HomeAround KeralaKasaragod2500 വര്‍ഷം പഴക്കമുള്ള സാങ്കേതികവിദ്യയിലൂടെ കൊടുംവേനലിലും വെള്ളം പുറത്തെത്തിക്കുന്ന കുഞ്ഞമ്പുവേട്ടൻ എന്ന അത്ഭുതം ഇതാ: വീഡിയോ

2500 വര്‍ഷം പഴക്കമുള്ള സാങ്കേതികവിദ്യയിലൂടെ കൊടുംവേനലിലും വെള്ളം പുറത്തെത്തിക്കുന്ന കുഞ്ഞമ്പുവേട്ടൻ എന്ന അത്ഭുതം ഇതാ: വീഡിയോ

സംസ്ഥാനത്തു തന്നെ ഭൂഗര്‍ഭജലനിരപ്പില്‍ ഏറ്റവും കുറവുള്ള താലൂക്കാണ് കാസര്‍കോട്. കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് പലപ്പോഴും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്താറുണ്ട്. ഭൂമിക്കു മുകളിലൂടെ നാം വെള്ളം തേടി അലഞ്ഞുകൊണ്ടിരിക്കുമ്പോൾ കാസർഗോട്ട് കുഞ്ഞമ്പുവേട്ടന്‍ എന്ന ഈ ധീര യോദ്ധാവ് ഭൂമിക്കടിയിലൂടെ കുടിവെള്ളമെന്ന ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. പുറത്ത് വേനല്‍ കത്തുമ്പോള്‍ ഭൂമിക്കടിയിലൂടെ കയ്യില്‍ മെഴുകുതിരി വെട്ടവുമായി തുരങ്കം നിര്‍മിച്ചു മുന്നേറുന്ന ഈ മനുഷ്യനെ അത്ഭുതം എന്നല്ലാതെ എന്ത് വിളിക്കാൻ ?

കേരളത്തിലെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്ക് അപരിചിതമായ ഒരു ജല ശേഖരണ രീതിയായ ‘സുരങ്ക’യുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരില്‍ ഇന്ന് ശേഷിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് കാസര്‍ഗോഡ് കുണ്ടംകുഴി സ്വദേശിയായ കുഞ്ഞമ്പു. ഇപ്പോള്‍ 65 വയസ്സുള്ള കുഞ്ഞമ്പുവേട്ടന്‍ ഇതിനകം ആയിരത്തിലേറെ തുരങ്കങ്ങളാണ് കാസര്‍ഗോഡ് ജില്ലയിലും കണ്ണൂര്‍, ദക്ഷിണ കര്‍ണാടകം എന്നിവയുടെ ചില പ്രദേശങ്ങളിലും നിര്‍മിച്ചിട്ടുള്ളത്. കാസർഗോഡന്‍ ഗ്രാമങ്ങളില്‍ തുരങ്കങ്ങള്‍ക്കകത്ത് കയറിയും, അകത്തുനിന്നും പുറത്തേക്ക് നിര്‍മ്മിച്ച ചാലുകളും, പൈപ്പുകളും വഴിയും വെള്ളമെത്തും. ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ ആരംഭിക്കുന്ന കൊടും വേനലില്‍ കാസറഗോഡിന്റെ നഗരഭാഗം വീര്‍പ്പുമുട്ടുമ്പോഴും ഗ്രാമീണ ജീവിതത്തെ തണുപ്പിക്കാന്‍ ഈ ജലസ്രോതസ്സുകളുണ്ടാകും.ഭൂമിക്കടിയില്‍ നീളമേറിയ തുരങ്കം നിര്‍മിച്ച് ഭൂഗര്‍ഭ ജലത്തെ വെളിയിലേയ്ക്ക് ഒഴുക്കിക്കൊണ്ടുവരുന്ന രീതിയാണ് കാസര്‍ഗോഡ്, ദക്ഷിണ കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ സുരങ്ക എന്ന് അറിയപ്പെടുന്നത്. കിണറിനു പകരം ഭൂമിയുടെ ചരിവുള്ള സ്ഥലങ്ങളില്‍നിന്ന് വെള്ളത്തിന്റെ ഉറവുള്ള സ്ഥലത്തേക്ക് മണ്ണു മാന്തി തുരങ്കമുണ്ടാക്കി വെള്ളം പുറത്തേയ്ക്ക് കൊണ്ടുവരുന്നു. ഇത് ടാങ്കുകളില്‍ ശേഖരിച്ച് വെച്ച് കൃഷി ആവശ്യങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമെല്ലാം ഉപയോഗിക്കുന്നു.

നാലിഞ്ച് വ്യാസത്തിലാണ് ഭൂമി തുരക്കുന്നത്. നൂറടി നീളത്തില്‍ തുരക്കാന്‍ ആറു മുതല്‍ ഏഴുവരെ മണിക്കൂര്‍ വേണം. വെള്ളമില്ലാത്ത കിണറുകള്‍ക്കുള്ളിലും വിലങ്ങനെ തുരന്ന് നീരൊഴുക്കുണ്ടാക്കാം. ചെങ്കല്‍പ്പാറയുള്ള കുന്നുകളാണ് തുരക്കാന്‍ എളുപ്പം. കരിങ്കല്‍പ്പാറയില്‍ വേണ്ടത്ര ഫലപ്രദമാവില്ലെന്നാണ് അഭിപ്രായം. വെള്ളമില്ലാത്ത കിണറുകള്‍ക്കുള്ളിലും വിലങ്ങനെ തുരന്ന് നീരൊഴുക്കുണ്ടാക്കാം. വേനല്‍ക്കാലത്തു കിണറുകളും കുഴല്‍ക്കിണറുകളും വറ്റുന്നതു പോലെ ഇവ വറ്റാനുള്ള സാധ്യതയും കുറവാണ്.ഭൂമിയില്‍ വെള്ളമുള്ള സ്ഥലം നിര്‍ണയിക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഭൂമിയുടെ കിടപ്പനുസരിച്ച് ചരിവുള്ള സ്ഥലത്തുനിന്ന് ജല ലഭ്യത നിര്‍ണയിച്ച സ്ഥലത്തിന്റെ ആഴത്തിലേയ്ക്ക് തുരങ്കമുണ്ടാക്കുന്നു. കിണറുകള്‍ ഭൂമിക്കടിയിലേയ്ക്ക് കുത്തനെയാണ് നിര്‍മിക്കുന്നതെങ്കില്‍ സുരങ്ക ഭൂമിക്ക് തിരശ്ചീനമായി നിര്‍മിക്കുന്നു. കാസര്‍ഗോഡ് ജില്ലയിലും കണ്ണൂര്‍ ജില്ലയുടെ ചില പ്രദേശങ്ങളിലും ദക്ഷിണ കര്‍ണാടകത്തിലും ഇത്തരം തുരങ്കങ്ങളുണ്ട്. ഇവിടങ്ങളില്‍ മാത്രം വെള്ളം ശേഖരിക്കുന്നതിനുള്ള ഈ പ്രത്യേക രീതി എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. ദക്ഷിണ കര്‍ണാടകം ഉള്‍പ്പടുന്ന ഈ മേഖലയില്‍ തുരങ്കനിര്‍മാണ രീതി പരിചയപ്പെടുത്തിയത് അറബികളാണെന്ന് കരുതപ്പെടുന്നു. മലഞ്ചെരുവിലെ ഉള്ളറകളിലില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടുവരുന്ന രീതി 2500 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ലോകത്തിന്റെ പല മേഖലകളിലും ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു.ഭൂമിയില്‍ വെള്ളത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളെക്കുറിച്ച് കുഞ്ഞമ്പുവേട്ടനറിയാം. കാലങ്ങളായുള്ള പരിചയത്തിലൂടെ സ്വായത്തമാക്കിയതാണ് ജലമുള്ള സ്ഥാനം നിര്‍ണയിക്കാനുള്ള ഈ കഴിവ്. സുരങ്ക നിര്‍മാണത്തിന്റെ ആദ്യപടിയായി സ്ഥാനനിര്‍ണയം ചെയ്യും. കിണര്‍ കുഴിക്കുന്നതിനു മുന്‍പ് സ്ഥാനം കാണുന്നതുപോലെതന്നെയാണിത്. ഭൂമിയുടെ കിടപ്പ്, ചില പ്രത്യേക ഇനം സസ്യങ്ങളുടെ സാന്നിധ്യം തുടങ്ങിയ ചില ലക്ഷണങ്ങളൊക്കെയുണ്ട് ജലസാന്നിധ്യം തിരിച്ചറിയാന്‍. ഭൂമിക്കടിയില്‍ എത്ര ആഴത്തിലാണ് വെള്ളമുള്ളത് എന്നകാര്യം നിര്‍ണയിച്ചു കഴിഞ്ഞാല്‍ മറ്റൊരു ഭാഗത്ത്, ഭൂമിയുടെ ചരിവില്‍നിന്ന് അത്രയും ആഴം കിട്ടുന്ന സ്ഥലത്തേയ്ക്കു വേണം തുരങ്കം നിര്‍മിക്കാന്‍.

തുരങ്കനിര്‍മാണം അല്‍പം സാഹസികത ആവശ്യമുള്ള ജോലിയാണ്. തുരങ്കം നിര്‍മിച്ച് ഭൂമിക്കുള്ളിലേയ്ക്ക് കടക്കുന്നതോടെ വെളിച്ചം കുറഞ്ഞുകുറഞ്ഞുവരും. വലിപ്പമുള്ള മെഴുകുതിരികള്‍ കത്തിച്ച് തുരങ്കത്തിന്റെ ഭിത്തിയില്‍ കുത്തിനിര്‍ത്തും. അതിന്റെ വെളിച്ചത്തിലാണ് ജോലി ചെയ്യുക. ചിലപ്പോള്‍ ഓക്സിജന്റെ കുറവു മൂലം മെഴുകുതിരി കെട്ടുപോകുന്ന സാഹചര്യമുണ്ടാകും. അങ്ങനെയുള്ളപ്പോള്‍ തലയില്‍ ഉറപ്പിക്കാവുന്ന ഇലക്ട്രിക് ലൈറ്റുകള്‍ ഉപയോഗിച്ചാവും ജോലി.ഭൂമിക്കടിയില്‍ കുഞ്ഞമ്പുവേട്ടന്‍ തുരക്കുന്ന ജലസ്രോതസ്സുകളായ സുരങ്കകളില്ലെങ്കില്‍ ഈ ഗ്രാമങ്ങള്‍ കരിഞ്ഞുണങ്ങിയേനേ. ഇപ്പോള്‍ 65 വയസ്സുള്ള കുഞ്ഞമ്പുവേട്ടന്‍ ഇതിനകം ആയിരത്തിലേറെ തുരങ്കങ്ങളാണ് കാസര്‍ഗോഡ് ജില്ലയിലും കണ്ണൂര്‍, ദക്ഷിണ കര്‍ണാടകം എന്നിവയുടെ ചില പ്രദേശങ്ങളിലും നിര്‍മിച്ചിട്ടുള്ളത്. കര്‍ണ്ണാടകയിലെ ബിദറിലെ നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള യുനസ്‌ക്കോയുടെ ലോകപൈതൃക നിരീക്ഷണപട്ടികയിലുള്ള തുരങ്കജലസ്രോതസ്സുകള്‍ക്ക് ജീവന്‍ നല്‍കിയത് കുഞ്ഞമ്പുവേട്ടനാണ്. ബിദറിലെ ജില്ലാ കലക്ടര്‍ വന്നാണ് കുഞ്ഞമ്പുവേട്ടനെ കൂട്ടിക്കൊണ്ടു പോയത്. രാജ്യത്തെ പ്രമുഖ ഭൗമശാസ്ത്രജ്ഞര്‍ പങ്കെടുത്ത ചടങ്ങില്‍ അന്ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമാണ് കുഞ്ഞമ്പുവേട്ടനെ ആദരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments