HomeFaithതളർന്നുവീണ കുഞ്ഞിന് അത്ഭുത രോഗസൗഖ്യം നൽകാനെത്തിയ സിസ്റ്റർ; ദൈവപരിപാലനയുടെ ആ അത്ഭുതം പ്രവാസി യുവാവ് പറയുന്നു

തളർന്നുവീണ കുഞ്ഞിന് അത്ഭുത രോഗസൗഖ്യം നൽകാനെത്തിയ സിസ്റ്റർ; ദൈവപരിപാലനയുടെ ആ അത്ഭുതം പ്രവാസി യുവാവ് പറയുന്നു

ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യന്റെ അനുഭവമാണിത്. ദൈവത്തിന്റെ വലിയ പരിപാലനയുടെ ഈ അനുഭവം അദ്ദേഹം എഴുതിയത് സൺ‌ഡേ ശാലോമിലാണ്. ആ അനുഭവം ഇങ്ങനെ :

”ഞാനും എന്റെ ഭാര്യ ലിസിയും മക്കളായ എയ്ഞ്ചലും എലൈനുമടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. ഒരു പതിറ്റാണ്ടിലേറെയുള്ള ഗൾഫ്‌നാടിലെ പ്രവാസജീവിതത്തിനുശേഷം വാർദ്ധക്യത്തിലായിരുന്ന മാതാപിതാക്കളോടൊപ്പം അവരെ ശുശ്രൂഷിച്ചും പരിചരിച്ചും മുന്നോട്ടുജീവിക്കുക എന്ന വലിയ ആഗ്രഹത്തിൽ ഗൾഫ്‌ജോലി ഉപേക്ഷിച്ച് 2000 നവംബറിൽ നാട്ടിൽ കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് കൂട്ടിക്കലിൽ മടങ്ങിയെത്തി. രണ്ടാമത്തെ മോൾ എലൈന് രണ്ടരവയസ്. ഈ പ്രായത്തിന്റെ കുസൃതിയും ധാരാളം. വിവാഹത്തിനുശേഷം 5 വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ശേഷമാണ് ഞങ്ങൾക്ക് ആദ്യ കുഞ്ഞിനെ ലഭിച്ചത്.

2001 ഫെബ്രുവരിയിലെ ഒരു ദിവസം ഞങ്ങൾക്ക് അലോട്ട് ചെയ്ത വാഹനം (കാർ) വാങ്ങുവാനായി ഞാൻ കോട്ടയത്തിനു പോയിരുന്നു. ഉച്ചയൂണിനുശേഷം ചാച്ചനും അമ്മച്ചിയും ലിസിയും എലൈനും ഉച്ചമയക്കം. മൂത്തമോൾ എയ്ഞ്ചൽ സ്‌കൂളിലും. അരമണിക്കൂര് കഴിഞ്ഞപ്പോൾ ലിസി എഴുന്നേറ്റു. മോളെ അല്പം കഴിഞ്ഞ് വിളിക്കാമെന്നു കരുതി. ഒരുമണിക്കൂർ കഴിഞ്ഞിട്ടും എലൈൻ എഴുന്നേറ്റില്ല. ഒന്നരമണിക്കൂർ കഴിഞ്ഞു. മുട്ടിവിളിച്ചു പ്രതികരണമില്ല. ലിസിക്ക് ആവലാതിയായി. കുലുക്കിവിളിച്ച് ബഡിൽ എഴുന്നേൽപ്പിച്ചു നിർത്തുവാൻ നോക്കി. കണ്ണടച്ച് കുഞ്ഞ് തളർന്നുവീഴുന്നു. എന്തു ചെയ്യണമെന്നറിയാതെ മാനസിക സംഘർഷത്താൽ ലിസിയും തളർന്നു. മോൾക്ക് ഒരു ക്ഷീണം പോലെ.

ആശുപത്രിയിലേയ്ക്ക് പോകുന്നു എന്നുമാത്രം ചാച്ചനോടും അമ്മച്ചിയോടും പറഞ്ഞിട്ട് ലിസി കുഞ്ഞിനെയും തോളിലിട്ട് റോഡിലേയ്ക്കിറങ്ങി. ഓട്ടോറിക്ഷായിൽ തൊട്ടടുത്തുള്ള ഡിസ്‌പെൻസറിയിൽ എത്തി. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു. ഡോക്ടറിനും പരിശോധനയിൽ കാര്യങ്ങൾ വ്യക്തമായില്ല. ഉടൻതന്നെ മുണ്ടക്കയത്ത് കുട്ടികളുടെ ഡോക്ടറിന്റെ അടുത്തേയ്ക്ക് വിട്ടു. ഇന്നത്തെപ്പോലെ മൊബൈൽ സൗകര്യങ്ങൾ 16 വർഷം മുമ്പില്ലായിരുന്നതിനാൽ ഞാനുമായി ബന്ധപ്പെടാൻ ലിസിക്ക് അവസരം കിട്ടിയില്ല. കുട്ടികളുടെ ഡോക്ടർ ഉടനെതന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തു.

ഈ സമയം എന്തോ എനിക്കറിയില്ല, വീട്ടിലേയ്ക്ക് ഞാൻ ഫോൺ വിളിച്ചു. അപ്പോൾ കുഞ്ഞുമായി ലിസി ആശുപത്രിയിൽ പോയിരിക്കുന്ന വിവരമറിഞ്ഞു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞാനും ആസ്പത്രിയിലെത്തച്ചേർന്നു. അപ്പോൾ സമയം വൈകുന്നേരം 7 മണി. നിലവിളിച്ച് പൊട്ടിക്കരഞ്ഞ് കുഞ്ഞിനെരക്ഷിക്കണെയെന്ന് പ്രാർത്ഥിക്കുന്ന ലിസി. തളർന്നു കണ്ണടച്ചുകിടക്കുന്ന മകൾ. ചങ്കുതകർന്ന അവസ്ഥയിൽ ഞാനും. മെഡിക്കൽ ട്രസ്റ്റും കൈവിട്ടു. നേരെ കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് കുഞ്ഞിനെയും മടിയിൽ കിടത്തിയുള്ള യാത്ര. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഹൃദയം പൊട്ടുന്ന അവസ്ഥ.

 

കുട്ടികളുടെ ആശുപത്രിയിൽ രാത്രി ഒൻപതുമണിക്കെത്തി മോളെ ഐ.സി.യു.വിൽ അഡ്മിറ്റാക്കി. അപ്പോഴും കുട്ടിയുടെ അവസ്ഥയ്ക്ക് മാറ്റമില്ല. 11 മണിയോടെ പരിശോധനകൾക്കുശേഷം ഡോക്ടർമാർ വന്നു. രേഖകളിൽ ഒപ്പിട്ടുതരിക. കുട്ടിക്കെന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഉത്തരവാദികളല്ല. വിറയ്ക്കുന്ന കരങ്ങളോടെ തകർന്ന ഹൃദയത്തോടെ എല്ലാം ഈശോയ്ക്ക് വിട്ടുകൊടുത്ത് ഒപ്പിട്ടു. ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചു. ഒരു കാര്യം തിരിച്ചറിഞ്ഞു. നമ്മൾ എന്തൊക്കെ നേടിയാലും ആരൊക്കെയായാലും ഐ.സി.യു.വിന്റെ മുമ്പിൽ നിൽക്കുമ്പോൾ ഒന്നും ചെയ്യാൻ കരുത്തില്ലാത്തവരാകുന്നു. എല്ലാം ദൈവത്തിനു വിട്ടുകൊടുത്ത് രാത്രിമുഴുവൻ ഉറങ്ങാതെ ഐസിയുവിനു മുമ്പിൽ പരസ്പരം ചാരി കണ്ണീരുമായി കാവലിരുന്നു.

പിറ്റേന്നും മോൾക്ക് മാററമൊന്നുമില്ല. ഉച്ചകഴിഞ്ഞപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന കന്യാസ്ത്രീയായ ഡോക്ടർ വന്നുപറഞ്ഞു കുഞ്ഞിനു മാറ്റമൊന്നുമില്ല, കുഞ്ഞ് വല്ല ടാബ്‌ലറ്റും കഴിക്കുവാൻ സാധ്യതയുണ്ടോ? പെട്ടെന്ന് ഞങ്ങളുടെ മനസിലൊരു ചിന്ത ചാച്ചൻ ഡയബെറ്റിക്‌സ് ടാബ്‌ലെറ്റ് കഴിക്കുമ്പോൾ ചിലപ്പോൾ താഴെപ്പോകാറുണ്ട്. മുറി അടിച്ചുവാരുമ്പോൾ പലപ്പോഴും കണ്ടെടുത്തിട്ടുമുണ്ട്. ഇനി അങ്ങനെ വല്ല ടാബ്‌ലറ്റും താഴെവീണത് മോൾ എടുത്തു കഴിച്ചതാണോ? ഈ സാധ്യത സിസ്റ്ററിനോട് പങ്കുവെച്ചു. തുടർന്ന് സിസ്റ്റർ പരീക്ഷണമായി ഒരു ഇഞ്ചക്ഷൻ നൽകി. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കുഞ്ഞനങ്ങി. പിന്നീട് കണ്ണുതുറന്നു.

ഈശോയുടെ വലിയ കരസ്പർശം സിസ്റ്റർ ഡോക്ടറിന്റെ കരങ്ങളിലൂടെ മകളിലേയ്ക്ക് കടന്നുവന്നത് ഞങ്ങൾ തിരിച്ചറിഞ്ഞു. ഈ ജീവിതയാത്രയിലുടനീളം കർത്താവിന്റെ മുമ്പിൽ ഞങ്ങൾ കൈകൂപ്പുമ്പോൾ ഈ നിമിഷങ്ങൾ എപ്പോഴും തെളിഞ്ഞുനിൽക്കുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം ആശുപത്രി വിട്ടു. വിശുദ്ധ കുർബാനയിൽ ഗായകസംഘത്തിൽ ഓർഗൺ വായിച്ച് മകൾ സ്തുതിഗീതങ്ങളർപ്പിക്കുമ്പോഴും സ്‌കൂളുകളിൽ ഉന്നതവിജയങ്ങളും അവാർഡുകളും നേടി ഇപ്പോൾ ചെന്നൈ സ്റ്റെല്ലാ മാരീസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴും എന്റെയും ലിസിയുടെയും എയ്ഞ്ചലിന്റെയും ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളിൽ കർത്താവിന്റെ വലിയ അഭിഷേകത്തിന്റെയും കരുണയുടേയും കൃപാകടാക്ഷത്തിന്റെയും നിമിഷങ്ങൾ തെളിയുന്നു.

കടപ്പാട്: സൺ‌ഡേ ശാലോം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments