HomeUncategorizedനിങ്ങളുടെ കുട്ടിയുടെ വികൃതി അതിരു കടക്കുന്നുണ്ടോ ?

നിങ്ങളുടെ കുട്ടിയുടെ വികൃതി അതിരു കടക്കുന്നുണ്ടോ ?

boban 2 copy

ചെറുപ്പത്തില്‍ വികൃതികാണിക്കാത്ത കുട്ടികള്‍ ഇല്ലെന്ന് തന്നെ പറയാം . എന്നാല്‍ നിങ്ങളുടെ കുട്ടിയുടെ വികൃതി ഒരല്പം അതിരുകടക്കുന്നതായി  തോന്നിയിട്ടുണ്ടോ? അമിതമായ വികൃതിയും,എടുത്തുചാട്ടവും,പിരുപിരിപ്പും കാരണം പലപ്പോഴും മറ്റുള്ളവരില്‍ നിന്നും നിങ്ങള്‍ക്ക് നിരന്തരം പരാതി കേള്‍ക്കേണ്ടതായി വന്നിട്ടുണ്ടോ ? ഉണ്ടെങ്കില്‍  ഒരു പക്ഷെ അത്   ഹൈപ്പര്‍ കൈനറ്റിക് ഡിസോര്‍ഡര്‍ (Hyperkinetic disorder) അഥവാ അറ്റന്‍ഷന്‍ ഡഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍(Attention Deficit and Hyperactivity Disorder) എന്ന രോഗാവസ്ഥ ആകാനാണ് സാധ്യത .എന്നാല്‍ ഇത്തരം പ്രശ്നങ്ങളെ പലപ്പോഴും സാധാരണ ശ്രദ്ധയില്യായ്മയുടെ പ്രശ്നം മാത്രമായി കണ്ട് മാതാപിതാക്കള്‍ കുട്ടിയെ ശിക്ഷിക്കാനും,കൂടുതല്‍ നിയത്രണം ഏര്‍പ്പെടുത്താനും ശ്രമിക്കുകയാണ്  പലപ്പോഴും പതിവ്. എന്നാല്‍ മറ്റ് ചിലരാകട്ടെ കുട്ടികളിലെ ചെറുപ്രായത്തില്‍ കാണിക്കുന്ന വികൃതിയുടെ ഭാഗമായികണ്ട് വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ തള്ളിക്കളയുകയും ചെയ്യും . മാതാപിതാക്കളുടെ ഈ രണ്ട് തരത്തിലുള്ള സമീപനവും  പലപ്പോഴും പ്രശ്നം പരിഹരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വഷളാകുന്നതിന് കാരണമായേക്കാം.എന്നാല്‍ കുട്ടിയുടെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് കൃത്യമായ മനശാസ്ത്ര ചികിത്സക്ക് വിധേയമാക്കിയാല്‍ വികൃതിക്കുട്ടിയെ നമ്മുക്ക് മിടുക്കനാക്കി എടുക്കാന്‍ കഴിയും .

 

എന്തൊക്കെയാണ് ADHD യുടെ ലക്ഷണങ്ങള്‍ ?

ശ്രദ്ധനിലനിര്‍ത്താന്‍ ഉള്ള ബുദ്ധിമുട്ട്,അമിത വികൃതി, എടുത്തുചാട്ടം എന്നിങ്ങനെയുള്ള മൂന്ന് പ്രധാനപ്പെട്ട രോഗലക്ഷണങ്ങളാണ് ADHD കുട്ടികള്‍ കാണിക്കുക.

ശ്രദ്ധനിലനിര്‍ത്താന്‍ ഉള്ള ബുദ്ധിമുട്ടാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. നല്ല ശ്രദ്ധ കൊടുത്ത് ചെയ്യേണ്ട ഒരു  കാര്യത്തിലും പൊതുവേ വേണ്ടത്ര ശ്രദ്ധ നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയാറില്ല .അതുകൊണ്ട് തന്നെ സ്കൂളില്‍ ടീച്ചേഴ്സ് പഠിപ്പിക്കുന്ന കാര്യങ്ങളില്‍ ഒന്നുംതന്നെ കൃത്യമായി ഓര്‍ത്തുവെക്കാനോ, മനസ്സിലാക്കാനോ,ക്ലാസ് നോട്ടുകള്‍ പൂര്‍ത്തിയാക്കാനോ ഒന്നും ഇവര്‍ക്ക് പലപ്പോഴും കഴിയാറില്ല.ശ്രദ്ധക്കുറവ് കാരണം പലപ്പോഴും ഏല്‍പ്പിക്കുന്ന  ജോലികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോകുകയും ,പേന,പെന്‍സില്‍,ബോക്സ്‌,ലഞ്ച് ബോക്സ്‌ പുസ്തകങ്ങള്‍ എന്നിവ നിരന്തരം നഷ്ടപ്പെടുത്തുകയും ചെയ്യുക എന്നത് ഇവരുടെ പൊതു സ്വഭാവമാണ്. ­­­എന്നാല്‍ കുട്ടികളുടെ ഈ  ശ്രദ്ധയില്ലായ്മയെ ഓര്‍മ്മക്കുറവായാണ് പലപ്പോഴും മാതാപിതാക്കള്‍ കരുതുക.ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നും വേണ്ടെത്ര ശ്രദ്ധ കൊടുക്കാന്‍ കഴിയാതെ വരുന്നതോട് കൂടി കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട പഠനപരമായ കാര്യങ്ങളില്‍ നിന്നും ക്രമേണ  താല്പര്യം നഷ്ടപ്പെട്ട് പതിയെ ഇവര്‍ ഒഴിഞ്ഞ് മാറാന്‍ തുടങ്ങുകയും ചെയ്യും.

 

അമിത വികൃതിയാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷണം, അല്പ്പം നേരം പോലും അടങ്ങി ഇരിക്കാതെ ബഹളം വെച്ചും ഓടി നടക്കുകയും ചെയ്യുന്ന ഇവര്‍,മറ്റുള്ളവരുടെ കാര്യങ്ങളില്‍ നിരന്തരം ഇടപെടുകയും ,അവര്  ചെയ്യുന്ന പ്രവര്‍ത്തികളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയും  ചെയ്യും  .ഉയരത്തില്‍ നിന്നും താഴേക്ക് ചാടുക,വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുക, മരത്തില്‍ പാഞ്ഞു കയറുക ,തലകീഴായി തൂങ്ങി കിടക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുത്തുന്നത് രോഗാവസ്ഥയുടെ  പ്രധാന ലക്ഷണമായി പറയേണ്ടി വരും  .

കാര്യങ്ങളുടെ വരും വരായ്ക മനസ്സിലാക്കാതെ എടുത്ത്ചാടി പ്രവര്‍ത്തിക്കുക എന്നതാണ്  മൂന്നാമത്തെ ലക്ഷണം. സ്വന്തം ഊഴത്തിനു വേണ്ടി കാത്തിരിക്കാന്‍ ഇവര്‍ക്ക് പലപ്പോഴും കഴിയില്ല ഉദാഹരണമായി ടീച്ചര്‍ ചോദ്യം ചോദിച്ച് തീരുന്നതിന് മുമ്പ് ചാടി എണീറ്റ് ഉത്തരം പറയുക,സംസാരിക്കുമ്പോള്‍ ഇടക്ക് കയറി സംസാരിക്കുക ,തീ കൊണ്ടും ,ഇലക്ട്രിക് ഉപകരണങ്ങള്‍ കൊണ്ടും ,അപകടം പിടച്ച വസ്തുക്കള്‍  കൊണ്ടും ഒക്കെ പരീക്ഷണം നടത്തുക,അപകടം പിടിച്ച പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക  എന്നിവയൊക്കെ ADHD ഉള്ള  ഒട്ടുമിക്ക കുട്ടികളിലും  കണ്ട് വരാറുണ്ട്.എടുത്തുചാട്ടം  മൂലം വീണ്ടും വിചാരം ഇല്ലാതെ കാര്യങ്ങളുടെ വരും ,വരായ്ക മനസ്സിലാക്കാതെ പല കാര്യങ്ങളിലും  കയറി ഇടപെടുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായേക്കാം .

അറ്റന്‍ഷന്‍ ഡഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡറിന്‍റെ ലക്ഷണങ്ങള്‍  (Attention Deficit Hyperactivity Disorder-ADHD) പൊതുവെ ആറ് വയസ്സിനുമുമ്പുതെന്നെ കുട്ടികള്‍  കാണിച്ച് തുടങ്ങും. മുകളില്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി ആറുമാസം നീണ്ടുനിന്നാല്‍ എഡി.എച്ച്ഡി. ഉണ്ടെന്നു പറയേണ്ടിവരും . അമിതമായ ദേഷ്യവും ,പിടിവാശിയും,പഠനത്തില്‍ താല്പര്യക്കുറവും ഒക്കെ  മുകളില്‍പറഞ്ഞ ലക്ഷണങ്ങളോടൊപ്പം ഇവരില്‍ കണ്ട് വരാറുണ്ട്. കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ADHD കണ്ട് വരാറുണ്ട് ,പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളിലാണ് ADHD കൂടുതല്‍ കണ്ട് വരുന്നത്.

രോഗനിര്‍ണ്ണയവും , ചികിത്സയും  ?

രോഗനിര്‍ണ്ണയത്തിനായി ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെയോ , മനോരോഗവിദഗ്ദ്ധനെയോ സമീപിക്കാവുന്നതാണ്.മനശാസ്ത്രപരമായ പല ടെസ്റ്റ്‌കളിലൂടെ ADHD സ്ഥിതീകരിക്കാന്‍ കഴിയും.ബിഹേവിയര്‍ തെറാപ്പി/ബിഹേവിയര്‍ മോഡിഫിക്കേഷന്‍ (Behavior Modification) ടെക്നിക്ക്സ്,ആക്ടിവിറ്റി ഷെഡ്യുളിംഗ്, പേരന്‍റെല്‍ ട്രെയിനിങ്ങ്,മുതലായ ചിക്ത്സാ സങ്കേതങ്ങള്‍ ഉപയോഗിച്ച് ADHD നിയന്ത്രണ വിധേയമാക്കാന്‍ കഴിയും.എന്നാല്‍ അതിനായി മാതാപിതാക്കളുടെ ഭാഗത്ത് നിന്നും വലിയ ഒരു ശ്രമം അത്യന്താപേക്ഷിതമാണ് .രോഗലക്ഷണങ്ങളെ എത്രയും നേരത്തെ കണ്ടെത്തുകയും ,ക്രത്യമായ ചികിത്സ നല്കുകയും ചെയ്താല്‍ അമിത വികൃതിയെ  പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണത്തില്‍ ആക്കാവുന്നതേയുള്ളൂ. അങ്ങനെ നമ്മുക്ക് വികൃതിക്കുട്ടിയെ മിടുക്കനാക്കി മാറ്റാവന്നതേയുള്ളൂ.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments