തൂവാനതുമ്പികളിലെ ജയകൃഷ്ണൻ ഉണ്ടായത് ഇങ്ങനെയാണ് !! 32 വർഷത്തിനു ശേഷം ഒരു വെളിപ്പെടുത്തൽ !

117

പത്മരാജന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത തൂവാനതുമ്പികൾ 1987 ലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയെ ശ്രദ്ധേയമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന് കാരണക്കാരനായ ഉണ്ണിമേനോനെ കുറിച്ചുള്ള കുറിപ്പ് വൈറലാവുകയാണ്. ഉണ്ണി മേനോനെ നേരിട്ട് കണ്ട് സംസാരിച്ച സ്റ്റീഫന്‍ ജോസ് എന്നൊരാള്‍ സിനിമാ പാരഡിസ്‌കോ ക്ലബ്ബില്‍ എഴുതിയ പോസ്റ്റ് ആണ് ശ്രദ്ധേയമായിരിക്കുന്നത്.

ആ പോസ്റ്റ്‌ ഇങ്ങനെ :

“മണ്ണാറത്തൊടി ജയകൃഷ്ണന്‍ അഥവാ പുതിയേടത്ത് ഉണ്ണിമേനോന്‍ തൂവാനത്തുമ്പികള്‍ എന്ന സിനിമ പത്മരാജന്റെ തൃശ്ശൂര്‍ ജീവിതകാലത്തെ സൗഹൃദങ്ങളിലൊന്നായ പുതിയേടത്ത് ഉണ്ണി മേനോന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്തതാണ് എന്ന് വളരെ മുന്‍പേ കേട്ടിരുന്നു. വളരെ യാദൃശ്ചികമായാണ് പി ഉണ്ണിമേനോന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഞാന്‍ എന്നും യാത്ര ചെയ്യുന്ന വഴിയിലാണ് ആള്‍ താമസിക്കുന്നതെന്നും അറിയുന്നത്. എന്നാല്‍ ഒന്നു കണ്ട് കളയാം എന്ന് തീരുമാനിച്ച് ഒരു ഒഴിവ് ദിവസം വൈകുന്നേരം അവിടെ പോയി. വീട് കണ്ടു പിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും അവസാനം കണ്ടെത്തി. ഗേറ്റില്‍ P Unnimenon BA BL എന്ന് എഴുതിയിട്ടുണ്ട്. അല്‍പ്പം പേടിയോടെയാണ് അകത്ത് കയറി കോളിംഗ് ബെല്‍ അടിച്ചത്. ഒരു മിനിട്ടിന്റെ കാത്തിരിപ്പിന് ശേഷം, സാക്ഷാല്‍ ഉണ്ണി മേനോന്‍ തന്നെ വാതില്‍ തുറന്നു. കാണാന്‍ ഉള്ള താല്‍പ്പര്യത്തില്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ വളരെ സ്‌നേഹത്തോടെ വിളിച്ച് അകത്തേക്കിരുത്തി. ഏകദേശം ഒരു മണിക്കൂറോളം തന്റെ പഴയ കാല ജീവിതത്തെക്കുറിച്ച് വളരെ ആവേശത്തോടെ സംസാരിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ പെരുവല്ലൂര്‍ എന്ന ഗ്രാമത്തില്‍ ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ള പഴയ ഫ്യൂഡല്‍ തറവാട്ടില്‍ ഒരു അഡ്വക്കെറ്റിന്റെ രണ്ടാമത്തെ മകനായിട്ടായിരുന്നു ഉണ്ണി മേനോന്റെ ജനനം. മൂത്ത മകന്‍ നന്നേ ചെറുപ്പത്തില്‍ മരിച്ചത് കൊണ്ട് ഇദ്ദേഹത്തെ വളരെ ലാളിച്ചാണ് വളര്‍ത്തിയത്. ഉന്നത വിദ്യാഭ്യാസത്തിന് കേരളവര്‍മ്മ കോളേജില്‍ എത്തിയത് മുതലാണ് സിനിമയില്‍ കാണിച്ചത് പോലെയുള്ള ജീവിതം ആരംഭിച്ചതത്രേ. കൈയില്‍ ധാരാളം പൈസയും സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള സാഹസിക മനോഭാവവും ആണ് തനിക്ക് ഇത്ര വലിയ സൗഹൃദവലയം ഉണ്ടാക്കിത്തന്നത് എന്ന് ഉണ്ണി മേനോന്‍ വിശ്വസിക്കുന്നു. പെരുവല്ലൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് തൃശ്ശൂര്‍ നഗരത്തിലേക്ക് വരുന്നത് ഭയങ്കര റിലാക്‌സേഷന്‍ ആയിരുന്നു എന്ന് ആള്‍ ഓര്‍ത്തെടുക്കുന്നു.

ആ കാലത്തെ സാഹിത്യ, രാഷ്ട്രീയ, സിനിമാ മേഖലകളിലെ പ്രമുഖരെല്ലാം ഉണ്ണി മേനോന്റെ സുഹൃത്തുക്കള്‍ ആയിരുന്നു. പി പത്മരാജനെ കൂടാതെ ഭരതന്‍, രാമു കാര്യാട്ട് (ചെമ്മീന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ആദ്യാവസാനം ഉണ്ണി മേനോന്‍ രാമു കാര്യാട്ടിനൊപ്പമുണ്ടായിരുന്നു) വൈക്കം മുഹമ്മദ് ബഷീര്‍, വികെഎന്‍, ശോഭന പരമേശ്വരന്‍ നായര്‍, ഉറൂബ്, എംടി വാസുദേവന്‍ നായര്‍ തുടങ്ങിയ സാഹിത്യകാരന്‍മാരും, പ്രേം നസീര്‍, സത്യന്‍, മധു, സുകുമാരന്‍ അടക്കമുള്ള സിനിമ നടന്‍മാരും, കരുണാകരന്‍, സുധീരന്‍, കെ പി വിശ്വനാഥന്‍, ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരും ഉണ്ണി മേനോന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു.

തൂവാനത്തുമ്പികള്‍ സിനിമയില്‍ കാണിച്ചിട്ടുള്ള പല കാര്യങ്ങളും- കോളേജില്‍ പോയി കാമുകിയെ കാണുന്നത്, ആടിന്റെ തലവാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുന്നത്, ബാറിലെ സീനുകള്‍ ഒക്കെ തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ തന്നെയാണെന്ന് ഉണ്ണിമേനോന്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം ജീവിതത്തില്‍ സിനിമയില്‍ കാണിക്കുന്നത് പോലെ ഒരു ക്ലാര ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അത് പത്മരാജന്റെ ഇമാജിനേഷന്‍ ആണെന്നാണ് മറുപടി പറഞ്ഞത്. ആ കാലത്ത് പ്രീമിയര്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ക്ലാരമാരും അവരെ തേടിയെത്തുന്ന കസ്റ്റമര്‍മാരും, സിനിമയില്‍ ബാബു നമ്പൂതിരി അവതരിപ്പിക്കുന്ന തങ്ങളെ പോലെയുള്ള പിമ്പുമാരും ധാരാളം ഉണ്ടായിരുന്നു. പത്മരാജന് ഇവരെ ഒക്കെ പരിചയമുണ്ടായിരുന്നു. അതില്‍ നിന്നാണ് ആ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയതത്രേ.