
തേപ്പുകാരി/ തേപ്പുകാരന്‍ എന്ന വിളി പേടിച്ച് ടോക്‌സിക്കായ ഒരു ബന്ധം തുടരേണ്ട കാര്യമില്ലെന്നും അങ്ങനെ ചെയ്‌താല്‍ അത് വലിയ മാനസിക തകര്‍ച്ചയ്‌ക്ക് കാരണമാകുമെന്നും നടൻ ബാലയുടെ ഭാര്യ എലിസബത്ത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എലിസബത്ത് ഇക്കാര്യങ്ങ പറഞ്ഞത്.
ചാനലിൽ പറയുന്നതിങ്ങനെ:
“പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്. സിനിമകളില്‍ എല്ലാം പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിക്കാറുണ്ട്. ‘അനാര്‍ക്കലി’ പോലുള്ള സിനിമകളും അതിലെ ഡയലോഗുകളും എല്ലാം കണ്ടാല്‍ പ്രണയം ഇത്രയും ദിവ്യവും മനോഹരവുമാണോ എന്നൊക്കെ തോന്നും, ഞാനും ‘അനാര്‍ക്കലി’ സിനിമയുടെ വലിയ ആരാധികയാണ്. ഡയലോഗുകള്‍ എല്ലാം എനിക്ക് കാണാപാഠവും ആണ്. രണ്ടാം വര്‍ഷം എംബിബിഎസിനു പഠിക്കുമ്ബോഴാണ് ആ സിനിമ കാണുന്നത്.
എന്നാല്‍ സിനിമയില്‍ കാണുന്നത് പോലെ ഒന്നും ആയിരിക്കില്ല പ്രണയം. എല്ലാവരും പറയുന്നത് പോലെ പ്രണയിക്കുമ്ബോള്‍ ജാതിയും മതവും പ്രായവും ദേശവും ഒന്നും നോക്കാന്‍ പാടില്ല. അങ്ങനെയാണെങ്കില്‍ അറേഞ്ച്ഡ് മാര്യേജ് ആക്കിയാല്‍ പോരെ. പിന്നെ പ്രണയിക്കുമ്ബോള്‍ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം പ്രണയം സിനിമയില്‍ കാണുന്നത് പോലെ അത്രയും മനോഹരം ആയിരിക്കില്ല.
നമ്മുടെ പ്രണയത്തില്‍ നമ്മള്‍ മാത്രം ആയിരിക്കില്ല. അതിലേക്ക് വില്ലന്മാരും വില്ലത്തിക്കളും എല്ലാം വന്നേക്കാം. അത് മാത്രവുമല്ല പ്രണയിക്കുന്നവര്‍ രണ്ട് പേരും തമ്മിലും ഒരുപാട് സ്വരചേര്‍ച്ചകള്‍ ഉണ്ടാവും. ചിലപ്പോള്‍ കാമുകന്‍ ടോക്‌സിക് ആയിരിക്കും, കാമുകിയുടെ സ്വഭാവം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതാവാം. അതൊക്കെ നമ്മള്‍ തിരിച്ചറിയുന്നത് കുറച്ച് കാലം കഴിഞ്ഞിട്ടാവും. പ്രണയിക്കുന്ന ആളുടെ സ്വഭാവവും അയാള്‍ ചെയ്തുകൊണ്ടിക്കുന്ന കാര്യങ്ങളും, അയാളുടെ ബന്ധങ്ങളും എല്ലാം അറിയാന്‍ നമുക്ക് സമയം എടുക്കും.
അപ്പോഴേക്കും പ്രണയിച്ചു പോയതിനാല്‍ നാട്ടുകാര്‍ എന്ത് പറയും, തേപ്പുകാരി/ തേപ്പുകാരന്‍ എന്ന വിളി വരുമോ, ഇവള്‍ക്ക് /ഇവന് ഇത് തന്നെയാണ് പണി എന്ന് ആളുകള്‍ പറയുമോ എന്നൊക്കെ ചിന്തിച്ച് നമ്മള്‍ ആ ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ തന്നെ തുടര്‍ന്നേക്കാം. പക്ഷേ അതിന്റെ ആവശ്യം ഇല്ല.
ചുരുക്കി പറഞ്ഞാല്‍, സിനിമകളിലെ പ്രണയം കണ്ട് ഇന്‍സ്‌പെയര്‍ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാന്‍ ഒന്നും നില്‍ക്കേണ്ട. പ്രണയിക്കുന്നത് തെറ്റാണ് എന്നതല്ല, അമിതമായ പ്രതീക്ഷകള്‍ വയ്ക്കരുത്. ഇനി അഥവാ ആ പ്രണയ ബന്ധം നല്ല രീതിയില്‍ പോയില്ല എങ്കില്‍ സമൂഹത്തെ പേടിച്ച് ആ ടോക്‌സിക് റിലേഷനില്‍ തുടരേണ്ടതില്ല എന്നതാണ് രത്‌ന ചുരുക്കം.
ഒരു പ്രണയ ബന്ധത്തില്‍ നമ്മള്‍ ഏര്‍പ്പെടുമ്ബോള്‍ ഒരുപാട് ഇന്‍വസ്റ്റുകള്‍ നമ്മള്‍ നടത്തിയിട്ടുണ്ടാവും. അത് പണമാകാം സമയമാകാം സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ആകാം. വീട്ടുകാരെയും നാട്ടുകാരെയും സുഹൃത്തുക്കളെയും എല്ലാം വെറുപ്പിച്ചിട്ടാവും പ്രണയിക്കുന്നത് പോലും. അങ്ങനെ ഒരു ബന്ധത്തില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ പ്രയാസം ആയിരിക്കും. എന്നിരുന്നാലും പരസ്പരം മനസ്സിലാക്കാന്‍ പറ്റിയില്ല എങ്കില്‍ വേര്‍പിരിയുക. വിഷമം ഉണ്ടാവും. ഡിപ്രഷനിലേക്ക് പോകാന്‍ സാധ്യതയുണ്ട്. എന്നാലും അതിനെ അതിജീവിക്കുക.”