സ്വകാര്യവിവരങ്ങള്‍ പരസ്യമാക്കുമെന്ന ഭീഷണിയുമായി ഇ-മെയില്‍ സ്‌കാം മെസേജുകൾ പടരുന്നു; സന്ദേശം കിട്ടിക്കഴിഞ്ഞാൽ ചെയ്യേണ്ടതിങ്ങനെ:

സ്വകാര്യ ഡാറ്റകള്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണിയുമായി ഇ മെയില്‍ സ്‌കാം മെസേജുകള്‍. താന്‍ മികച്ച കോഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയെത്തുന്നവയാണ് ഈ ഭീഷണിമെയിലുകള്‍. ആര്‍ക്കാണോ മെയില്‍ അയക്കുന്നത്, അയാളുടെ അക്കൗണ്ടില്‍നിന്നുതന്നെയാകും മെയിലെത്തുക. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഭീഷണിപ്പെടുത്തുന്നയാളെ ബോധ്യപ്പെടുത്താനുള്ള കുറ്റവാളിയുടെ തന്ത്രമാണിത്.

ആറുമാസമായി ട്രോജന്‍ വൈറസ് മുഖേന എല്ലാ ഇന്റര്‍നെറ്റ് ബ്രൗസിങ്ങും സാമൂഹ്യമാധ്യമങ്ങളിലെ ഓരോ ചലനങ്ങളും വീക്ഷിക്കുകയാണെന്നും അതെല്ലാം ഹാക്ക് ചെയ്ത് ഡാറ്റ കരസ്ഥമാക്കിയിട്ടുണ്ടെന്നുമാണ് ഭീഷണി. ഇത് വിശ്വസിപ്പിക്കാന്‍ തന്ത്രപരമായ വാചകങ്ങളാണ് കുറ്റവാളി ഉപയോഗിക്കുന്നത്. ചിത്രങ്ങളും വീഡിയോ ചാറ്റിങ്ങും അശ്ലീല സൈറ്റുകളിലേതുള്‍പ്പെടെ എല്ലാ ബ്രൗസിങ് ഹിസ്റ്ററിയും സാമൂഹ്യമാധ്യമങ്ങളിലെ സ്വകാര്യ നിമിഷങ്ങളും കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവരുടെ വിവരങ്ങളും പരസ്യമാക്കുമെന്നാണ് ഭീഷണി.

ഇത്തരത്തിലുള്ള മെസേജ് ലഭിച്ചുകഴിഞ്ഞാല്‍ ഭയപ്പെടാതെ അത് സൈബര്‍ സെല്ലിനെ അറിയിക്കേണ്ടതാണെന്ന‌് സൈബര്‍ പൊലീസ‌് പറഞ്ഞു. മാല്‍വേര്‍ റീമൂവല്‍ ടൂള്‍ ഡൗണ്‍ലോഡ് ചെയ്ത് സിസ്റ്റം സുരക്ഷിതമാക്കുന്നതിനൊപ്പം പാസ്‌വേര്‍ഡുകള്‍ മാറ്റുന്നതും നല്ലതാണ്.