മകളും പ്രിയതമനുമില്ലാത്ത ലോകത്തേക്ക് ലക്ഷ്മി തിരിച്ചുവരുന്നു; ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ലക്ഷ്മിയെക്കുറിച്ച് സ്റ്റീഫൻ ദേവസി പറയുന്നത്…

8

ബാലുവിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇനിയും സാധിച്ചിട്ടില്ല. അപകടത്തില്‍ ബാലുവിനും മകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ എല്ലാവരുടേയും ഉള്ളില്‍ നോവായത് ലക്ഷ്മിയായിരുന്നു. ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിക്ക് ബോധം തെളിഞ്ഞുവെന്നും ലക്ഷ്മി കണ്ണുകള്‍ തുറന്നുവെന്നുമാണ് ഏറ്റവും പുതിയ വാര്‍ത്ത.

കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രശസ്ത സംഗീത സംവിധായകനും ബാലഭാസ്‌കറിന്റെ ഏറ്റവുമടുത്ത സുഹൃത്തുമായ സ്റ്റീഫന്‍ ദേവസ്സിയാണ് ഇക്കാര്യം അറിയിച്ചത്.’ലക്ഷ്മിയെക്കുറിച്ച്‌ ഒരുപാട് പേര്‍ അന്വേഷിക്കുന്നുണ്ട്. ഞാന്‍ ഡോക്ടറുമായി സംസാരിച്ചിരുന്നു. ലക്ഷ്മി കണ്ണുകള്‍ തുറന്നു. ബോധത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. നമ്മള്‍ സംസാരിക്കുന്നതെല്ലാം കേള്‍ക്കാന്‍ ഇപ്പോള്‍ ലക്ഷ്മിക്ക് സാധിക്കും. പക്ഷെ തിരിച്ചൊന്നും പറയാന്‍ കഴിയില്ല. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അവര്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നും തന്നെയാണ് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നത്,’ സ്റ്റീഫന്‍ പറഞ്ഞു.