HomeFaithലോകമേ കാണൂ; വൈദ്യശാസ്ത്രം ജീവിക്കില്ല എന്ന് വിധിയെഴുതിയ യുവാവിന് കുമ്പസാരത്തിലൂടെ അത്ഭുത രോഗസൗഖ്യം

ലോകമേ കാണൂ; വൈദ്യശാസ്ത്രം ജീവിക്കില്ല എന്ന് വിധിയെഴുതിയ യുവാവിന് കുമ്പസാരത്തിലൂടെ അത്ഭുത രോഗസൗഖ്യം

2014-ലെ ഒക്‌ടോബര്‍ മാസം. തുടര്‍ച്ചയായ പനിയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ കുരിശുപാറ എന്ന മലയോര ഗ്രാമവാസിയായ സോയി വടക്കേല്‍ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയനായി. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറാണിതെന്ന് വൈദ്യശാസ്ത്രം സ്ഥിരീകരിച്ചു. കോതമംഗലത്തെയും കോട്ടയത്തെയും ടെസ്റ്റുകള്‍ക്കുശേഷം തൃശൂര്‍ അമല ഹോസ്പിറ്റലില്‍ പെറ്റ്‌സ്‌കാന്‍ നടത്തി അന്തിമ സ്ഥിരീകരണം നടത്തി. അപ്പോഴേക്കും രോഗം മൂന്നാമത്തെ ഘട്ടം പിന്നിട്ടിരുന്നു.

ശരീരമാസകലമുള്ള ലിംഫുകളെ ബാധിക്കുന്ന ഈ ട്യൂമര്‍ തലയില്‍നിന്ന് ആരംഭിച്ച് കരളില്‍ വരെ എത്തിയിരുന്നു. ടെസ്റ്റ് റിസല്‍ട്ടുമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ പോയി. മുന്നോട്ട് പണം മുടക്കി ചികിത്സിക്കേണ്ടതില്ലെന്നും ഈ തരം കാന്‍സറിന് ഇതേവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും ഡോക്‌ടേഴ്‌സ് അറിയിച്ചു. അവസാന പ്രതീക്ഷ എന്ന നിലയില്‍ ബംഗളൂരുവില്‍ എച്ച്.ബി.ജി ഹോസ്പിറ്റലില്‍ ഒരിക്കല്‍കൂടി പരിശോധനകള്‍ക്ക് വിധേയനായി. അവിടെനിന്നും ലഭിച്ചത് സമാന മറുപടിയായിരുന്നു.

ജീവിതം ഇനി മുന്നോട്ട് ഇല്ലെന്ന് പൂര്‍ണമായും ബോധ്യപ്പെട്ടു. ബംഗളൂരുവില്‍നിന്നും മടങ്ങുന്ന വഴി ഒരു ധ്യാനം കൂടാന്‍ തീരുമാനിച്ചു. അങ്ങനെയാണ് സാബു ആറുതൊട്ടി നേതൃത്വം നല്‍കുന്ന പരിശുദ്ധാത്മ അഭിഷേക ധ്യാനത്തില്‍ പങ്കെടുക്കുന്നത്. ജീവിതത്തെക്കുറിച്ച് പ്രതീക്ഷകള്‍ എല്ലാം നഷ്ടപ്പെട്ടിരുന്നതിനാല്‍ നല്ല മരണം പ്രാപിച്ച് സ്വര്‍ഗം നേടുക എന്ന ലക്ഷ്യമേ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ. ധ്യാനം കൂടുമ്പോള്‍ പാപത്തെക്കുറിച്ച് ക്ലാസുകളിലൂടെ ബോധ്യം ലഭിക്കുകയും നല്ലവണ്ണം കുമ്പസാരിക്കാന്‍ കഴിയുകയും ചെയ്യും എന്ന ബോധ്യം ഉണ്ടായിരുന്നു. ഓര്‍മവച്ച നാള്‍ മുതല്‍ അന്നേവരെയുള്ള എല്ലാ തെറ്റുകളും ഓര്‍ത്ത് അനുതപിച്ചു.

കുമ്പസാരവേളയില്‍ ഈശോ ആണെന്ന ബോധ്യത്തോടെയായിരുന്നു നല്ല കുമ്പസാരം നടത്തിയത്. ജീവിതത്തിലെ അവസാന കുമ്പസാരമെന്ന ബോധ്യം ഉള്ളതിനാല്‍ കണ്ണുനീരോടെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു. കുമ്പസാരം കഴിഞ്ഞപ്പോള്‍ അലൗകികമായ ആനന്ദവും ആശ്വാസവുംകൊണ്ട് ഉള്ളം നിറയുന്ന അനുഭവം. അന്നേവരെ അനുഭവപ്പെടാത്ത സമാധാനവും സമാശ്വാസവും തോന്നി. വീട്ടിലേക്ക് മടങ്ങാമെന്ന ചിന്ത ഉപേക്ഷിച്ചു. കാരണം നേരത്തെ പോയാലും ആശുപത്രിയില്‍ പോയി കിടക്കാനേ പറ്റൂ. മരിക്കുകയാണെങ്കില്‍ ദൈവവചനംകേട്ട് അവിടെത്തന്നെ കിടന്ന് മരിക്കാന്‍ തീരുമാനിച്ചു.

അന്ന് വൈകുന്നേരം ആരാധനയുടെ സമയത്ത് ആരോ ഹൃദയഭാഗത്ത് സ്പര്‍ശിക്കുന്നതുപോലെ. രാത്രി സുഖമായി ഉറങ്ങി. കൈകാലുകളില്‍ നോക്കിയപ്പോള്‍ നീര് മാറിയിരിക്കുന്നു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ മുഖം സാധാരണ ഗതിയിലായിരുന്നു. വലിയ അത്ഭുതം കണ്ട് ശുശ്രൂഷകരെ വിവരമറിയിച്ചു.

പൂര്‍ണസൗഖ്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചശേഷം വന്ന് സാക്ഷ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഡേട്ടാപെറ്റ് സ്‌കാന്‍ നടത്തി. രോഗം ഇല്ലെന്ന് ഉറപ്പാക്കി. രണ്ടു തവണത്തെയും റിസല്‍ട്ട് കണ്ട ഡോക്ടര്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു, അറുപത് വയസുള്ള എന്റെ ജീവിതത്തില്‍ ഇപ്രകാരമൊരു സംഭവം ആദ്യമായാണ്. ആദ്യറിസല്‍ട്ട് പ്രകാരം നിങ്ങള്‍ മരിക്കേണ്ട സമയം കഴിഞ്ഞു. എന്നാല്‍ രണ്ടാമത്തെ റിസല്‍ട്ടില്‍ രോഗത്തിന്റെ ലാഞ്ചനപോലും ഇല്ല.

തന്റെ ജീവിതത്തിലെ അത്ഭുതകരമായ രോഗസൗഖ്യത്തിന് പിന്നില്‍ തിരുസഭയിലെ കുമ്പസാരം എന്ന മഹാകൂദാശയാണെന്ന് സോയി വടക്കേല്‍ വിശ്വസിക്കുന്നു. സൗഖ്യദായകമായ ഈ കൂദാശയുടെ അടുക്കലടുക്കലുള്ള സ്വീകരണം ഇന്ന് ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. നാം ഈ കൂദാശ സ്വീകരിക്കുമ്പോള്‍ സ്വര്‍ഗം സന്തോഷിക്കുന്നു.

മാലാഖമാര്‍ ആനന്ദഗീതമുതിര്‍ക്കുന്നു. വിശ്വാസികളെ കുമ്പസാരത്തില്‍നിന്നും അകറ്റാന്‍ അതുകൊണ്ടുതന്നെ സാത്താന്‍ പരമാവധി പരിശ്രമിക്കുന്നു. അനുദിന വിശുദ്ധ ബലികളില്‍ പരമാവധി പങ്കെടുക്കാന്‍ ഇദ്ദേഹം ഇന്ന് ഏറെ ശ്രദ്ധിക്കുന്നു. ബലഹീനരായ മനുഷ്യരുടെ ആത്മീയ ജീവിതത്തെ പരിപോഷിപ്പിക്കാന്‍ ദൈവം നല്‍കിയ മഹാദാനങ്ങളാണ് കൂദാശകളെന്ന് അദേഹം ലോകത്തോട് പ്രഘോഷിക്കുന്നു.

.കടപ്പാട്: സുബിന്‍ തോമസ് (സണ്‍ഡേശാലോം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments