‘ചെയ്ത ജോലിയുടെ കൂലി ചോദിക്കുമ്പോൾ മോഷ്ടിച്ചെന്ന് പറയരുത്’ ! നടി ഗീതു മോഹൻദാസിനെതിരെ കോസ്റ്റ്യൂം അസിസ്റ്റന്റ് റാഫി !

32

നടി ഗീതു മോഹന്‍ദാസിന്‍റ പോസ്റ്റിന് മറുപടിയുമായി കോസ്റ്റ്യൂം അസിസ്റ്റന്റ് റാഫിയുടെ കുറിപ്പ്. കൂലി ചോദിക്കുമ്ബോള്‍ മോഷ്ടിച്ചെന്ന് പറയരുതെന്നും വലിയ സിനിമാ ബാക്ക് ഗ്രൗണ്ട് ഒന്നുമില്ലെങ്കിലും താനത് ചെയ്യില്ലെന്നും റാഫി പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് ഗീതുവിന്റെ കോള്‍ റെക്കോര്‍ഡ് സഹിതം റാഫി വികാരപരമായ പ്രതികരണം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

“നിങ്ങള്‍ പോയ ശേഷമാണ് എന്റെ ഡിസൈനര്‍ മാക്സിമ ചെയ്ത വസ്ത്രങ്ങള്‍ ഞങ്ങളുടെ സ്റ്റുഡിയോയില്‍ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങള്‍ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്. അത് തിരിച്ചു തരാതിരുന്നപ്പോള്‍ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേല്‍ പറഞ്ഞ സംഭാഷണം നടത്തിയത്.
നിങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുടെ മുഴുവന്‍ പേയ്‌മെന്റും നല്‍കി തീര്‍പ്പാക്കുന്നതുവരെ വസ്ത്രങ്ങള്‍ മടക്കിനല്‍കില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നല്‍കിയ സമയത്തിനുള്ളില്‍ തന്നെ, എന്റെ നിര്‍മ്മാതാവ് എല്ലാ പേയ്‌മെന്റുകളും നല്‍കിയതുമാണ്. “( ഗീതു മോഹന്‍ ദാസ് മാഡത്തിന്‍്റെ പോസ്റ്റില്‍ നിന്ന്)

മാഡം, ഇന്നലെ നിങ്ങള്‍ പോസ്റ്റില്‍ സൂചിപ്പിച്ച ആ കോസ്റ്റ്യൂം ഡിസൈനറുടെ അസിസ്റ്റന്റ് ഞാനാണ്. നിങ്ങളോടൊപ്പം ലക്ഷദ്വീപില്‍ ഡിസൈനര്‍ സ്റ്റെഫിയുടെ അസിസ്റ്റന്റ് ആയി ഞാനാണ് വന്നത്. (തെളിവുകള്‍ വേണമെങ്കില്‍ ഹാജരാക്കാം). നിങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം, നിങ്ങളുടെ ഓഫീസില്‍, നിങ്ങളുടെ സാന്നിധ്യത്തില്‍ ഞാനാണ് വന്നു കോസ്റ്റ്യൂം കളക്‌ട് ചെയ്തത്. ഇത് ചെയ്യാന്‍ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടതിന്‍്റെ രേഖയാണ് വോയ്സ് നോട്ടായി താഴെ കൊടുത്തിരിക്കുന്നത്. ഇതിനെ കുറിച്ചാണ് നിങ്ങളുടെ സ്റ്റുഡിയോയില്‍ നിന്ന് നിങ്ങളുടെ അറിവില്ലാതെ കോസ്റ്റ്യൂംസ് എടുത്തു കൊണ്ടു പോയതായി നിങ്ങള്‍ പറഞ്ഞത്. എന്നു വച്ചാല്‍ ഞാന്‍ നിങ്ങളുടെ കോസ്റ്റ്യൂംസ് മോഷ്ടിച്ചെന്ന്. മാഡം, നിങ്ങളുടേതു പോലെ വലിയ സിനിമാ ബാക്ഗ്രൗണ്ടൊന്നും എനിക്കില്ലെങ്കിലും ഞാനത് ചെയ്യില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങി ജീവിതം കഴിക്കുന്നവരാണ് ഞങ്ങള്‍. അതു കൊണ്ട് ദയവ് ചെയ്ത് മാഡം ആ പ്രസ്താവന പിന്‍വലിക്കണം.

മാഡം പറഞ്ഞത് പ്രകാരം വാഷിംഗിനും, അയണിങ്ങിനുമായി ഞങ്ങളുടെ കൈവശം നിങ്ങള്‍ തന്നുവിട്ട കോസ്റ്റ്യൂം പിന്നീട് തുടര്‍ന്ന് ഉള്ള ജോലിയില്‍ നിന്ന് ഞങ്ങളെയെല്ലാം മാറ്റി നിര്‍ത്തിയപ്പോള്‍, നിങ്ങളുടെ ടീമിന്റെ കൈയ്യില്‍ തിരിച്ചേല്പിച്ചതും ഞാന്‍ തന്നെയാണ്. നിങ്ങളുടെ പോസ്റ്റില്‍ പറഞ്ഞ പോലെ കൂലിയുടെ കാര്യത്തില്‍ ഒരു വിലപേശലും നടന്നിട്ടില്ല. നിങ്ങളുടെ ഷൂട്ടിംഗും കഴിഞ്ഞു എത്രയോ നാളുകള്‍ കഴിഞ്ഞാണ് എന്റെ അസിസ്റ്റന്റ് ബാറ്റ പോലും കിട്ടിയത്. (അതിന്റെ ബാങ്ക് ഡീറ്റൈല്‍സ് എന്‍്റെ പക്കലുണ്ട്.). പക്ഷേ നിങ്ങള്‍ പറയുന്നു ” ഷൂട്ടിംഗിന് ‘2 ദിവസം’ മുന്‍പേ എന്റെ ബാറ്റ തന്നുവെന്ന് ‘,എങ്കില്‍ അതിന്റെ തെളിവുകള്‍ നിങ്ങളാണ് നല്‍കേണ്ടത്.

സിനിമ ഇറങ്ങി ഇത്രനാള്‍ കഴിഞ്ഞിട്ടും, എന്റെ ഡിസൈനറിനുള്ള കൂലിയോ ഞങ്ങള്‍ താമസിച്ച റൂമിന്റെ വാടക പോലുമോ നിങ്ങള്‍ നല്‍കിയിട്ടില്ല (ഈ പോസ്റ്റ് ഇടുന്നത് വരെയും.) ചെയ്ത ജോലിയുടെ കൂലിക്കുവേണ്ടിയാണ് മാഡം ഇതൊക്കെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. കൂലി ചോദിക്കുമ്ബോ ഞങ്ങള്‍ തുണികള്‍ മോഷ്ടിച്ചെന്നൊക്കെ മറ്റുള്ളോരെ തെറ്റിദ്ധരിപ്പിച്ച്‌ ഇനിയെങ്കിലും സംസാരിക്കരുത്. വളരെ ആത്മാര്‍ഥമായി ഈ തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാന്‍. തുടര്‍ന്നും അങ്ങനെ തന്നെ ആയിരിക്കും, അതിനിടയില്‍ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്ര വിശദീകരിച്ച്‌ എഴുതേണ്ടി വന്നത്. നന്ദി മാഡം.