കരുതിയിരിക്കുക: രാത്രി കൊടുംതണുപ്പ്, പകല്‍ അസഹനീയമായ ചൂട്: ഈ രോഗങ്ങളെ സൂക്ഷിക്കുക

27

പകല്‍ സമയത്തെ ഉയര്‍ന്ന താപനിലയും രാത്രിയിലെ തണുപ്പും രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നുദിവസമായി രാത്രിയിലും പുലര്‍ച്ചെയും സംസ്ഥാനത്ത് തണുപ്പുളള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ പകല്‍ സമയത്ത് അസഹനീയമായ ചൂടാണ്. ഈ പശ്ചാത്തലത്തില്‍ വേനല്‍ക്കാല രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

വേനലിലെപ്പോലെ പകല്‍സമയത്ത് 11 മുതല്‍ 3 വരെയുള്ള സമയത്ത് വെയിലേല്‍ക്കുന്നത് കഴിവതും ഒഴിവാക്കണം.നേത്രരോഗങ്ങള്‍, മഞ്ഞപ്പിത്തം, വൈറല്‍പനി, ടൈഫോയ്ഡ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലമുണ്ടാകുന്ന നിര്‍ജലീകരണം, മൂത്രത്തിലെ അണുബാധ, ചിക്കന്‍പോക്‌സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങള്‍ പടരാനുള്ള സാധ്യതയാണ് ഉയര്‍ന്നിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും വകുപ്പ് നിര്‍ദ്ദേശിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉച്ചസമയത്തെ വെയിലേറ്റു കളിക്കുന്നത് ഒഴിവാക്കണം.
ദിവസവും കുറഞ്ഞത് 3 ലീറ്റര്‍ വെള്ളം കുടിച്ചു എന്നുറപ്പു വരുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.