HomeUncategorizedഅച്ഛാ, . ബാക്കിയായ രംഗങ്ങള്‍ ആടിത്തീര്‍ത്തു സമയമാകുമ്പോൾ ഞാനുമെത്താം…..അച്ഛന്റെ വിയോഗത്തിൽ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ആശ...

അച്ഛാ, . ബാക്കിയായ രംഗങ്ങള്‍ ആടിത്തീര്‍ത്തു സമയമാകുമ്പോൾ ഞാനുമെത്താം…..അച്ഛന്റെ വിയോഗത്തിൽ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ആശ ശരത്ത്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ആശ ശരത്ത്. മിനി സ്‌ക്രീനില്‍ തിളങ്ങിയ താരം പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. അഭിനയത്തെ കൂടാതെ മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോഴിതാ ആശ ശരത്ത് അച്ഛന്റെ വിയോഗത്തെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഹൃദയ സ്പര്‍ശിയായ കുറിപ്പ് വൈറലാകുകയാണ്. ആ അച്ഛന്റെ മകളായി ജനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്ന് താരം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അച്ഛനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രം സഹിതം പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണമെന്ന് താരം പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ.

അച്ഛന്‍ പോയി. എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛന്‍. ജീവിക്കാന്‍ കൊതിയായിരുന്നു അച്ഛന് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷെ ഇന്ന് ഞാനറിയുന്നു, അല്ല അച്ഛന്‍ നിറഞ്ഞു നില്‍ക്കുന്ന പഞ്ചഭൂതങ്ങള്‍ എന്നോട് പറയുന്നു അത് കൊതിയായിരുന്നില്ല. നരകാഗ്നിക്ക് തുല്യം മനസ്സ് വെന്തുരുകിയപ്പോള്‍, ശ്വാസം നിന്ന് പോയി എന്ന് തോന്നിയപ്പോള്‍ അവിടെ നിന്നും എന്നെയും അമ്മയെയും കൈ പിടിച്ചു മുന്‍പോട്ടു നയിക്കാനായിരുന്നു അച്ഛന്‍ ജീവിക്കാന്‍ കൊതിച്ചത്.

ഞാന്‍ കണ്ട ഏറ്റവും സാര്‍ത്ഥകമായ ജീവിതം. ഒരു വടവൃക്ഷമായി പടര്‍ന്നു പന്തലിച്ച്‌ , അവസാന ശ്വാസം വരെ ഉറ്റവരെയും ഉടയവരെയും കൈ പിടിച്ചു നയിച്ച്‌ , ഒരു തിന്മക്കു മുന്നിലും അണുവിട പോലും പിന്തിരിയാതെ, എന്നും തല ഉയര്‍ത്തിപ്പിടിച്ചു സ്വന്തം കര്‍മ്മധര്‍മ്മങ്ങള്‍ നൂറു ശതമാനവും ചെയ്തു തീര്‍ത്തു അദ്ദേഹം അരങ്ങൊഴിഞ്ഞു.

ഹൃദയം പിളര്‍ക്കുന്ന വേദനയിലും ഞാന്‍ അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായി പിറന്നതില്‍. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണം . അച്ഛാ സുഖമായി, സന്തോഷമായി വിശ്രമിക്കു ആ ദേവപാദങ്ങളില്‍. ബാക്കിയായ രംഗങ്ങള്‍ ആടിത്തീര്‍ത്തു, കടമകള്‍ ചെയ്തു തീര്‍ത്തു, ദൈവഹിതമനുസരിച്ചു സമയമാകുമ്ബോള്‍ ഞാനുമെത്താം. അതുവരെ അച്ഛന്‍ പകര്‍ന്നു തന്ന വെളിച്ചത്തില്‍ ഞാന്‍ മുന്നോട്ടു പോട്ടെ. ഏറ്റവും ഭാഗ്യം ചെയ്ത ഒരു മകളായി എന്നെ അനുഗ്രഹിച്ചതിനു ഞാന്‍ നന്ദി പറയട്ടെ. നൂറായിരം ഉമ്മകള്‍- ആശ ശരത്ത് കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments