HomeUncategorized"അന്ന് ഞാൻ ലാലിനുവേണ്ടി വക്കീലായി": മോഹൻലാലിനു പോലുമറിയാത്ത ആ സംഭവം വെളിപ്പെടുത്തി ബാലചന്ദ്രമേനോൻ !

“അന്ന് ഞാൻ ലാലിനുവേണ്ടി വക്കീലായി”: മോഹൻലാലിനു പോലുമറിയാത്ത ആ സംഭവം വെളിപ്പെടുത്തി ബാലചന്ദ്രമേനോൻ !

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചത്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി ആളുകളാണ് മലയാളത്തിന്റെ പ്രിയ നടന് പിറന്നാൾ ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ ലാലിന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായ പഴയ ഒരു ഓർമ്മ പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബാലചന്ദ്രമേനോൻ ആ പഴയ സംഭവം ഓർത്തെടുക്കുന്നത്.

ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഏതാണ്ട് ഒട്ടു മിക്ക ചാനലുകളും സന്നദ്ധ സംഘടനകളും ഫാൻസ്‌ അസോസിയേഷനുകളും കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്നെ വിളിച്ചു മോഹൻലാലിന്റെ അറുപതാം പിറന്നാൾ സംബന്ധിച്ച് ഒരു മെസ്സേജ് ആവശ്യപ്പെട്ടിരുന്നു .എന്നാൽ ഞാൻ വിനയത്തോടെ അതിൽ നിന്നു പിൻമാറി . ഒന്നാമത് മലയാളസിനിമയിൽ മോഹൻലാലുമായി ഏറ്റവും കുറച്ചു സിനിമകളിൽ മാത്രമേ ഞാൻ സഹകരിച്ചിട്ടുള്ളു. ഇക്കഴിഞ്ഞ നാല് പതിറ്റാണ്ടുകൾക്കുള്ളിൽ വിരലിൽ എണ്ണാവുന്ന മീറ്റിങ്ങുകൾ മാത്രമേ ഉണ്ടായിട്ടുമുള്ളൂ . ഞാനും മോഹൻലാലും തിരുവന്തപുരത്ത് പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഞങ്ങൾക്കിടയിൽ ഒരുപാടു സുഹൃത്തുക്കൾ ഉണ്ടായിട്ടും ആർക്കും ഞാൻ മോഹൻലാലുമൊത്തു ഒരു സിനിമ ഉണ്ടാകുന്നത് എന്തുകൊണ്ടോ അത്ര സുഖ പ്രദമായി തോന്നിയിട്ടില്ല . എന്തിനു? ഇത്രയും കാലത്തിനിടയിൽ ആഘോഷിക്കാൻ ഒരു പാട് ചടങ്ങുകൾ എനിക്കുമുണ്ടായി . ലാലിനെ പങ്കെടുപ്പിക്കാൻ ശ്രമങ്ങളും നടത്തി . പക്ഷെ ലാലിന്റെ അകത്തെ വൃന്ദം അതെല്ലാം മുളയിലേ നുള്ളി . ഒന്ന് രണ്ടു മീറ്റിങ്ങുകൾ തയ്യാറായി വരവേ അത് തടസ്സപ്പെടുത്താൻ എന്റെ സിനിമാസ്നേഹിതർ തന്നെ പാട് പാടുന്നത് കണ്ടപ്പോൾ , ഞാൻ പിന്നെ ലാലിനെ പിന്തുടരാൻ പോയിട്ടില്ല .സിനിമയിലെ എന്റെ നിലനിൽപ്പിനു ഞാൻ ആരെയും തുറുപ്പു ചീട്ടാക്കിയിട്ടില്ല എന്നതും എന്റെ സിനിമകളുടെ താര നിര പരിശോധിച്ചാൽ അറിയാം. എന്നാൽ ഞാനും ലാലും ഒത്ത ദിനങ്ങളിൽ ഉണ്ടായ ഒരു സൗഹൃദത്തിന്റെ ഈറൻ ഇപ്പോഴും എന്റെ മനസ്സിലുണ്ട് .

അമ്മയുടെ മീറ്റിങ്ങിൽ കാണുമ്പോഴും ,ആരാധകരാലും ആവശ്യക്കാരാലും ചുറ്റപ്പെട്ടു ഏവരെയും തൃപ്തിപ്പെടുത്താൻ ലാൽ പണിപ്പെടുന്നതിനിടയിലും പ്രസാദന്മകമായ തന്റെ ചിരികൊണ്ടും ഒരു കണ്ണിറുക്ക്‌ കൊണ്ടും ലാൽ എന്നെ സന്തോഷവാനാക്കും .

‘ഭാവുകങ്ങൾ നേരുന്നു’ എന്നൊരു വാക്കിൽ തീരുന്ന മെസ്സേജ് എനിക്കൊന്നുമാവുന്നില്ല .നിങ്ങളാരും അറിയാത്ത മോഹൻലാലിന് പോലും അറിയാത്ത ഒരു രസകരമായ സംഗതിയുടെ സൂചന തരാം . ‘പത്തിരുപതു’ വർഷത്തെ ദീർഘമായ പരിശ്രമം കൊണ്ടു 2012 ജൂലൈ 29 ന് ബാർ കൌൺസിൽ എന്നെ വക്കീലായി വിളംബരം ചെയ്തു . എന്നാൽ വർഷങ്ങൾക്കു മുൻപ് 1981 ൽ ഞാൻ മോഹൻലാലിന് വേണ്ടി വക്കീലായി രാത്രിയും പകലുമായി പല ദിവസങ്ങളിലും പണ്ഡിത സദസ്സിനു മുൻപിൽ, മോഹൻ ലാലിന്റെ നടന വൈഭവത്തെ പറ്റി പറഞ്ഞു ബോധിപ്പിക്കലായിരുന്നു. അതിനു വേണ്ടി മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞാൻ നടത്തിയ ശ്രമങ്ങൾ ലോകം അറിയാത്ത കഥയാണ് .ലാലിന്റ ചീട്ട് കീറും എന്ന് പൂർണ്ണ ബോധ്യം വന്നപ്പോഴാണ് ഞാൻ സംവിധായന്റെ വേഷം മാറി വക്കീലായതു . അതേത്തുടർന്നുണ്ടായ പ്രശ്നങ്ങൾ ഞാൻ നേരിട്ടത് , പറഞ്ഞാൽ മാത്രമേ അത് കൂടുതൽ ബോധ്യമാക്കാൻ പറ്റൂ .അതുകൊണ്ടു തന്നെ “filmy Fridays ” SEASON 3 ൽ അതേപ്പറ്റി വ്യക്തമായി പരാമർശിക്കാം. എന്തായാലും എന്റെ അഭിഭാഷകനായുള്ള ലാലറിയാതെയുള്ള പ്രകടനം ഒരു വലിയ നടന്റെ തുടക്കത്തിൽ സഹായമായല്ലോ എന്ന് ഞാൻ ആശ്വസിക്കുന്നു . ഒരു പിറന്നാൾ ദിനത്തിൽ എനിക്ക് ലാലുമായി പങ്കിടാൻ ഇതിലും മധുരമായ എന്തുണ്ട് !

പ്രിയപ്പെട്ട ലാൽ ,ഇന്നത്തെ ദിവസം നിങ്ങൾ അഭിനനന്ദനങ്ങൾ കൊണ്ട് വീർപ്പു മുട്ടുകയാണ് എന്നെനിക്കറിയാം . എന്നാൽ ഇത് നിങ്ങൾ നിങ്ങളുടെ പ്രതിഭകൊണ്ടും അദ്ധ്വാനം കൊണ്ടും നേടിയെടുത്തതുമാണ് .ഒരു നായകന്റെ രൂപത്തോടെയല്ല നിങ്ങൾ വന്നത് . എന്നാൽ നിങ്ങൾ അതിനെ നായകരൂപമാക്കിമാറ്റി ഒരു മോഹൻലാൽ സ്വാഭാവമുണ്ടാക്കിയെടുത്തു . അതൊരു നിസ്സാര കാര്യമല്ല . ലാലേട്ടൻ എന്ന പ്രയോഗം യുവജനങ്ങൾക്കിടയിൽ ഒരു മുദ്രാവാക്യമാക്കി മാറ്റിയില്ലേ നിങ്ങൾ?

നിങ്ങൾ മിടുക്കനാണ് ..
ഭാഗ്യവാനാണ് …
കുട്ടിക്കാലത്തു മിടുക്കന്മാരായ കുട്ടികളെ ചൂണ്ടി പ്രായമുള്ളവർ പറയും
“ദേ കണ്ടു പഠിക്കടാ …’
അഭിനയത്തിൽ താൽപ്പര്യത്തോടെ വരുന്നവരോട് നമുക്ക് അഭിമാനത്തോടെ മോഹൻലാലിനെ ചൂണ്ടി എന്നും പറയാം …
“ദേ കണ്ടു പഠിക്ക് …”!

that’s ALL your honour!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments