സൗദിയുടെ പടയൊരുക്കം; കേരളം അപകട ഭീതിയിൽ

ഇന്ത്യന്‍ സമ്പദ് ഘടനക്ക് പ്രത്യേകിച്ച് കേരളത്തിന്റെ സമ്പദ ഘടനക്ക് സൗദിയില്‍ നിന്നുള്ള പ്രവാസികളുടെ പണം ഏറെ നിര്‍ണായകമാണ്. ഏറ്റവും അധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. കേരളത്തിലെ കണക്കെടുത്താലും സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം ആയിരിക്കും. കൂടുതല്‍. 28 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. മൂവായിരത്തി അഞ്ഞൂറോ കോടി അമേരിക്കന്‍ ഡോളറാണ് ഗള്‍ഫേ മേഖലയില്‍ നിന്ന് പ്രവാസികള്‍ വഴി ഓരോ വര്‍ഷവും ഇന്ത്യയില്‍ എത്തുന്ന പണം എന്നാണ് കണക്കാക്കപ്പെടുന്നത്.

സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ ഇനി കൂടാനുള്ള സാധ്യതയാണ് തെളിയുന്നത്. ലോകത്തിലെ എണ്ണ ഉത്പാദന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സൗദിയെ സംബന്ധിക്കുന്ന ഏത് കാര്യവും അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇന്ത്യയുടെ കാര്യവും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. എന്നാല്‍ മറ്റ് പല ലോക രാജ്യങ്ങളേയും പോലെ അല്ല ഇന്ത്യയുടെ സ്ഥിതി. ഇന്ത്യ ഇപ്പോള്‍ എടുക്കുന്ന നിലപാടുകള്‍ ഒരുപക്ഷേ നാളെ എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്ന് പറയാന്‍ സാധിക്കില്ല. സൗദി കിരീടാവകാശിയുടെ കടുത്ത നടപടികള്‍ ഒരുപക്ഷേ ഇന്ത്യന്‍ പ്രവാസികളേയും ഭാവിയില്‍ ബാധിച്ചേക്കാം.

ഇറാനുമായി ഇന്ത്യ ഇപ്പോള്‍ അത്ര മോശമല്ലാത്ത ബന്ധത്തിലാണ് ഉള്ളത്. പ്രകൃതി ഇന്ധനത്തിന്റെ കാര്യത്തില്‍ ഇറാനുമായുളള സഹകരണം ഇന്ത്യക്ക് ഗുണം ചെയ്യും എന്ന് ഉറപ്പാണ്. എന്നാല്‍ സൗദി അറേബ്യയാകട്ടെ ഇറാനെതിരെ അതി ശക്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇന്ത്യയുടെ ഇറാന്‍ ബന്ധം സൗദി ഭാവിയില്‍ എങ്ങനെ കാണും എന്നതും നിര്‍ണായകമാണ്. എണ്ണയുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും അധികം ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ഇക്കാര്യത്തില്‍ ഇറാക്കിനെ മറികടന്നിരിക്കുകയാണ് സൗദി. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ച് സൗദി അറേബ്യയുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്.