HomeUncategorizedഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതിയെ എങ്ങിനെയാണ് തെരഞ്ഞെടുക്കുന്നത് എന്നറിയാമോ ?ഇതാണ് അതിന്റെ നടപടികൾ !

ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതിയെ എങ്ങിനെയാണ് തെരഞ്ഞെടുക്കുന്നത് എന്നറിയാമോ ?ഇതാണ് അതിന്റെ നടപടികൾ !

ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതിയെ എങ്ങിനെയാണ് തെരഞ്ഞെടുക്കുന്നത് എന്നത് പലർക്കും വ്യക്തമല്ല. മറ്റ് തെരഞ്ഞെടുപ്പുകൾ പോലെയല്ല രാഷ്ട്രപതി തെരഞ്ഞെടുപ്പ് എന്നതാണ് അതിന്റെ പ്രത്യേകത. ഒട്ടനവധി പ്രത്യേകതകളുള്ള ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത് എങ്ങനെയാണെന്ന് അറിയാം.

ആർക്കെല്ലാം വോട്ട് ചെയ്യാം?

പാർലമെന്റിലേയും സംസ്‌ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്.എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും പാർലമെൻറിൻറെ രണ്ടു സഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട എംപിമാരും ചേരുന്ന ഇലക്ടറൽ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. പാർലമെൻറിലെയും നിയമസഭകളിലെയും നോമിനേറ്റഡ് അംഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അധികാരമില്ല. ഇവർ ജനങ്ങളാൽ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരല്ല എന്നതാണ് കാരണം.
ഇത്തവണത്തെ വോട്ടുകൾ എത്ര?

ഇത്തവണ 4,033 എംഎൽഎമാരും 776 എംപിമാരും അടക്കം മൊത്ത ആകെ 4,809 വോട്ടർമാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുക.
വോട്ടെടുപ്പ് എവിടെയെല്ലാം?

എംപിമാർക്ക് പാർലമെന്റിനുള്ളിലും എംഎൽഎമാർക്ക് നിയമസഭാ മന്ദിരത്തിലും വോട്ട് ചെയ്യാൻ സാധിക്കും. തെരഞ്ഞെടുപ്പിൽ ഒരു എംപിയുടെ മൂല്യം എന്നത് 700 ആണ്. ഇത്തവണത്തെ ആകെ വോട്ട് മൂല്യം 10,86,431 ആണ്. ഇതിൽ എംപിമാരുടെ മൂല്യം 5,43,200, എംഎൽഎമാരുടേത് 5,43,231മാണ്.
ഒരു അംഗത്തിന് എത്രവോട്ട് ചെയ്യാം?

എല്ലാ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന വോട്ടിങ് രീതി ആയിരിക്കണം എന്നതിനാൽ ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വോട്ട് നിശ്ചയിക്കുന്നത്. ഇതനുസരിച്ച് എംഎൽഎമാർക്കും എംപിമാർക്കും ഒന്നിലധികം വോട്ട് ഉണ്ടാകും.ഒരു സംസ്ഥാനത്തെ മൊത്തം ജനസംഖ്യയെ അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ എണ്ണത്തെക്കൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയെ 1000കൊണ്ട് വീണ്ടും ഹരിച്ചാണ് ഒരു എംഎൽഎയുടെ വോട്ട് കണക്കാക്കുന്നത്. 1971ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയാണ് നിലവിൽ വോട്ട് കണക്കാക്കാൻ ഉപയോഗിക്കുന്നത്. ഇത് 2026 വരെ തുടരും.
വിപ്പ് പാടില്ല

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് അംഗങ്ങൾക്ക് വിപ്പ് നൽകാൻ രാഷ്ട്രീയ പാർട്ടികൾക്ക് അനുമതിയില്ല.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടിങ്ങ് എങ്ങനെ?

പതിവ് ബാലറ്റ് വോട്ടിങ് രീതിയിൽനിന്ന് വ്യത്യസ്‍തമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടിങ്. സ്ഥാനാർത്ഥികളെ വോട്ടർമാർ തങ്ങളുടെ പരിഗണന അനുസരിച്ച് ലിസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അതേസമയം, ഏറ്റവും കൂടുതൽ പ്രഥമ പരിഗണനാ വോട്ടുകൾ ലഭിക്കുന്നയാൾ ജയിക്കില്ല. കാരണം തെരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് വേണ്ട വോട്ടുകൾ എത്രയാണെന്ന് മറ്റൊരു രീതിയിലാണ് തീരുമാനിക്കുന്നത്. ഇതിന് വോട്ട് ക്വോട്ട എന്നു പറയും.
ക്വോട്ട വോട്ട് നിശ്ചയിക്കുന്നത് എങ്ങനെ?

ആകെ സാധുവായ വോട്ടുകളെ സ്ഥാനാർത്ഥികളുടെ എണ്ണംകൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയോട് ഒന്ന് കൂട്ടിയാണ് ക്വോട്ട വോട്ട് നിശ്ചയിക്കുന്നത്. ആദ്യഘട്ടത്തിൽത്തന്നെ ഒരു സ്ഥാനാർത്ഥി ക്വോട്ട വോട്ട് നേടുകയാണെങ്കിൽ ആ സ്ഥാനാർത്ഥിയെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുന്നു.അതേസമയം, ആദ്യഘട്ടത്തിൽ ആർക്കും ക്വോട്ട വോട്ട് ലഭിച്ചില്ലെങ്കിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ചയാളെ ലിസ്റ്റിൽനിന്ന് ഒഴിവാക്കുകയും അയാളുടെ വോട്ട് മറ്റുള്ളവർക്ക് അവർക്ക് ലഭിച്ച രണ്ടാം പരിഗണനയുടെ അടിസ്ഥാനത്തിൽ വീതിക്കുകയും ചെയ്യുന്നു. തുടർന്ന്, ക്വോട്ട വോട്ട് ലഭിച്ചയാളെ വിജയിയായി പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.

കടപ്പാട്: സമയം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments