാനെന്താ ഇങ്ങനെയായിപ്പോയെ?

 

മനസ്സിന്റെ പൊരുൾ

ആധുനികന്റെ കമ്പ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ , ശരീരമാകുന്ന hardware നെ പ്രവർത്തിപ്പിക്കുന്ന software ആണ് മനസ്. A set of programmes . അഥവാ, ചുറ്റുപാടുകളെ എങ്ങനെ വ്യാഖ്യാനിക്കണം, പ്രതികരിക്കണം, നിലപാടെടുക്കണം, എന്നു നിർണ്ണയിക്കുന്ന ചില കൽപ്പനകൾ, വിശ്വാസങ്ങൾ, ധാരണകൾ, ഇതാണു മനസ്. തീക്കട്ടയിൽ തൊടുന്ന കുഞ്ഞ് പിന്നീടൊരിക്കലും അതിനു ധൈര്യ പ്പെടാത്തത് പോലെ, പലതരം പേടികൾ, വെറുപ്പുകൾ, അഭിപ്രായങ്ങൾ, തുടങ്ങിയവ കുട്ടി വളരുന്ന കാലഘട്ടത്തിൽ സ്വായത്തമാക്കുന്നു. അങ്ങിനെ കുട്ടിയോടൊപ്പം മനസ്സു വളർന്നു രൂപപ്പെടുന്നു. ‘കാക്കക്കറുമ്പൻ’, ‘കൊന്ത്രപ്പല്ലൻ’, എലുമ്പൻ എന്നൊക്കെ ചെറുപ്പത്തിൽ കളിയാക്കപ്പെടുന്ന കുട്ടി അറിയാതെ തന്നെ സ്വയം വിശ്വസിച്ചു പോകുന്നു, താൻ എന്തൊക്കെയോ കുറവുകളുള്ള ആളാണെന്ന്. ഈ കുറവുകളെക്കുറിച്ചുള്ള നിരന്തര ഓർമ്മകൾ, തോന്നലുകൾ ഇവയിൽ പെട്ട് പോകുന്നവരാണ് അപകർഷതയും ഉൾവലിവും ഉള്ള കുട്ടികൾ. എന്നാൽ, വളരുന്ന ചുറ്റുപാടിൽ മാതാപിതാക്കൾ തമ്മിലുള്ള ബഹുമാനവും പരസ്പര സ്നേഹവും കാണുകയും പ്രോത്സാഹനം ലഭിക്കുകയും ചെയ്യുന്ന കുട്ടികളിൽ മനസ്സിൽ പരസ്പര ബഹുമാനവും ആത്മവിശ്വാസവും ഉണ്ടാകാനിടയാകും. മനസ്സിന്റെ രൂപപ്പെടുത്തലുകൾ ഏറിയ പങ്കും നടക്കുന്നത് കുട്ടിക്കാലത്താണ്. അതുകൊണ്ടാണ് പ്രശസ്ത മനശാസ്ത്ര ഗുരു Sigmund Freud പറഞ്ഞത് ” കുട്ടിയാണ് മനുഷ്യന്റെ പിതാവ്” എന്ന്.
മനുഷ്യന്റെ ഏറ്റവും വലിയ വൈകല്യം നിഷേധ മനോഭാവമാണെന്ന് പറയാറുണ്ട്. Negative attitude. ചില വ്യക്തികൾ ജീവിതത്തെ നിരാശയോടെയും വെറുപ്പോടെയും കാണുന്നവരാണ്. ഇത് മനസ്സിൽ തറഞ്ഞു പോയ ചില തിക്താനുഭവങ്ങളും മുറിപ്പെടുത്തുന്ന ഓർമ്മകളും മൂലമാണ്. മുകളിൽ വിവരിച്ച സജിയുടെ വാക്കുകളിലും നിറഞ്ഞു നില്ക്കുന്നത്, കുട്ടിക്കാലം മുതൽ പറഞ്ഞു തഴക്കം വന്നിട്ടുള്ള അന്ധവിശ്വാസങ്ങളാണ്. പിതാവിന്റെ കാലനായിട്ട് താൻ ജനിച്ചതാണെന്നും നിർഭാഗ്യവാനാണ് താൻ എന്നുമൊക്കെയുള്ള വാക്കുകൾ കേട്ടു വളർന്ന സജിക്ക്, ജീവിതത്തിലേറ്റ തോൽവികളെ തന്റെ വിധിയും ദൗർഭാഗ്യവുമൊക്കെയായിട്ടാണ് കാണാൻ കഴിയുന്നത്. ചെറിയ വെല്ലുവിളികളെ വരെ അതിസങ്കീർണ്ണവും അപ്രാപ്യവുമെന്നു കരുതി എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നവരാണ് ഇത്തരക്കാർ. സന്തോഷവും വിജയവുമെന്നത്, ഭാഗ്യമായും വരമായും കാണാതെ ജീവിതാധ്വാന ത്തിന്റെ, പരിശ്രമത്തിന്റെ ഫലമായിക്കാണാൻ കഴിയണം.

 

നീയാണ് നിന്റെ മാസ്റ്റർ

ചുറ്റുപാടുകൾ നമുക്ക് പ്രതികൂലമോ അനുകൂലമോ ആയേക്കാം. പക്ഷെ ഞാൻ ആരാവണമെന്നത് എന്റെ തീരുമാനമാണ്, അവകാശമാണ്. അതിനെ അടിച്ചമർത്താൻ ഒരു ശക്തിക്കും കഴിയില്ല. ഹിറ്റ്‌ലർ concentration ക്യാമ്പിൽ ഇട്ട് അതിഭീകരമായി ഉപദ്രവിച്ച്ച്ചപ്പോൾ വിക്ടർ ഫ്രാങ്ക്ലിൻ എന്ന ഡോക്ടർ പറഞ്ഞു ” ഹിറ്റ്‌ലർക്ക് എന്നെ ഉപദ്രവിക്കാം, പീഡിപ്പിക്കാം, കൊല്ലാം, എന്നാൽ, ഹിറ്റ്‌ലറിന്റെ പ്രവർത്തികളോട് എങ്ങിനെ പ്രതികരിക്കണമെന്ന എന്റെ സ്വാതന്ത്ര്യത്തെ ഒരിക്കലും തൊട്ടുകളിക്കാവില്ല”. നമ്മെ കളിയാക്കുന്നവരുണ്ടാവാം, കുറ്റപ്പെടുത്തുന്നവരുണ്ടാവാം, പക്ഷെ ഞാൻ എന്നെ താഴ്ത്തിക്കെട്ടുന്നില്ലെങ്കിൽ എന്റെ സ്ഥാനം എന്നും ഉയരത്തിലായിരിക്കും. ഞാൻ എന്നെ ഇഷ്ടപ്പെടണം. എന്റെ കുറവുകളോടെ, നിറവുകളോടെ അംഗീകരിച്ചുകൊണ്ട്.

വെളുപ്പാണ് അധികാരത്തിന്റെ മാനദണ്ഡമെങ്കിൽ കെ ആർ നാരായണനും കലാമുമൊന്നും നമ്മുടെ ആരുമാവില്ലായിരുന്നു. സൌന്ദര്യമാണു മാനദണ്ഡമെങ്കിൽ മദർ തെരേസ വെറുക്കപ്പെട്ടവരുടെ ഗണത്തിൽ വന്നേനെ. വിദ്യാഭ്യാസമാണ് ജീവിത വിജയത്തിന്റെ മാനദണ്ഡമെങ്കിൽ ബിൽഗേറ്റ്സും അംബാനിയുമൊന്നും ഉണ്ടാവില്ലായിരുന്നു.
സജിയോട് ഞാൻ പറഞ്ഞു നിർത്തി. നീ ആരെക്കാളും മോശപ്പെട്ടവനും മികച്ചവനും അല്ല. നീ നീയാണ്. നീ നിന്റെ മനസ്സിനെ ഉണർത്തുക. ശിഷ്ടകാലം ആഘോഷിക്കുക. ആഹ്ലാദം കണ്ടെത്താൻ പഠിക്കുക. നിന്നിലെ മഹാത്ഭുതങ്ങളിലേക്ക് മിഴി തുറക്കുക. കണ്ണിലുദിച്ച പുതിയ തിളക്കവുമായി സജി തിടുക്കത്തിൽ ഇറങ്ങി നടന്നു. പുതിയൊരു ജീവിതാവേശത്തോടു കൂടി.

 

നമ്മുടെ ശത്രുക്കൾ

ആരാണു നിന്റെ ശത്രു? വളർത്തിയ മാതാപിതാക്കളോ? മെരുക്കിയ അധ്യാപകരോ? തളർത്തിയ കൂട്ടുകാരോ? ഇവരാരുമല്ല. വിമർശനങ്ങൾ കേട്ട്, ശാപങ്ങളേറ്റ്, കളിയാക്കപ്പെട്ട് തലകുനിച്ചുപോയ നിന്റെ ആത്മവിശ്വാസമുണ്ടല്ലോ, ഭീരുവായ നിന്റെ മനസ്സുണ്ടല്ലോ, അപകർഷതപ്പെട്ട പ്രകൃതമുണ്ടല്ലോ, നിഷേധ ചിന്തകളുണ്ടല്ലോ, അവയാണ് യഥാർത്ഥത്തിൽ നിന്റെ ശത്രുക്കൾ. നിന്നിലെ നീയറിയാതെ വളർത്തപ്പെടുന്ന ശത്രുക്കൾ. തിരിച്ചറിയുക.
(തുടരും)

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments