വഴിയിൽ തനിച്ചായിപ്പോയ ഇന്ത്യൻ വിദ്യാർത്ഥിക്ക് രക്ഷകരായത് ദുബായ് പോലീസ്: കയ്യടിച്ച് സോഷ്യൽ മീഡിയ: സംഭവം ഇങ്ങനെ:

74

റോഡില്‍ തനിച്ചായി പകച്ചുപോയ അഞ്ചുവയസുകാരന് രക്ഷകരായി ദുബായ് പോലീസ്. ദുബൈ ഇന്റര്‍നാഷനല്‍ സിറ്റിയിലാണ് സംഭവം. സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കുട്ടി പുസ്തക സഞ്ചി തൂക്കി റോഡരികിലൂടെ അലക്ഷ്യമായി നടന്നുപോകുന്നത്കണ്ട പോലീസ് ഉടന്‍ വാഹനം നിര്‍ത്തി കുട്ടിയുടെ അരികിലെത്തി. കുട്ടിയുടെ ബാഡ്ജ് പരിശോധിച്ചപ്പോള്‍ ഏത് സ്‌കൂളിലാണ് പഠിക്കുന്നത് എന്ന് മനസിലായി. സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞു.

സ്‌കൂള്‍ വിട്ടശേഷം മറ്റു കുട്ടികളെയല്ലാം കൃത്യസ്ഥലത്ത് ഇറക്കിയെങ്കിലും കിന്‍ഡര്‍ ഗാര്‍ടനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയെ ബസില്‍ തന്നെ മറന്നുപോവുകയായിരുന്നുവെന്ന് റാശിദിയ്യ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. സഈദ് ഹമദ് ബിന്‍ സുലൈമാന്‍ അല്‍ മാലിക് പറഞ്ഞു. കുട്ടിയെ പിന്നീട് റാശിദിയ്യ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി മാതാപിതാക്കളെ ക്ഷണിച്ചുവരുത്തുകയായിരുന്നു.