HomeFaithദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ.....പ്രളയക്കെടുതിയിൽ ഏയ്ഞ്ചൽ മേരി എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ…..പ്രളയക്കെടുതിയിൽ ഏയ്ഞ്ചൽ മേരി എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പ്രളയക്കെടുതി മൂലം നൂറുകണക്കിനൂളുകള്‍ മരിക്കുകയും, ലക്ഷങ്ങള്‍ക്ക് വീടു വിട്ട് മറ്റ് അഭയ കേന്ദ്രങ്ങള്‍ തേടേണ്ടി വരികയും ചെയ്ത അസാധാരണ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതീവ ഗുരുതരമായ ഒരവസ്ഥയാണിപ്പോള്‍ കേരളത്തിൽ ഉള്ളത്. സംസ്ഥാനത്തൊട്ടാകെ പ്രളയക്കെടുതിയിൽ ഇതുവരെ 357 പേര് മരിച്ചതായാണ് സർക്കാർ കണക്കുകൾ പറയുന്നത്. യാഥാർഥ ഭീകരത പുറത്തുവരാനിരിക്കുന്നതേയുള്ളു. ഈ പ്രളയകാലത്ത് ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ഇല്ലായിരുന്നു, മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളു. രക്ഷിക്കാൻ നീട്ടിയ കൈകൾ ഏതു മതക്കാരന്റേതെന്നു ആരും തിരക്കിയില്ല. കിട്ടിയ ഭക്ഷണം ഏതുജാതിക്കാരൻ ഉണ്ടാക്കി എന്നാരും തിരക്കിയില്ല, കേരളം ഈ ദിവസങ്ങളിൽ ഒറ്റക്കെട്ടായിരുന്നു, എല്ലാ അർഥത്തിലും.

എന്നാൽ, എന്താണ് ഇത്തരം ഒരു ദുരന്തം കേരളത്തെ ഇത്രപെട്ടെന്ന് കീഴടക്കാൻ കാരണം ? പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണിത്. എത്രയോ കാലമായി പശ്ചിമഘട്ടത്തെവരെ മനുഷ്യന്റെ കരങ്ങള്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ മനുഷ്യന്റെ കടന്നുകയറ്റം പ്രകൃതിയുടെ നിലനില്‍പ്പിനെ അസ്ഥിരപ്പെടുത്തിയെന്നു മാധവ്ഗാഡ്ഗില്‍ കേന്ദ്രസര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാടില്ലാതാകുമ്പോള്‍, പുഴകള്‍ മരിക്കുമ്പോള്‍, വെള്ളത്തിന്റെ ഒഴുക്കു തടഞ്ഞു നിര്‍മാണപ്രവര്‍ത്തനം നടത്തുമ്പോള്‍, പശ്ചിമഘട്ട മലനിരകളില്‍ ക്വാറികള്‍ പെരുകുമ്പോള്‍, വെള്ളച്ചാലുകള്‍ നികത്തി കോണ്‍ക്രീറ്റ് കുന്നുകള്‍ നിര്‍മിക്കുമ്പോള്‍ ഓരോ മഴയോടൊപ്പം പ്രളയവും ഉരുള്‍പൊട്ടലുകളും ഉണ്ടാകുമെന്നു മനുഷ്യൻ ഓർത്തില്ല.

എങ്ങോട്ടൊഴുകിപ്പോകും വെള്ളം ?

കുറേകാലം മുൻപുവരെ ഇതല്ലായിരുന്നു കേരളത്തിന്റെ അവസ്ഥ. ഒരു മഴ പെയ്താൽ, അല്പം വെള്ളം നിറഞ്ഞാൽ, അത് ഒഴുകി തോടുകളിലും പുഴകളിലും ചെന്ന് ചേരാൻ നിരവധി കൈവഴികളും ചെറുതോടുകളും ഉണ്ടായിരുന്നു. ഇനി, ഇതൊന്നുമില്ലെങ്കിൽത്തന്നെ, നമ്മുടെയൊക്കെ മുറ്റങ്ങളിൽ, തൊടികളിൽ ഒക്കെ താഴ്ന്നിറങ്ങാനുള്ള സാഹചര്യം വെള്ളത്തിനുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥയോ? മുറ്റങ്ങളൊക്കെ നമ്മൾ ടൈലുകൾ ഇട്ട് മനോഹരമാക്കി. സൂചികുത്താൻ ഇടമില്ലാത്ത രീതിയൽ പറമ്പും തൊടിയുമെല്ലാം കോൺക്രീറ്റ് ചെയ്‌താൽ പിന്നെ വെള്ളം എങ്ങോട്ട് ഒഴുകും ? ചെറുതോടുകൾ, കലുങ്കുകൾ, കുളങ്ങൾ ഒക്കെ മണ്ണിട്ട് നികത്തി സ്വന്തം അതിരുകൾ കെട്ടിയടച്ചു ഭദ്രമാക്കിയപ്പോൾ ഇത്തരമൊരു സാഹചര്യം ആരും പ്രതീക്ഷിച്ചു കാണില്ല.

മായം മായം സർവത്ര

മലയാളിയുടെ പ്രഭാതത്തിലെ കട്ടൻ ചായയിൽ തുടങ്ങുന്ന മായം അവൻ രാത്രി കഴിക്കുന്ന അത്താഴത്തിൽ വരെ നിറഞ്ഞു നിൽക്കുകയാണ്. വിപണിയിലുള്ള അസംഖ്യം മായങ്ങളുടെ പാചകപ്പുരകളാണ് നമ്മുടെ അടുക്കളകള്‍. ‘കുറഞ്ഞ ഗുണനിലവാരത്തില്‍ കൂടുതല്‍ ലാഭം’ എന്ന ചൂഷക മുദ്രാവാക്യം കര്‍ഷകരും വ്യാപാരികളും ഒരു പോലെ ഏറ്റെടുത്തതിനാല്‍ അല്‍പമെങ്കിലും വിഷം അകത്താവാതെ ഒരു പിടി ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നമ്മുടെ ജീവിതം. മായം കലര്‍ന്ന ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിച്ചു മാറ്റാമെന്ന് ധരിച്ചാലും ഇനിയുള്ള കാലം നടക്കില്ല. രോഗങ്ങളെ നിഷ്‌കാസനം ചെയ്യു ന്ന മരുന്നുകളില്‍ പോലും മായമാണെന്നതാണു കാരണം. ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന 40,000 കോടിയുടെ മരുന്നില്‍ 12,000 കോടിയുടേതും മായം ചേര്‍ത്തതോ വ്യാജ മരുന്നുകളോ ആണ്. ഈ മായം ചേർക്കലിന് മറ്റൊരുവശമുണ്ട്. ഇതിന്റെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ മുഴുവൻ തള്ളുന്നത് പുഴകളിലേക്കും മറ്റു ജല സ്രോതസിലേക്കുമൊക്കെയാണ്. ഇവ അടിഞ്ഞുകൂടി അതുതന്നെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. ഇത്തവണത്തെ പ്രളയത്തിൽ വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോൾ കേരളത്തിലെ പല പ്രധാന പാലങ്ങളിലും അടിഞ്ഞുകൂടിയത് രണ്ടടിയോളം കനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ്.

മലകൾ ഇല്ലാതായി

കിഴക്കൻ മേഖലകളിൽ ഉരുൾപൊട്ടലിനു ഒരുപ്രധാന കാരണം തത്വദീക്ഷയില്ലാത്ത മണ്ണെടുക്കലും ഇടിച്ചുനിരത്താലും തന്നെയാണ്. മലകൾ താഴേക്ക് ഊർന്നിറങ്ങി, വൻപാറകൾ ഉരുണ്ടുവീണ്, മലവെള്ളം കുത്തൊഴുകി വീടുകളെയും മനുഷ്യരെയും മണ്ണിനെയും കൃഷിയെയും വിഴുങ്ങുന്ന കാലവർഷം കേരളത്തിന് പുത്തരിയല്ല. പ്രകൃതി പ്രതിഭാസങ്ങളെ കീഴടക്കാൻ മനുഷ്യന് ആവുന്നുമില്ല. എങ്കിലും ഇത്തരം പ്രകൃതിക്ഷോഭങ്ങൾ ക്ഷണിച്ചു വരുത്തുന്നതിൽ നമുക്ക് വലിയ പങ്കുണ്ടെന്നു ശാസ്ത്രജർ ആവർത്തിച്ചു പറയുന്നത് ദുരന്തകാലങ്ങളിലെങ്കിലും ചെവിക്കൊള്ളാൻ നാം ബാദ്ധ്യസ്ഥരാണ്.കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതും പാറപൊട്ടിക്കുന്നതും റോഡ് നിർമാണവും ഒഴുക്കുകൾ തടയുന്നതും ഉൾപ്പെടെയുള്ള മനുഷ്യന്റെ പ്രതിപ്രവർത്തനങ്ങളാണ് ഉരുൾ പൊട്ടാനും മണ്ണിടിയാനും കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. തോരാതെ പെയ്യുന്ന മഴ, വനനശീകരണം, പുഴകളുടെയും അരുവികളുടെയും ഒഴുക്ക് തടയൽ, മണ്ണിനെ ചേർത്ത് നിർത്താൻ കെൽപ്പില്ലാത്ത വേരുകളുള്ള കൃഷികൾ – ഇവയൊക്കെ മണ്ണിടിച്ചിലിന് ഇടയാക്കുന്നു. പാറമടകളിൽ പാറ പൊട്ടിക്കാൻ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ അവിടുത്തെ പ്രകൃതിക്ക് കാര്യമായ മാറ്റം സംഭവിക്കുകയും ഭൂമിക്കടിയിലെ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും ഉരുൾ പൊട്ടലിലേക്ക് ചെന്നെത്തുകയും ചെയ്യുന്നു.

വയലുകളെല്ലാം നികത്തി

പലപല വികസനത്തിന്റെ പേരുകൾ പറഞ്ഞു വയലായ വയലൊക്കെ നികത്തിയപ്പോൾ ഇല്ലാതായത് ഒരു ജൈവ വ്യവസ്ഥയുടെ സന്തുലിതമായ അവസ്ഥയാണ്. വയലിലെ ചെറു വെള്ളക്കെട്ടുകളും കുളങ്ങളുമൊക്കെ കുറെയെങ്കിലും നിലനിർത്തിരിയുന്നെങ്കിൽ ഇപ്പോഴത്തെ ഈ അവസ്ഥയുടെ ഭീകരത കുറെയൊക്കെ കുറയ്ക്കാമായിരുന്നുവെന്നു വിദഗ്‌ഗർ ചൂണ്ടിക്കാട്ടുന്നു. ഒന്നും പഴയപോലെയാക്കാൻ പറ്റില്ലെങ്കിലും ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ അല്പം വിവേകത്തോടെ പെരുമായിയില്ലെങ്കിൽ വരും വർഷങ്ങളിൽ നമ്മെ കാത്തിരിക്കുന്നത് ഇതിലും വലിയ ദുരന്തമാവാം, അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.

ഇത്രയും പറഞ്ഞത് ഭൗതിക കാര്യങ്ങളാണെങ്കിൽ ഇനി അതല്ലാത്തെ ചില കാര്യങ്ങൾ കൂടിയുണ്ട്.

കൈക്കൂലി

ഏഷ്യാ പസഫിക്ക് മേഖലയില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി നിരക്കുള്ളത് ഇന്ത്യയിലെന്ന് സര്‍വേ പറയുന്നു. രാജ്യാന്തര ആന്റി ഗ്രാഫ്റ്റ് റൈറ്റ്‌സ് ഗ്രൂപ്പ് ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷണലിന്റേതാണ് സര്‍വേഫലം. 69 ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കൈക്കൂലി നല്‍കേണ്ടിവരുന്നു എന്നാണ് റിപ്പോര്‍ട്ട്. പൊതുസേവനങ്ങള്‍ നടപ്പിലാക്കി കിട്ടാന്‍ മൂന്നില്‍ രണ്ട് ഇന്ത്യയ്ക്കാര്‍ക്കും കൈക്കൂലി നല്‍കേണ്ടി വരുന്നു. പാവങ്ങളുടെ വിയർപ്പിന്റെ ഫലം ഒരു ഉളുപ്പുമില്ലാതെ കൈക്കലാക്കുമ്പോൾ അതിനു മുകളിൽ ശാപത്തിന്റെ കരങ്ങളുണ്ടെന്നു കേരളം തിരിച്ചറിഞ്ഞില്ല. കൈക്കൂലി നിർബന്ധമായി ആവശ്യപ്പെടുന്നവരും അവിഹിത നേട്ടങ്ങൾക്കായി അവർക്കു കൈക്കൂലി കൊടുക്കുന്നവരും ശിക്ഷിക്കപ്പെടാതെ പോകുമ്പോൾ, അധികമാരും ആ പ്രവണതയ്‌ക്കെതിരെ പോരാടാൻ തയ്യാറാകുന്നില്ല.

“ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്‌കകൊണ്ടു മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യപ്പെടുന്നു” എന്ന്‌ ശലോമോൻ രാജാവ്‌ പ്രസ്‌താവിച്ചു.—സഭാപ്രസംഗി 8:11.

അഴിമതിയല്ലാതെ മറ്റൊന്നുമില്ലിവിടെ

മനുഷ്യ സമുദായത്തിന്റെ ചട്ടക്കൂടിനെത്തന്നെ ദുർബലമാക്കുംവിധം അഴിമതി വിപുലവ്യാപകവും സങ്കീർണവും ആയിത്തീർന്നിരിക്കുന്നു കേരളത്തിൽ. ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം, അത്രേയുള്ളു മലയാളിക്ക്. എന്തിനും ഏതിനും അഴിമതിയാണിവിടെ. ഈ ലോകത്തിന്റെ അദൃശ്യ ഭരണാധിപനായി ബൈബിൾ തിരിച്ചറിയിക്കുന്ന പിശാചായ സാത്താന്‌ ഇക്കാര്യത്തിലുള്ള പങ്ക്‌ നാം അവഗണിക്കരുതാത്ത ഘടകമാണ്‌. (1 യോഹന്നാൻ 5:19; വെളിപ്പാടു 12:9) സാത്താൻ അഴിമതിയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു. സാത്താൻ ക്രിസ്‌തുവിനു വാഗ്‌ദാനം ചെയ്‌ത കൈക്കൂലി ആണ്‌ രേഖപ്പെടുത്തിയിട്ടുള്ളതിലേക്കും ഏറ്റവും വലിയ കൈക്കൂലി. ‘വീണു എന്നെ നമസ്‌കരിച്ചാൽ, ലോകത്തിലുള്ള സകല രാജ്യങ്ങളും അവയുടെ മഹത്വവും നിനക്കു തരാം’ എന്ന്‌ സാത്താൻ യേശുവിനോടു പറഞ്ഞു.—മത്തായി 4:8, 9.

പണമാണ് മലയാളിക്ക് എല്ലാം

എത്രകിട്ടിയാലും മലയാളിക്ക് പണം തികയില്ല. ഒരുതരം വല്ലാത്ത ആർത്തിയാണ് അതിനോട്. എല്ലാത്തിനും മുകളിൽ പണത്തെ കണ്ടപ്പോൾ മലയാളി മറ്റെല്ലാം മറന്നു. സ്വന്തം സഹോദരങ്ങളെയും അയൽക്കാരെയും വരെ പണത്തിനുവേണ്ടി കൊന്നു. വിശന്നുവലഞ്ഞപ്പോൾ ഒരുപിടി അന്നം എടുത്തുപോയതിനു ആദിവാസി യുവാവിനെ നിഷ്കരുണം തല്ലിക്കൊന്ന നാടാണ് കേരളം. അതുപോലെ അറിയപ്പെടാത്ത എത്രയെത്ര സംഭവങ്ങൾ….എന്നാൽ, ആരുംകാണാത്തവന്റെ കണ്ണുനീർ ആരൊക്കെയോ കണ്ടു. ഈയവസരത്തിൽ ചർച്ച ചെയ്യേണ്ട കാര്യമല്ല ഇതെങ്കിലും ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമാണ്, മലയാളീ നീ അടിമുടി മാറേണ്ട സമയം കഴിഞ്ഞു. ഇപ്പോൾ, ഈ പ്രളയ സമയത്ത് കാണിച്ച ഈ ഒരുമയും സ്നേഹവും ഒരു വെയിൽ തെളിയുമ്പോഴേക്കും മറക്കാതിരുന്നാൽ, നല്ലത്….

ഏയ്ഞ്ചൽ മേരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments