HomeWorld NewsGulfഗൾഫ്‌ രാജ്യങ്ങളിൽ സാമ്പത്തികമാന്ദ്യം തൊട്ടരികെ; രണ്ടു രാജ്യങ്ങൾ മാത്രം പിടിച്ചു നിൽക്കും; എമിറേറ്റ്സ്‌ ഇൻവെസ്റ്റ്മെന്റ്‌ ബാങ്ക്‌...

ഗൾഫ്‌ രാജ്യങ്ങളിൽ സാമ്പത്തികമാന്ദ്യം തൊട്ടരികെ; രണ്ടു രാജ്യങ്ങൾ മാത്രം പിടിച്ചു നിൽക്കും; എമിറേറ്റ്സ്‌ ഇൻവെസ്റ്റ്മെന്റ്‌ ബാങ്ക്‌ നടത്തിയ സർവേ പുറത്ത് !

ലോകം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക്‌ അതിവേഗം അടുത്തു കൊണ്ടിരിക്കുന്നുവെന്ന്‌ സാമ്പത്തിക നിരീക്ഷകരും ആഗോള ബാങ്കിങ്‌ മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ്‌ നൽകുന്നു. എമിറേറ്റ്സ്‌ ഇൻവെസ്റ്റ്മെന്റ്‌ ബാങ്ക്‌ നടത്തിയ സർവേയിൽ 86 ശതമാനം പേരും ആഗോള സാമ്പത്തികമാന്ദ്യം അരികിലെത്തിയെന്ന ആശങ്കയിൽ. കഴിഞ്ഞ വർഷം ശുഭാപ്തി വിശ്വാസികളുടെ ശതമാനം 31 ആയിരുന്നതാണ്‌ ഈ വർഷം രണ്ടുമാസത്തിനുള്ളിൽ 14 ശതമാനമായി നിലംപൊത്തിയത്‌. മുൻകാലങ്ങളിൽ സാമ്പത്തിക ഘടകങ്ങളാണ്‌ മുഖ്യമായും ആഗോളമാന്ദ്യത്തിലേയ്ക്ക്‌ വഴിതെളിച്ചിരുന്നതെങ്കിൽ പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഇപ്പോഴത്തെ സാമ്പത്തികമന്ദ്യത്തിന്റെ മുഖ്യ ഘടകങ്ങളിലൊന്ന്‌ ഇസ്ലാമിക ഭീകരതയ്ക്കെതിരായ യുദ്ധങ്ങളും ഈ പോരാട്ടഭൂമികളായ എണ്ണ സമ്പന്നരാജ്യങ്ങളുടെ ശൈഥില്യവും അസ്വസ്ഥതകളുമാണെന്ന്‌ സർവേയിൽ പങ്കെടുത്ത 36 ശതമാനം പേരും കരുതുന്നുവെന്ന്‌ എമിറേറ്റ്സ്‌ ഇൻവെസ്റ്റ്‌ ബാങ്ക്‌ മേധാവി ഖാലിദ്‌ സിഫ്രി വെളിപ്പെടുത്തി.

 
ആഗോള സാമ്പത്തികമാന്ദ്യത്തിന്‌ വഴിമരുന്നിടുന്നത്‌ എണ്ണവിലത്തകർച്ചയെന്ന്‌ 63 ശതമാനം പേരും കറൻസികളുടെ സ്ഥിരതയില്ലാത്ത ചാഞ്ചാട്ടവും ഓഹരിവിപണികൾ മുതലകൂപ്പുകുത്തുന്നതുമാണെന്ന്‌ 44 ശതമാനം പേരും കരുതുന്നു. ബാങ്കുകളിലെ തിരിച്ചടവിന്റെ വൻ കുറവും വായ്പാ മാന്ദ്യവും ആഗോള സാമ്പത്തികമാന്ദ്യത്തിലേയ്ക്ക്‌ വഴികാട്ടുന്നുവെന്നാണ്‌ 39 ശതമാനത്തിന്റെയും വിലയിരുത്തൽ. ഇന്ത്യയും ചൈനയും ജപ്പാനും ഉൾപ്പെടുന്ന ഏഷ്യയിലെ ഭീമൻ സാമ്പത്തിക ശക്തികൾക്ക്‌ കാലിടറുന്നതും ആഗോളമാന്ദ്യത്തിന്റെ ആക്കം വർധിപ്പിക്കുമെന്ന നിരീക്ഷണമാണ്‌ ലോക ബാങ്കിനും അന്താരാഷ്ട്ര നാണയനിധിക്കുമുള്ളത്‌. വ്യാവസായിക, വാണിജ്യമേഖലകളിലെ നിക്ഷേപം ഗൾഫ്‌ മേഖലയിൽ പോലും ഗണ്യമായി കുറഞ്ഞത്‌ ആശങ്കപടർത്തുന്നു.

 
എന്നാൽ വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യത്തിൽ പിടിച്ചുനിൽക്കുന്നത്‌ ദുബായും അബുദാബിയുമടങ്ങുന്ന ഏഴ്‌ യുഎഇ എമിറേറ്റുകളും ഖത്തറും മാത്രമായിരിക്കുമെന്ന്‌ ബാങ്ക്‌ ഓഫ്‌ ഇന്റർ നാഷണൽ സെറ്റിൽമെന്റിന്റെ നാണയ-സാമ്പത്തിക വിഭാഗം മേധാവി ക്ലാഡിയോ ബോറിയോ പ്രവചിക്കുന്നു. ഗൾഫ്‌ സഹകരണ കൗൺസിൽ രാഷ്ട്രങ്ങളിലെ 80 ശതമാനവും സാമ്പത്തികമാന്ദ്യം തങ്ങളെ ഏശില്ല എന്ന ശുഭാപ്തി വിശ്വാസക്കാരാണെന്ന്‌ സർവേയിൽ വെളിവായി. ഗൾഫിൽ ജീവിക്കുന്നവർ ഇപ്പോൾ മുതൽ മുൻകരുതലുകൾ എടുക്കുന്നത് നന്നായിരിക്കും. ആർഭാടങ്ങൾ കുറച്ചും പണം സ്വരൂപിച്ചും ഉള്ള പണം ലാഭകരമായ മറ്റു വഴികളിലേക്ക് തിരിച്ചുവിട്ടും ഒരു പരിധി വരെ ഈ പ്രതിസന്ധി മറികടക്കാൻ സാധാരണക്കാർക്ക് സാധ്യമാണ്. ജോലിക്ക് ഭീഷണിയാകുമെന്ന് തോന്നുന്നവർ ഇപ്പോൾ തന്നെ മറ്റു സുരക്ഷിതമായ ജോലികളിലേക്ക് മാറുന്നതിനെപ്പറ്റി ചിന്തിക്കുന്നത് നല്ലതാണെന്ന് എന്നും സർവെയിൽ പറയുന്നു 

 
ലോക ബാങ്കിങ്‌ മേഖലയുടെ തകർച്ച ഭയാനകമാണെന്ന്‌ അന്താരാഷ്ട്ര നാണയനിധിയുടെ സാമ്പത്തിക സ്ഥിതിവിവര വിഭാഗത്തിന്റെ വിലയിരുത്തൽ. ലോകത്ത്‌ കഴിഞ്ഞ വർഷം വായ്പകളിൽ ഉണ്ടായ 24 ശതമാനം വളർച്ച രണ്ടുമാസത്തിനുള്ളിൽ പൂജ്യത്തിനും താഴെയായി. അമേരിക്കയിൽ 27 ശതമാനം വളർച്ച മൈസ്‌ 9 ശതമാനമായി നിപതിച്ചു. യൂറോപ്പിലും ഏഷ്യയിലും ഈ ദയനീയ സ്ഥിതിതന്നെയാണ്‌. എന്നാൽ ഇടതുപക്ഷങ്ങൾ നിരവധി പ്രമുഖരാജ്യങ്ങളെ നയിക്കുന്ന ലാറ്റിനമേരിക്കയിലെ ബാങ്കിങ്‌ മേഖല ഏറെക്കുറെ ഭദ്രമാണെന്ന കൗതുകകരമായ കണ്ടെത്തലും അന്താരാഷ്ട്ര നാണ്യനിധിയുടേതാണ്‌.

 
അമേരിക്കയിലേയും യൂറോപ്പിലേയും സമ്പദ്‌വ്യവസ്ഥകളിലെ കടുത്ത സമ്മർദ്ദങ്ങൾ അടിസ്ഥാന വികസന സൗകര്യങ്ങളിലെ സ്തംഭനാവസ്ഥ എന്നിവയാണ്‌ സാമ്പത്തിക മാന്ദ്യത്തിലേയ്ക്കുള്ള ഗതിവേഗം കൂട്ടുന്നതെന്ന്‌ അന്താരാഷ്ട്ര നാണയനിധിയുടെ ഒന്നാം ഡെപ്യൂട്ടി എം ഡി ഡേവിഡ്‌ ലിപ്റ്റൻ മുന്നറിയിപ്പ്‌ നൽകുന്നു. പിക്റ്റെറ്റ്‌ അസറ്റ്‌ മനേജ്മെന്റ്‌ സ്റ്റ്രാറ്റജി യൂണിറ്റിന്റെ മുഖ്യ സാമ്പത്തിക തന്ത്രജ്ഞനായ ലൂക്കാ പാവോലിനിയും ആഗോള സാമ്പത്തിക മാന്ദ്യത്തിലേയ്ക്കുതന്നെയാണ്‌ വിരൽചൂണ്ടുന്നത്‌.
കടപ്പാട് : കെ. രംഗനാഥ്

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments