നിങ്ങൾ പുറത്തിറങ്ങുമ്പോൾ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ സൂക്ഷിക്കൂ; ദുബായ് പോലീസിന്റെ ഈ മുന്നറിയിപ്പ് പ്രവാസികൾ മറക്കരുത്

വിനോദസഞ്ചാരികള്‍ക്കു മുന്നറിയിപ്പുമായി ദുബായ് പോലീസ്. വിനോദ സഞ്ചാരികളില്‍ നിന്നും പണം തട്ടുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പുതിയ കറന്‍സി വിനിമയ നിരക്കുകള്‍ എത്രയാണെന്ന് അറിയുമോ എന്ന് ചോദിച്ച്‌ വിനോദ സഞ്ചാരികളെന്ന വ്യാജേനയാണ് ഇവര്‍ ആളുകളെ കബളിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു. നോട്ടുകളെക്കുറിച്ചും എക്സ്ചേഞ്ച് നിരക്കുകളെക്കുറിച്ചും ചോദിക്കുന്ന അപരിചിതരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. ഇവരുടെ പ്രവര്‍ത്തനം എത്തരത്തിലാണെന്നത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല. മറിച്ച്‌ ഇത്തരക്കാരെ സൂക്ഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.