“ഷൂട്ടിംഗ് കഴിഞ്ഞ ഇറങ്ങാന്‍ നേരം മമ്മുക്ക എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു….” രസകരമായ അനുഭവം പങ്കുവച്ച് അസീസ് നെടുമങ്ങാട്

112

മമ്മൂക്കയോട് കൂടുതല്‍ അടുത്തിടപഴകിയപ്പോഴാണ് അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന് മനസ്സിലാകുന്നതെന്നും ജാഡ എന്നൊക്കെ ചിലര്‍ പറയുന്നത് വെറുതെ ആണെന്നും അസീസ് നെടുമങ്ങാട്. ഇതിനുദാഹരണമായി മമ്മൂക്കയോടൊപ്പം പരോള്‍ സിനിമ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരനുഭവവും അസീസ് പങ്കുവെച്ചു. റിപ്പോർട്ടർ ടിവിയുമായി പങ്കുവച്ച അഭിമുഖത്തിലാണ് അസീസ് ഇക്കാര്യം പറഞ്ഞത്.

അസീസ് പറയുന്നു:

ഷൂട്ടിംഗ് കഴിഞ്ഞ ഒരു ദിവസം മമ്മൂക്ക ഇറങ്ങാന്‍ നേരത്ത് എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു. ഇന്നെന്താ വൈകിട്ട് പരിപാടി എന്ന് ചോദിച്ചു. ഒന്നുമില്ല. ഷൂട്ടിംഗ് കഴിഞ്ഞ് റൂമില്‍ പോകും എന്ന് ഞാന്‍ പറഞ്ഞു. ആഹ്, എന്നാ റൂമിലേക്ക് വാ. ഒരുമിച്ച്‌ ഡിന്നര്‍ കഴിക്കാം എന്നുപറഞ്ഞു. ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. പുള്ളി ആറുമണിയായപ്പോള്‍ പോകുകയും ചെയ്തു. ഞങ്ങള്‍ക്ക് 9 മണിവരെ ഷൂട്ട് ഉണ്ടായിരുന്നു. ആരോട് പോയി പറയും മമ്മൂക്ക ഡിന്നര്‍ കഴിക്കാന്‍ വിളിച്ചിട്ടുണ്ടെന്ന്. എവിടെ പോണം, ആരോട് ചോദിക്കും. ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി. ഉടനെ എനിക്ക് ഒരു കോള്‍ വന്നു. മമ്മൂക്കയുടെ മേക്കപ്പ് മാന്‍ ജോര്‍ജേട്ടനായിരുന്നു അത്. ഒരു വണ്ടി വിട്ടുണ്ട്. അതില്‍ കേറി ഇങ്ങോട്ട് വന്നോളു എന്ന് അദ്ദേഹം പറഞ്ഞു. ഞാനും കലാഭവന്‍ ഹനീഫയ്ക്കും ആ വണ്ടിയില്‍ കയറി പോയി,’ അസീസ് പറഞ്ഞു.

റൂമിലെത്തിയപ്പോള്‍ മുതല്‍ പിന്നെ മമ്മൂക്ക സംസാരവും തമാശയും ഒക്കെയായിരുന്നുവെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. ഏകദേശം 1 മണിവരെ സംസാരം തുടര്‍ന്നുവെന്നും അസീസ് പറയുന്നു.