ഓട്ടിസം ബാധിച്ച കുട്ടികളില്‍ സംഗീതം വരുത്തുന്ന അത്ഭുതകരമായ മാറ്റത്തെക്കുറിച്ച് പുതിയ പഠനം പുറത്ത്

ഓട്ടിസം ബാധിച്ച കുട്ടികളുടെ ആരോഗ്യത്തിന് പാട്ടു പാടുന്നതും സംഗീതോപകരണങ്ങള്‍ വായിക്കുന്നതുമെല്ലാം ഏറെ ഗുണം ചെയ്യുമെന്ന് കണ്ടെത്തല്‍. ഓട്ടിസം ബാധിച്ച, സ്കൂള്‍ പ്രായമുള്ള കുട്ടികളില്‍ സംഗീത ത്തിന്റെ ഇടപെടല്‍, അവരുടെ ആശയവിനിമയത്തെയും തല ച്ചോറിന്റെ കണക്റ്റിവിറ്റിയെയും മെച്ചപ്പെടുത്തുന്നുവെന്ന് ഉദെംസ് ഇന്റര്‍നാഷണല്‍ ലാബോറട്ടറി ഫോര്‍ ബ്രെയ്ന്‍, മ്യൂസിക് ആന്‍ഡ് സൗണ്ട് (BRAMS), മക്ഗില്‍സ് സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ സയന്‍സസ് ആന്‍ഡ് ഡിസോര്‍ഡേഴ്സ് (SCSD) എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ ഈ പഠനം പറയുന്നു.

ഇതേക്കുറിച്ച്‌ പഠിക്കാന്‍ ഓട്ടിസം ബാധിച്ച, ആറു മുതല്‍ പന്ത്രണ്ടു വയസ്സു വരെ പ്രായമുള്ള 51 കുട്ടികളെ തിരഞ്ഞെടുത്ത് ഇവരില്‍ സംഗീതവുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മൂന്നുമാസക്കാലം നടത്തുകയായിരുന്നു. കുട്ടിയുടെ സാമൂഹ്യമായ ആശയവിനിമയ നൈപുണ്യത്തെ കുറിച്ചും കുട്ടിയുടെ രോഗലക്ഷണങ്ങള്‍ എത്രമാത്രം കൂടുതലാണെന്നതിനെക്കുറിച്ചും രക്ഷിതാക്കള്‍ ഒരു ചോദ്യാവലി പൂരിപ്പിച്ചു നല്‍കി. തലച്ചോറിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ കുട്ടികളുടെ ഒരു എംആര്‍ഐ സ്കാനും എടുത്തു.

കുട്ടികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച്‌ ഒരു കൂട്ടരെ സംഗീതവുമായി ബന്ധപ്പെടുത്തി. വെസ്റ്റ് മൗണ്ട് മ്യൂസിക് തെറാപ്പിയും ഇവര്‍ക്ക് നല്‍കി. സംഗീതഗ്രൂപ്പിലെ കുട്ടികള്‍ പാട്ടു പാടുകയും വിവിധ സംഗീതോപകരണങ്ങള്‍ വായിക്കുകയും ചെയ്തു. കണ്‍ട്രോള്‍ ഗ്രൂപ്പിനെ അപേക്ഷിച്ച്‌ സംഗീതഗ്രൂപ്പില്‍പ്പെട്ട കുട്ടികളുടെ ആശയവിനിമയത്തിനുള്ള കഴിവ് (communication skill) മെച്ചപ്പെട്ടതായി പഠനം പറയുന്നു.