കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെ നിവിന്‍ പോളിക്ക് പരിക്ക്; ഷൂട്ടിങ് മാറ്റിവച്ചു

റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടെ സിനിമയിലെ നായകനായി അഭിനയിക്കുന്ന നിവിന്‍ പോളിക്ക് പരിക്ക്. ഇടതുകൈയിലെ എല്ലിനാണ് പരിക്കേറ്റത്. ഗോവയില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കിനേത്തുടര്‍ന്ന് നിവിന് 15 ദിവസത്തെ വിശ്രമം നിര്‍ദേശിച്ചു. ഗോവയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ശ്രീലങ്കയിലെ ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കെയാണ് അപകടം.

ബ്രിട്ടീഷ് പട്ടാളക്കാരുമായി കൊച്ചുണ്ണി ഏറ്റുമുട്ടുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന തോക്കായിരുന്നു ഉപയോഗിച്ചിരുന്നത്. ഇടതുകൈക്ക് പരിക്കേറ്റുവെങ്കിലും അത് കാര്യമാക്കാതെ ചിത്രീകരണം തുടരുകയായിരുന്നു. രണ്ട് ദിവസത്തോളം ഇത്തരത്തില്‍ ചിത്രീകരണം നടന്നിരുന്നു. പരിക്ക് ഭേദമാവാതെ വന്നതിനെത്തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തി നിവിന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലും ചിത്രത്തിലുണ്ട്. മോഹന്‍ലാലും നിവിനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രവും കൂടിയാണ് കൊച്ചുണ്ണി. കള്ളന്‍ കൊച്ചുണ്ണിയുടെ സുഹൃത്തായ മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന ഇത്തിക്കരപ്പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്.