HomeUncategorized'ഈ ചെറിയ നടന്‍മാര്‍ക്കു പകരം വലിയ താരങ്ങളുടെ ഇഷ്യൂസ് വരുമ്പോഴും ഈ ഉത്സാഹം കാണണം' ;...

‘ഈ ചെറിയ നടന്‍മാര്‍ക്കു പകരം വലിയ താരങ്ങളുടെ ഇഷ്യൂസ് വരുമ്പോഴും ഈ ഉത്സാഹം കാണണം’ ; സിനിമാ സംഘടനകൾക്കെതിരെ സംവിധായകൻ വിനയൻ

മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ പ്രതിഷേധം നടത്തുകയും അതിനെ തുടര്‍ന്നുള്ള കോടതി നടപടികളിൽ വിജയം നേടുകയും ചെയ്ത സംവിധായകനാണ് വിനയന്‍. താരങ്ങള്‍ സിനിമയെ നിയന്ത്രിക്കുന്ന സമ്ബ്രദായം അവസാനിക്കേണ്ടതുണ്ടെന്നു സംവിധായകന്‍ വിനയന്‍ പറയുന്നു. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് സിനിമാ സംഘടനകള്‍ നിസ്സഹകരണം ഏര്‍പ്പെടുത്തിയവിഷയത്തിൽ സോഷ്യൽ മീഡിയയിലാണ് വിനയന്റെ പ്രതികരണം.

വിനയന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

മലയാള സിനിമയില്‍ നഷ്ടപ്പെട്ടു പോയ അച്ചടക്കം തിരിച്ചു പിടിക്കുന്ന നടപടികളുടെയും ശുദ്ധീകരണത്തിന്‍െറയും കാലമാണല്ലോ ഇപ്പോള്‍..

കാശു മേടിച്ച്‌ അക്കൗണ്ടിലിട്ടിട്ട് നിര്‍മ്മാതാവിനേം സംവിധായകനേം കൊഞ്ഞനം കുത്തിക്കാണിക്കുന്ന നടനാണേലും നടിയാണേലും അവരെ വരച്ച വരയില്‍ നിര്‍ത്തണമെന്നു തന്നെയാണ് എന്‍െറ അഭിപ്രായം…

സിനിമാ സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനൊക്കെ എതിരെ ശക്തവും നിഷ്പക്ഷവുമായ നടപടി ഉണ്ടാകണമെന്ന കാര്യത്തില്‍ സിനിമയേ സ്നേഹിക്കുന്ന ആര്‍ക്കും സംശയമുണ്ടാകില്ല..
മുപ്പതു വര്‍ഷത്തിലേറെ മലയാള സിനിമയില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രകാരന്‍ എന്ന നിലയിലും.. കുറേ നാളുകള്‍ ചില സംഘടനകളുടെ ഭാരവാഹിയായി ഇരുന്ന വ്യക്തി എന്ന നിലയിലും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുകളും അനുഭവസമ്ബത്തും ഒക്കെ ഉണ്ടങ്കിലും.. ഇപ്പൊ നടക്കുന്ന കാര്യങ്ങളൊക്കെ വീക്ഷിച്ച്‌ മൗനമായിട്ടിരിക്കാം എന്ന തീരുമാനത്തില്‍ ആയിരുന്നു ഞാന്‍. അതിനിടയിലാണ് ഇന്നലെ ഡല്‍ഹിയിലുള്ള അഡ്വ ഹര്‍ഷദ് ഹമീദ് എന്നെ വിളിക്കുന്നത്.. ഇന്ത്യന്‍ കോംപറ്റീഷന്‍ കമ്മീഷനിലും അതു കഴിഞ്ഞ് സിനിമാ സംഘടനകള്‍ CCI യുടെ വിധിക്കെതിരെ അപ്പീലു പോയപ്പോള്‍ സുപ്രീം കോടതിയിലും എനിക്കു വേണ്ടി വാദിച്ച വക്കീലാണ് ആലുവാക്കാരന്‍ ശ്രീ ഹര്‍ഷദ്.
‘ഇക്കാര്യങ്ങളില്‍ പലരും ഇപ്പോള്‍ പറയുന്നതിന് അപ്പുറമുള്ള താങ്കളുടെ എക്സ്പീരിയന്‍സ് പങ്കു വയ്കണമെന്ന് ‘ സിനിമാസ്വാദകന്‍ കൂടി ആയ ശ്രീ ഹര്‍ഷദ് ഹമീദ് നിര്‍ബന്ധ പൂര്‍വ്വം പറഞ്ഞപ്പോള്‍ എന്‍െറ തീരുമാനം മാറ്റി ഒരു കുറിപ്പെഴുതാമെന്നു കരുതി..

എന്നേയും എന്‍െറ അമ്മയേയും എഡിറ്റു ചെയ്ത പോര്‍ഷന്‍ കാണിച്ച്‌ ബോദ്ധ്യപ്പെടുത്തിയാലേ ഞാനിനി അഭിനയിക്കാന്‍ വരൂ എന്ന് പ്രത്യേകിച്ച്‌ ഒരു മാര്‍ക്കറ്റുമില്ലാത്ത ഷെയിന്‍ നിഗം എന്ന നടന്‍ പോലും പറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയെങ്കില്‍ അതിനേക്കുറിച്ച്‌ സംഘടനാ നേതാക്കള്‍ ഇപ്പോ വിലപിച്ചിട്ടു കാര്യമില്ല.. പല രീതിയിലും താരാധിപത്യം വഷളാക്കി വളര്‍ത്തിയതില്‍ തങ്ങള്‍ക്കുള്ള പങ്കിനെപ്പറ്റി അവര്‍ പശ്ചാത്തപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്..

ഡേറ്റ് കൊടുത്തിട്ട് കൃത്യ സമയത്ത് ഷുട്ടിംഗിനെത്തുന്നില്ല എന്ന പരാതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ ഉള്ളത്. അക്ഷന്തവ്യമായ തെറ്റു തന്നെയാണത്.. സംശയമില്ല. സംഘടനാ നേതൃത്വത്തിലുള്ളപ്പോ ഇത്തരം അച്ചടക്ക ലംഘനങ്ങളെ ഞാന്‍ ശക്തമായി എതിര്‍ത്തിരുന്നു എന്ന കാര്യം മലയാള സിനിമയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്..

2006 ല്‍ മുഴുവന്‍ പ്രതിഫലവും അഡ്വാന്‍സായി വാങ്ങി എഗ്രിമെന്‍റിട്ട് ഡേറ്റു കൊടുത്ത ഒരു നടന്‍ 2008 ആയിട്ടും ഡയറക്ടറേയും പ്രൊഡ്യുസറേയും നായയെ പോലെ പുറകേ നടത്തിക്കുന്നു എന്ന ഒരു പരാതി സീനിയര്‍ സംവിധായകന്‍ തുളസീദാസ് അന്ന് സംഘടനാ സെക്രട്ടറി ആയ എന്‍െറ അടുത്തു തന്നപ്പോള്‍ സംഘടനയുടെ ജനറല്‍ ബോഡി വിളിച്ചൂ കൂട്ടി പ്രസ്തുത നടന്‍ ( ശ്രീ ദിലീപ്) മൂന്നു മാസങ്ങള്‍ക്കകം ആ പ്രശ്നം പരിഹരിക്കണം എന്നു പറഞ്ഞപ്പോള്‍( അല്ലാതെ സിസ്സഹകരണമോ വിലക്കോ ഒന്നും അല്ലന്നോര്‍ക്കണം) ഇപ്പഴത്തെ ഈ സംഘടനാ നേതാക്കള്‍ എല്ലാരും തന്നെ ആ നടന്‍െറ കൂടെ നില്‍ക്കുകയും.. ഞാന്‍ സെക്രട്ടറി ആയിരുന്ന ആ സംഘടന പിളര്‍ത്തി വിലക്കുകളൊന്നുമില്ലാത്ത ഒരു സംഘടന ഈ താരങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കുകയും, എന്നെ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ കെട്ടു കെട്ടിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്ത ചരിത്രം ഇന്നും ഏറെ വേദനെയോടെയാണ് ഞാനോര്‍ക്കുന്നത്.. നിങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ എന്താവേശത്തോടെ എന്തെല്ലാം കള്ളങ്ങളും വ്യക്തി ഹത്യയുമാണ് എന്നെ കുറിച്ച്‌ അന്നു നടത്തിയത്. അച്ചടക്കം വേണമെന്നു പറഞ്ഞ എന്നെ കൊല്ലാനാണ് നിങ്ങള്‍ അന്നു നിന്നത്.. സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയിരുന്ന ആ നടനേ അന്ന് നിങ്ങള്‍ക്കൊക്കെ ആവശ്യമുണ്ടായിരുന്നു..
അതുമാത്രമല്ല സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവന്‍െറ കൈ വെട്ടാന്‍ നിങ്ങളെല്ലാം ഒറ്റക്കെട്ടായി തയ്യാറായിരുന്നു. അതായിരുന്നു അന്നത്തെ മിക്ക പ്രമുഖരുടെയും നയം എന്ന കാര്യം മറക്കണ്ട. ദീതസ്തംഭം മഹാശ്ചര്യം നമുക്കും ഒരു ഡേറ്റ് തരുമോ എന്ന അവസ്ഥ.. വന്‍കിട താരങ്ങള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയില്ല എന്നു പറഞ്ഞ് മീറ്റിംഗില്‍ നിന്ന് ഇറങ്ങിപ്പോയ നേതാവിനെ നിങ്ങള്‍ക്കു മറക്കാന്‍ പറ്റുമായിരിക്കും പക്ഷേ എനിക്കതു പറ്റില്ല.

എന്‍െറ കരിയറിനെയും.. സാമ്ബത്തികമായി എന്‍െറ കുടുംബത്തെയും തകര്‍ത്തേ അടങ്ങു എന്ന വാശി കണ്ടപ്പോഴാണല്ലോ എനിക്കു നിയമത്തിന്‍െറ പുറകേ പോകേണ്ടി വന്നത്..
സുപ്രീം കോടതി വരെ നിങ്ങളും ഞാനും ശക്തിയുക്തം വാദിച്ചു.. എന്നെപ്പറ്റി പറഞ്ഞ അസത്യങ്ങളും വ്യക്തിഹത്യകളും എല്ലാം സ്വയം വിഴുങ്ങിയ നിങ്ങള്‍ക്ക് കോടതിയില്‍ നിന്നേറ്റ പ്രഹരത്തേപ്പറ്റി ഞാന്‍ പായേണ്ടതില്ലല്ലോ?

എല്ലാ നേതാക്കളും സംഘടനാ പരമായും വ്യക്തിപരമായും ലക്ഷങ്ങളും പതിനായിരങ്ങളും പിഴ അടക്കേണ്ടി വന്നു.. ആരുടെയും പേരെടുത്ത് ഞാനിവിടെ പറയുന്നില്ല.. എല്ലാവരും ഇന്നെന്‍െറ സുഹൃത്തുക്കളാണ്.. ചില സംഘടനകളെ അറിഞ്ഞുകൊണ്ടു തന്നെ ഒഴിവാക്കിയതാണ്.. അല്ലാതെ ആ നേതാക്കള്‍ക്കെതിരെയുള്ള തെളിവുകളും രേഖകളും ഒന്നും ഇല്ലാഞ്ഞിട്ടല്ല.. ഇന്നും ഇതെല്ലാം ഞാന്‍ സുക്ഷിക്കുന്നുണ്ട് ഇടയ്കിടെ ചുമ്മാ എടുത്തു വച്ചു നോക്കും ഒരു ധര്‍മ്മയുദ്ധം നടന്ന കുരുക്ഷേത്രത്തിന്‍െറയോര്‍മ്മയോടെയും ആവേശത്തോടെയും.. ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടെയാണ് ഞാനാ പ്രതിബന്ധങ്ങളെ ഒക്കെ തരണം ചെയ്തത്. ആ മത്സരത്തില്‍ എന്‍െറ സുഹൃത്തായിരുന്ന നടന്‍ ദിലീപ് തന്നെയാണ് അന്നു ജയിച്ചത്. എറണാകുളത്ത് മാക്ട ഫെഡറേഷന്‍െറ മീറ്റിംഗില്‍ ദിലീപിന്‍െ എഗ്രിമെന്‍റ് വയലേഷന്‍ വിഷയം സംസാരിക്കുമ്ബോള്‍ തന്നെ ആലുവാ പാലസിലിരുന്ന് അതിനെതിരെയുള്ള വമ്ബന്‍ നീക്കങ്ങള്‍ വിജയത്തിലെത്തിക്കാന്‍ ദിലീപിനു കഴിഞ്ഞു.. അന്ന് അര്‍ദ്ധരാത്രി മുതല്‍ സംവിധായക പ്രമുഖരുടെ രാജി നിര നിരയായി ടിവി ചാനലീലുടെ പുറത്തു വിടാന്‍ കഴിഞ്ഞ ആ നടന്‍െറ തന്ത്രജ്ഞതയെ ഞാന്‍ അംഗീകരിക്കുന്നു.. രസ കരമായ ആ കള്ളക്കളികളൊക്കെ പ്രമുഖ സംവിധായകര്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്..

അന്ന് അദ്ദേഹത്തിന് അതു കഴിഞ്ഞത് പണം കൊണ്ടും, തന്‍െറ വിപണന മൂല്യമുള്ള താര പദവികൊണ്ടും, തന്നെ കൊണ്ടു കാര്യം കാണാന്‍ നില്‍ക്കുന്ന നിര്‍മ്മാതാക്കളേം സംവിധായകരേം കൂടെ നിര്‍ത്താന്‍ കഴിഞ്ഞതു കൊണ്ടും ആണ്..
അന്ന് എനിക്കേറ്റ ആ പരാജയം ഈ ജന്മത്തിലെ എന്‍െറ വ്യക്തിത്വത്തിന്‍െറയും നിലപാടുകളുടെയും വിജയമായിട്ടാണു ഞാന്‍ കാണുന്നത്. സംഘടനാ കേസിലെ സുപ്രീം കോടതി വിധിയും ഇന്ന് പൊതു സമുഹം എനിക്കു തരുന്ന സ്നേഹവുമൊക്കെ ആ വിജയത്തിന്‍െറ ഭാഗവുമായി ഞാന്‍ കാണുന്നു.. കുറേ കോടികളും പത്രാസും മാത്രമല്ലല്ലോ ജീവിതം..

ഞാനിതു പറഞ്ഞു വന്നത് വേറൊരു കാര്യം വ്യക്തമാക്കാനാണ്. താരങ്ങളുടെയോ സംവിധായകരുടെയോ ഒക്കെ അച്ചടക്ക ലംഘനത്തിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന എടുക്കുന്ന ഏതു നടപടിക്കും എന്‍െറ എല്ലാവിധ പിന്തുണയും ഉണ്ടാവും..
പക്ഷേ ഇന്‍ഡസ്ട്രിയിലെ ഏതു വമ്ബന്‍മാരോ അവര്‍ക്കു വേണ്ടപ്പെട്ടവരോ ആണങ്കിലും.. തെറ്റു കണ്ടാല്‍ ഇതേ ശക്തിയോടെ ഞങ്ങള്‍ പ്രതികരിക്കും എന്നു പറയാന്‍കൂടി സംഘടനാ നേതാക്കള്‍ക്കൂ കഴിയണം. ഈ ചെറിയ നടന്‍മാര്‍ക്കു പകരം വലിയ താരങ്ങളുടെ ഇഷ്യൂസ് വരുമ്ബോ സായിപ്പിനേ കാണുമ്ബോ കവാത്തു മറക്കുന്ന അവസ്ഥയുണ്ടാവരുത്.. എങ്കിലേ ഈ നീക്കത്തിനു സത്യ സന്ധതയുണ്ടാകൂ..

പ്രൊഡ്യുസേഴ്സ് അസ്സോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ രഞ്ജിത്തിന് അതിനുള്ള ആര്‍ജ്ജവവും സത്യ സന്ധതയും ഉണ്ടായിരിക്കാം.. പക്ഷേ കൂടെ ഇരുന്നവരില്‍ ചിലര്‍ സംഘടന ഉപയോഗിച്ച്‌ സ്വന്തം കാര്യം കാണാന്‍ വിരുതരാണന്ന് തെളിയിച്ചിട്ടുള്ളവരാണ്.
ഇപ്പോള്‍ ഉണ്ടായെന്നു പറയുന്ന പ്രശ്നങ്ങളുടെ കാരണം മയക്കു മരുന്നിന്‍െറ ഉപയോഗമാണങ്കില്‍ അതും മറച്ചു വച്ചിട്ടു കാര്യമില്ല.. അങ്ങനെ പോയാല്‍ പുതു തലമുറ കൂടുതല്‍ കുഴപ്പങ്ങളിലേക്കു ചാടാന്‍ അതു കാരണമായേക്കാം..
സിനിമാ നിര്‍മ്മാണത്തിനു ദോഷകരമായ അവസ്ഥയുണ്ടായാല്‍ ആരുടെയും മുഖം നോക്കാതെ ശക്തമായി അതിലിടപെടണം എന്നാണെന്‍െറ അഭിപ്രായം..
ഇപ്പോള്‍ പറയുന്ന ഈ എഗ്രിമെന്‍റ് നടപ്പാക്കാനും.. വലിയവരോ ചെറിയവരോ എന്ന വ്യത്യാസമില്ലാതെ സംഘടനയീല്‍ എല്ലാവര്‍ക്കും ഒരേ നീതി ഉറപ്പാക്കാനും ഒക്കെ പ്രവര്‍ത്തിച്ച ഒരു എളിയ ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്‍െറ അഭിപ്രായങ്ങളും സത്യ സന്ധമായ അനുഭവങ്ങളുടെ ചെറിയ ഒരേടും ഇവിടെ പങ്കു വച്ചെന്നേയുള്ളു..
ആരെയും വിഷമിപ്പിക്കാന്‍ വേണ്ടിയല്ല.. നല്ല സിനിമകള്‍ക്കായി നമുക്കൊന്നിക്കാം..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments