സ്ഫടികം 2 ടീസർ പുറത്തിറങ്ങി: സീരിയൽ ഇതിലും ഭേദമെന്ന് ആരാധകർ; വീഡിയോ കാണാം

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്റെ സ്ഫടികം. ആടുതോമ എന്ന റൌഡിയുടെ കഥയായിരുന്നിട്ടു കൂടി നിരവധി കണ്ണ് നനയ്ക്കുന്ന മുഹൂര്‍ത്തങ്ങള്‍ അതിലുണ്ടായിരുന്നു. ഇപ്പോഴും ചാനലുകളില്‍ വരുമ്ബോള്‍ സ്ഫടികം കാണാത്തവര്‍ ചുരുക്കമാണ്. അതിനിടയിലാണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വന്നത്. യുവേഴ്സ് ലവിംഗ്‍ലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ബിജു.ജെ കട്ടക്കലാണ് രണ്ടാം ഭാഗമൊരുക്കുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്ബന്‍ ജോണിയുടെ ടീസര്‍ പുറത്ത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കിയ സ്ഫടികത്തിലെ ചില ഡയലോഗുകളും രംഗങ്ങളും അതേപോലെ പകര്‍ത്തിക്കൊണ്ടുള്ളതാണ് ടീസര്‍.

എന്തായാലും ടീസറിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സീരിയല്‍ ഇതിലും ഭേദമായിരിക്കും എന്നാണ് ചിലരുടെ കമന്റ്. ചിത്രത്തിന്റെ പേര് മാറ്റണം എന്നാവശ്യപ്പെടുന്നവരും നിരവധിയാണ്. യൂട്യൂബില്‍ ഡിസ്ലൈക്ക് നിറയുകയാണ് ട്രെയ്‌ലര്‍. ചിത്രത്തില്‍ അഭിനയിക്കുന്നവരെക്കുറിച്ച്‌ ഇതുവരെ പുറത്തുവന്നിട്ടില്ല.

സ്ഫടികം റിലീസായി 24 വര്‍ഷം തികയുന്നത് പ്രമാണിച്ചാണ് ഇന്നു തന്നെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരേ സ്ഫടികം സംവിധായകന്‍ ഭദ്രന്‍ അടക്കം രംഗത്തെത്തിയിരുന്നു. കൂടാതെ ആരാധകരും സ്ഫടികത്തിന്റെ പേര് ഉപയോഗിക്കുന്നതിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ വേഷത്തില്‍ സണ്ണി ലിയോണി എത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്. നാല് വര്‍ഷം കഷ്ടപ്പെട്ട് ഗവേഷണം ചെയ്താണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് എന്നാണ് ബിജു പറയുന്നത്. എന്നാല്‍ ബിജുവിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ രോക്ഷപ്രകടനവുമായി എത്തിക്കഴിഞ്ഞു. യുവേഴ്‌സ് ലൗവിങ്‌ലി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ബിജു.

കടപ്പാട്: വെള്ളിനക്ഷത്രം