മരങ്ങാട്ടുപള്ളിയിൽ നിന്നും ഹൈടെക്ക് കൃഷിരീതിയുമായി മണ്ണിൽ പൊന്നു വിളയിച്ച് മാത്തുക്കുട്ടി

  കൃഷിയിൽ അധിഷ്ഠിതമായ ജീവിത രീതിയായിരുന്നു ഓരോ കേരളീയനും പിന്തുടർന്നു പോന്നിരുന്നത്. അവന് വേണ്ടതെല്ലാം സ്വയം കൃഷി ചെയ്തിരുന്ന മലയാളി ഇന്ന് ഒരുരുള ചോറിനു വേണ്ടി അന്യദേശക്കാരനെ ആശ്രയിക്കേണ്ട അവസ്ഥയിൽ എത്തി നിൽക്കുന്നു. എന്നാൽ, കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയിൽ പാലക്കാട്ടുമല മാത്തുക്കുട്ടി എന്ന യുവാവിന്റെ ജീവിതം പുതിയ തലമുറയിലെ യുവാക്കൾക്കൊരു മാതൃകയാണ്. വൈറ്റ് കോളർ ജോലി ഉപേക്ഷിച്ച് മണ്ണിനെ തലോടി വിജയം കൈവരിച്ചിരിക്കുകയാണ് മാത്തുക്കുട്ടി. എംകോമും എംബിഎയും കഴിഞ്ഞ മാത്തുക്കുട്ടി എറണാകുളത്തെ ബിഎംഡബ്ലിയൂ ഷോറൂമിന്റെ മാനേജർ ആയിരുന്നു.

  പാരമ്പര്യമായി കൃഷി മുഖ്യ തൊഴിലാക്കിയ കുടുംബത്തിലെ ഒരംഗമാണ് മാത്തുക്കുട്ടി. അതുതന്നെയാണ് തന്നെ കൃഷി ഇത്രമേൽ സ്വാധീനിക്കാൻ കാരണമെന്ന് മാത്തുക്കുട്ടി പറയുന്നു. കുടുംബ സ്വത്തായ 18 ഏക്കർ കൃഷിയിടത്തിൽ പലതരത്തിലുള്ള കൃഷികളാണ് മാത്തുക്കുട്ടിയുടെ നേതൃത്വത്തിൽ മുന്നോട്ടു പോകുന്നത്.ഇറച്ചിക്കോഴിയുടെ മാർക്കറ്റിനെപ്പറ്റി നല്ല അറിവുണ്ടായിരുന്നു മാത്തുക്കുട്ടി തന്റെ ആദ്യ പരീക്ഷണം അവരിൽത്തന്നെയാക്കി. റബ്ബർ തോട്ടങ്ങളായിരുന്ന കൃഷിയിടങ്ങളിൽ ആവശ്യമായ മരങ്ങൾ മാത്രം മുറിച്ചുമാറ്റി കോഴികൾക്കായി കൂടും ഒരുക്കി. മൃഗാശുപത്രിയിൽ നിന്നും ലഭിക്കുന്ന ഒരു ദിവസം മാത്രം പ്രായമുള്ള കോഴികളെ തകിടുവളച്ചു കൂടൊരുക്കി ഉള്ളിൽ അറക്കപ്പൊടി നിരത്തി അതിലാണ് വളർത്തുന്നത്. അമ്മയുടെ ചൂട് ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് കൃത്രിമ ചൂട് നൽകുന്നത് കൂടിനു മുകളിലെ മഞ്ഞ വെളിച്ചമാണ്. കുമ്മായം വിതറി അണുനശീകരണം നടത്തിയ മണ്ണിലേക്ക് കോഴിക്കുഞ്ഞുങ്ങളെ തുറന്നു വിടും. ഇത് ഏറെ ശ്രദ്ധ വേണ്ട സമയമാണ്. വെള്ളത്തിനായി ഡ്രിങ്കിങ് ബൗളും നല്ല തീറ്റയും കൃത്യമായ രോഗ പ്രതിരോധ മരുന്നുകളും നൽകി 45 ദിവസം കൊണ്ട് ഒന്നര, രണ്ടു കിലോ തൂക്കമുള്ള കോഴികളെ ലഭിക്കും. ഒരേസമയം ആറായിരം കോഴികളാണ് മാത്തുക്കുട്ടിയുടെ ഫാമിൽ ചിറകടിക്കുന്നത്.ഇറച്ചിക്കോഴികളിൽ തീരുന്നതല്ല മാത്തുക്കുട്ടിയുടെ കൃഷി സാമ്രാജ്യം. ‘തെങ്ങുംതോട്ടത്തിൽ’ എന്ന പേര് അർഥവത്താക്കുംപോലെ തെങ്ങു കൃഷിയും മാത്തുക്കുട്ടിക്കുണ്ട്. തെങ്ങു കയറാൻ ആളെ കിട്ടില്ല എന്ന് മനസ്സിലാക്കിയതുകൊണ്ട് കുള്ളൻ തെങ്ങുകളാണ് തോട്ടത്തിലെ അംഗങ്ങൾ. തെങ്ങിന്റെ തണലിൽ ചെറുചൂടുപറ്റി ജാതിയും ഉണ്ട്. 100 വർഷം വരെ വിളവുനൽകാൻ കഴിയുന്ന നിത്യ ഹരിത വിളയാണ് ജാതി. വിപണിയറിഞ്ഞു വാഴയും കൃഷി ചെയ്യുന്ന മാത്തുക്കുട്ടിയുടെ തോട്ടത്തിൽ നേന്ത്രൻ, രസകദളി, പാളയംകോടൻ എന്നീ ഇനങ്ങളാണ് ഉള്ളത്.ഹൈടെക്ക് പച്ചക്കറി കൃഷി ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. പോളിത്തീൻ കൂടാരവും മറയുമില്ലാതെ ഓപ്പൺ ഹൈടെക്ക് കൃഷിരീതിയാണ് ഇവിടെയുള്ളത്. മണ്ണിലെ കട്ടയുടച്ച് വേണ്ടത്ര ജൈവ വളവും ചേർത്തിളക്കി മണ്ണിനെ ചെറിയ തട്ടായി തിരിക്കും. വെള്ളത്തിനായി ഡ്രിപ് ട്യൂബുകളും മണ്ണിന്റെ മുകളിൽ ഇടും. വെള്ളവും വളവും കൂട്ടിച്ചേർത്ത ദാഹജലം എമിറ്റർ വഴിയാണ് നൽകുന്നത്. പിന്നീട് മണ്ണിന്റെ മുകളിലായി ഷീറ്റ് വിരിച്ച് ചുറ്റും മണ്ണിട്ട് ഷീറ്റ് ഉറപ്പിക്കും. ഷീറ്റിന്റെ മുകളിൽ കൃത്യമായ അകലത്തിൽ വട്ടത്തിൽ ദ്വാരങ്ങളുണ്ടാക്കി അതിൽ തൈകൾ നടും.കീട നിയന്ത്രണമാണ് പച്ചക്കറി കൃഷിക്കാരനെ അലട്ടുന്ന വലിയ പ്രശ്നം. എന്നാൽ, മാത്തുക്കുട്ടിയുടെ കയ്യിൽ അതിനും മറുവിദ്യയുണ്ട്. കീട നിയന്ത്രണത്തിന് പ്രകൃതിയിലെ സഹായിയായ ശോണനുറുമ്പിനെയാണ് മാത്തുക്കുട്ടി കൂട്ടുപിടിച്ചത്. ഈ ഉറുമ്പിന്റെ കടിയേൽക്കുന്ന കീടം മരണത്തിനു കീഴടങ്ങുന്നു. വളത്തിനായി മറ്റെങ്ങും അലയാതിരിക്കാൻ പശു ഫാം തുടങ്ങി. നാടൻ പശുക്കൾക്കൊപ്പം കാസർഗോഡ് കുള്ളനും ഫാമിലെ നിറസാന്നിധ്യമാണ്. വളത്തിനു മാത്രമല്ല, നല്ല പാലിനും ഇവർ മുന്നിൽ തന്നെയാണ്.കൃഷിയിലെ ലാഭം കൃഷിയിലേക്കുതന്നെ വീണ്ടും ഇറക്കുകയാണ് മാത്തുക്കുട്ടി. ബ്രോയിലർ പന്നി ഫാമാണ് അടുത്തയിനം. യോർക്ക് ഷെയർ ഇനത്തിൽപ്പെട്ട പന്നികളാണ് ഫാമിലുള്ളത്. ഇതിനോടൊപ്പം ആടിനെയും തന്റെ കൃഷിയിടത്തിലേക്ക് കൊണ്ടുവരാനാണ് മാത്തുക്കുട്ടിയുടെ ശ്രമം. അതിനായി കൂടും ഒരുക്കിക്കഴിഞ്ഞു ഈ കർഷകൻ. ഒന്നിൽ മാത്രം കേന്ദ്രീകരിക്കാതെ ഒരേസമയം പലതരത്തിലുള്ള കൃഷികൾ നടത്തുന്ന മിക്സഡ് ഫാമിംഗാണ് മാത്തുക്കുട്ടി പരീക്ഷിക്കുന്നത്. എല്ലാം തന്റെ തോട്ടത്തിൽ തലയെടുപ്പോടെ നിൽക്കുകയാണെന്ന് മാത്തുക്കുട്ടി പറയുന്നു.

  മാലിന്യ നിർമാർജനമാണ് കോഴി, പന്നി ഫാമുകൾ നടത്തുന്ന കർഷകർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. എന്നാൽ, മാത്തുക്കുട്ടിയുടെ ഫാമിൽ മാലിന്യം ഒരു പ്രശ്നമല്ല. ചിക്കൻ പ്രോസസിംഗിന് ശേഷമുള്ള മാലിന്യം പന്നികൾക്ക് വേവിച്ചു കൊടുക്കുകയാണ് പതിവ്. പശു, കോഴി ഫാമുകളിലെ അവശിഷ്ടങ്ങൾ പച്ചക്കറിക്ക് വളമായി ഉപയോഗിക്കുന്നു. പശുമൂത്രം ബയോഗ്യാസ് പ്ലാന്റിലേക്ക് ഉപയോഗിക്കുന്നു. പൂർണ്ണമായും ജൈവ കൃഷിരീതിയാണ് മാത്തുക്കുട്ടി പിന്തുടരുന്നത്.ഇടനിലക്കാരില്ലാതെ, തോട്ടത്തിൽ നിന്നും ഫാമിൽ നിന്നും നേരിട്ട് സാധനങ്ങൾ ആവശ്യക്കാർക്ക് എത്തിക്കുകയാണ് പതിവ്. അതിനായി ചിക്കൻ പ്രോസസ്സിംഗ് യൂണിറ്റും ഫാമിലുണ്ട്. കൃഷി മാന്യത കുറഞ്ഞ തൊഴിൽമേഖലയല്ലെന്നും മണ്ണിനെ ഇഷ്ടപ്പെടുന്നവന് വിജയം കൈവരിക്കാൻ എളുപ്പമാണെന്നും മാത്തുക്കുട്ടി പറയുന്നു. എന്തിനും ഏതിനും താങ്ങും തണലുമായി കുടുംബം മുഴുവനും മാത്തുക്കുട്ടിക്കൊപ്പമുണ്ട്. മണ്ണിനെ നാം സ്നേഹിച്ചാൽ മണ്ണ് നമ്മളെയും സ്നേഹിക്കുമെന്ന് മാത്തുക്കുട്ടിയുടെ വിജയം നമ്മോടു പറയുന്നു.

  നിർദേശങ്ങൾക്കായി മാത്തുക്കുട്ടിയെ ഫോണിൽ ബന്ധപ്പെടാം:
  മാത്തുക്കുട്ടി: 8606165544

  റിപ്പോർട്ട്: ആർ രേണുക