HomeAround KeralaPalakkadആർക്കുംവേണ്ടാതെ വീണുപോകുന്ന ചക്കയെ സംസ്ഥാന ഫലമാക്കിയത് ബാലകൃഷ്ണന്‍ മാഷിന്റെ ഒറ്റ കത്ത്

ആർക്കുംവേണ്ടാതെ വീണുപോകുന്ന ചക്കയെ സംസ്ഥാന ഫലമാക്കിയത് ബാലകൃഷ്ണന്‍ മാഷിന്റെ ഒറ്റ കത്ത്

ധനമന്ത്രി തോമസ് ഐസക്കിന്റെ ഫോണ്‍വിളി വരുവോളം ബാലകൃഷ്ണന്‍ അറിഞ്ഞിരുന്നില്ല, ചക്കയെ ഔദ്യോഗിക ഫലമാക്കിയതു തന്റെ നിവേദനമാണെന്ന്. ഒറ്റപ്പാലം മനിശേരി പനയങ്കണ്ടത്ത് മഠം തൃക്കോട് ബാലകൃഷ്ണന്‍ 2016 ലാണ് ഇതു സംബന്ധിച്ച നിവേദനം നല്‍കിയത്. ചൊവ്വാഴ്ച രാത്രിയാണു ബാലകൃഷ്ണനു മന്ത്രിയുടെ ഫോണ്‍വിളി എത്തിയത്. കാവശേരി ജി.എല്‍.പി. സ്‌കൂള്‍ പ്രധാനധ്യാപകനാണ് ബാലകൃഷ്ണന്‍.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

ചക്കയാണിന്ന് കേരളത്തിന്റെ ഔദ്യോഗിക ഫലം. കൃഷിമന്ത്രി സുനിൽ കുമാര്‍ പറഞ്ഞാണ് ആ നാൾവഴി ഞാൻ അറിഞ്ഞത്. ഒറ്റപ്പാലം മനിശേരിയിലെ ബാലകൃഷ്ണൻ തൃക്കണ്ണൂര്‍ എനിക്കൊരു നിവേദനം നൽകി. ഇതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം – “സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് അയൽനാടുകളിലും വിദേശത്തും പ്രിയം കൂടി വരികയാണ്. സംസ്ഥാനത്ത് ലഭ്യമാകുന്ന ചക്കയെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി വിതരണം ചെയ്യാന്‍ കഴിഞ്ഞാൽ സംസ്ഥാന സമ്പദ്ഘടനയ്ക്ക് അത് കൈത്താങ്ങാകും…. ചക്കയുടെ പ്രാധാന്യത്തെക്കുറിച്ച് വിപണനസാധ്യതകളെക്കുറിച്ചും മലയാളികൾ വേണ്ടത്ര ബോധവാന്മാരല്ല. ഈ പശ്ചാത്തലത്തിൽ ചക്കയെ സംസ്ഥാനഫലം എന്ന പദവി നൽകി അംഗീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. ചക്കയുടെ പെരുമ ജനങ്ങളിലെത്തിക്കാന്‍ ഇത് സഹായകരമാകും”.

ഫയൽ, എ കെ ബാലനും സുനില്‍കുമാറിനും നല്‍കി. സുനില്‍ കുമാര്‍ ഇതു മുഖ്യമന്ത്രിയ്ക്കും. മറ്റു ഫലങ്ങളെയൊന്നും സംസ്ഥാന ഫലമായി അംഗീകരിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകി. അങ്ങനെ ചക്ക സംസ്ഥാനഫലമായി തീരുമാനിച്ച് ഉത്തരവിറങ്ങി.

ചക്കയുടെ ഉത്സാഹക്കമ്മിറ്റിക്കാരെല്ലാം അഭിനന്ദനങ്ങളും മറ്റും അറിയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ബാലകൃഷ്ണൻ മാഷിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമുണ്ടായത് എന്ന് ഞാൻ ഫോൺ ചെയ്യുമ്പോഴാണ് അദ്ദേഹം അറിയുന്നത്. ആലത്തൂര്‍ കാവശേരിയിലെ സര്‍ക്കാര്‍ സ്കൂളിലെ ഹെഡ്മാഷാണ് അദ്ദേഹം. ഇത്തവണ പാലക്കാട് ജില്ല വനമിത്ര അവാര്‍ഡ് മാഷിനാണ് ലഭിച്ചത്. ഒന്നരയേക്കര്‍ സ്ഥലത്ത് ഒരു മുളന്തോട്ടം വെച്ചുപിടിപ്പിച്ചതിനാണ് ഈ അംഗീകാരം. മാഷിന്റെ വീട്ടിൽ എട്ടു പ്ലാവുകളുണ്ട്. ചക്ക സുലഭം. പുഴുക്കായും കറിയായും പഴമായും ഉപയോഗിച്ചാലും സുഹൃത്തുക്കൾക്കെല്ലാം നൽകാൻ പിന്നെയും ബാക്കി.

ഏതായാലും എന്റെ വീട്ടിലെ പ്ലാവുകളെല്ലാം വലിയ സന്തോഷത്തിലാണെന്നു തോന്നുന്നു. പത്തോളം പ്ലാവുണ്ട് മൻമോഹൻ ബംഗ്ലാവിൽ. വളരെ പ്രായം ചെന്നതാണെന്നു മാത്രം. പക്ഷേ, ഈ വര്‍ഷം ഒരു 300 – 400 ചക്കയെങ്കിലുമുണ്ട്. ചില സാമ്പിൾ ഫോട്ടോകൾ ഇതോടൊപ്പമുണ്ട്. ഒരു കുഴപ്പം മാത്രം. ഒരെണ്ണമൊഴികെ ബാക്കിയെല്ലാം കൂഴയാണ്. പുഴുക്കും കറിയും ഇനി കുറേക്കാലം ചക്കയുടേതാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments