സൗദിയിൽ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷ നിയമലംഘനങ്ങള്‍ നടത്തിയ പതിനായിരത്തിലേറെ വിദേശികളെ നാടുകടത്തി

3

സൗദിയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷ നിയമലംഘനങ്ങള്‍ക്ക് നടപടി നേരിട്ട 9,777 വിദേശികളെ നാടുകടത്തി. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ആറ് വരെയുള്ള ഒരാഴ്ചക്കുള്ളിലാണ് നാടുകടത്തല്‍. ഇതേ കാലയളവില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ 16,250ഓളം വിദേശികളെ ഇതേ നിയമലംഘനങ്ങള്‍ക്ക് പുതുതായി പിടികൂടിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 18 പേര്‍ സൗദി അറേബ്യയില്‍നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച്‌ പിടിക്കപ്പെട്ടു. താമസ, തൊഴില്‍ നിയമലംഘകരെ കടത്തിക്കൊണ്ടു വരികയും അഭയം നല്‍കുകയും ചെയ്തുവന്ന 13 പേരും അറസ്റ്റിലായിട്ടുണ്ട്. ഇതുവരെ 42,269 നിയമലംഘകര്‍ നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അതില്‍ 35,045 പുരുഷന്മാരും 7,224 സ്ത്രീകളുമാണ്. ഇതില്‍ 36,316 പേരുടെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യായങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണ്. 2,004 പേരുടെ യാത്രാനടപടികള്‍ പൂര്‍ത്തിയായി വരുന്നു. 9,343 പേര്‍ താമസ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ചവര്‍ 4,555ഉം തൊഴില്‍ നിയമ ലംഘകര്‍ 2,352ഉം ആണ്. രാജ്യാതിര്‍ത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 785 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 62 ശതമാനം യമനികളും 27 ശതമാനം എത്യോപ്യക്കാരും 11 ശതമാനം മറ്റ് രാജ്യക്കാരുമാണ്.