പ്രവാസികളുടെ മക്കൾക്ക് ഇനി തൊഴിൽ വിസ ലഭിക്കാൻ വളരെയെളുപ്പം !! പുതിയ നിയമവുമായി ഈ ഗൾഫ് രാജ്യം

238

പ്രവാസികളുടെ മക്കൾക്ക് തൊഴിൽ വിസയിലേയ്ക്കുള്ള മാറ്റത്തിനുള്ള നടപടികൾ കുവൈത്ത് ലഘൂകരിച്ചു. ഇരുപത്തിയൊന്ന് വയസായ വിദേശികളുടെ മക്കൾക്ക് ഇനി മുതൽ നേരിട്ട് തൊഴിൽ വിസയിലേയ്ക്ക് താമസ രേഖ മാറ്റാം. ഇത് സംബന്ധിച്ച് ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. 21 വയസ് പൂർത്തിയായ വിദേശികളുടെ മക്കളുടെ വിസമാറ്റത്തിനുള്ള അപേക്ഷ എത്രയും പെട്ടന്ന് അംഗീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. വിസാ മാറ്റം ഏറ്റവും അധികം ഗുണം ചെയ്യുക ഇന്ത്യക്കാർക്കാണ്.

വിദേശികളുടെ മക്കൾക്ക് തൊഴിൽ വിസയിലേയ്ക്ക് താമസ രേഖ മാറ്റണമെങ്കിൽ താമസ കാര്യ വകുപ്പിന്‍റെയും, മാൻപവർ അതോറിറ്റിയുടെയും പ്രത്യേക അനുമതി വേണമായിരുന്നു. ഈ നിയമത്തിലാണ് ഇപ്പോൾ ഇളവ് വന്നിരിക്കുന്നത്.

നിലവിലെ നിയമപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ താമസം നേരിടുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ആദ്യന്തര മന്ത്രാലയം പുതിയ ഉത്തരവിലൂടെ ഇളവ് പ്രഖ്യാപിച്ചത്.