സമൂഹത്തിന്റെ താക്കോൽക്കാരൻ; സിനിമ റിവ്യൂ: പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

തന്റെ മിക്കവാറും എല്ലാ ചിത്രങ്ങളിലും സാമൂഹ്യ പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ശ്രമിച്ചിട്ടുള്ള സംവിധായകനാണ് രഞ്ജിത് ശങ്കര്‍.
സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും രംഗത്തിറങ്ങുന്ന പുതിയ സംരംഭകര്‍ക്ക് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്ന് നേരിടേണ്ടിവരുന്ന പ്രതികൂലതകളും പ്രതിബന്ധങ്ങളും പ്രമേയമാക്കിയ ചിത്രങ്ങള്‍ മുന്‍പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അതേ പാതയിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് രഞ്ജിത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രം. തീയേറ്ററിലെ കരച്ചിലിനും ചിരിക്കുമപ്പുറം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട കുറെ രാഷ്ട്രീയ വിഷയങ്ങളെ രണ്ടര മണിക്കൂറിലേക്കുള്ള എന്റര്‍ടെയിന്‍മെന്റാക്കി ചുരുക്കുകയാണ് ഈ ചലച്ചിത്രം.ഹര്‍ത്താലിനെതിരേയുള്ള ജോയ് താക്കോല്‍ക്കാരന്‍ എന്ന യുവ വ്യവസായിയുടെ ഒറ്റയാള്‍ പ്രതിഷേധമാണ് ആദ്യസിനിമയെങ്കില്‍ ഇക്കുറി രാഷ്ട്രീയ-ഭരണകൂട സംവിധാനങ്ങളോടുള്ള ഒറ്റയാള്‍ ചെറുത്തുനില്‍പ്പാണ്. ആധാറിനെ വിമര്‍ശിക്കുന്ന, നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്ന, തിയറ്ററിലെ ദേശീയഗാനം അടിച്ചേല്‍പ്പിച്ചതിനെ വിമര്‍ശിക്കുന്ന താക്കോല്‍ക്കാരന്‍ നടപ്പുസമൂഹത്തിലെ സാധാരണക്കാരന്റെ പ്രതീകമാണ്. സമൂഹമാധ്യമങ്ങളില്‍ ദിവസേനയെന്നോണം നാം കാണുന്ന കുറിപ്പുകളെ ഓര്‍മിപ്പിക്കുന്നതാണ് ജോയ് താക്കോല്‍ക്കാരന്റെ വ്യക്തിത്വം. ആദ്യസിനിമയില്‍ ജോയ് താക്കോല്‍ക്കാരന്‍ എന്ന റിബലിന്റെ സ്വഭാവത്തെ സ്ഥാപിക്കാനാണ് രഞ്ജിത്ത് ശങ്കര്‍ സമയമെടുത്തതെങ്കില്‍ ഇക്കുറി വ്യവസ്ഥിതിയോടുള്ള അയാളുടെ പോരാട്ടത്തിന് വഴിയൊരുക്കാനാണ് ഏറെ സമയമെടുത്തിട്ടുള്ളത്.ജയസൂര്യ തന്നെ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലെ ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രത്തിന്റെ ചന്ദനത്തിരി നിര്‍മാണ ഫാക്ടറി ബാങ്കുകാര്‍ ജപ്തി ചെയ്ത് പൂട്ടുന്നയിടത്തു നിന്നുമാണ് സിനിമക്ക് തുടക്കമാകുന്നത്. ചന്ദനത്തിരിയുടെ ബിസിനസ് പൊളിഞ്ഞ് ഫാക്ടറിയും സ്ഥാപനവുമെല്ലാം ജപ്തിചെയ്യപ്പെട്ട് അനാഥാവസ്ഥയിലെത്തിയ ജോയ് താക്കോല്‍ക്കാരൻ പുണ്യാളന്‍ വെള്ളം എന്ന പേരില്‍ മിനറല്‍ വാട്ടര്‍ ഉത്പാദിപ്പിക്കുന്ന പുതിയ സംരംഭവുമായി ജോയ് വീണ്ടും രംഗത്തിറങ്ങുന്നു. സ്വാഭാവികമായും നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടാവുന്നു. ഇത്തവണ പക്ഷേ, അയാള്‍ക്ക് നേരിടേണ്ടത് കുറച്ചുകൂടി വലിയ പ്രതിയോഗിയെയാണ്. അതിന് അയാള്‍ തിരഞ്ഞെടുക്കുന്നത് മറ്റൊരു മാര്‍ഗവും. തകർച്ചയിലും പോസിറ്റീവായി ചിന്തിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സംരംഭവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം.

താക്കോൽക്കാരന്റെ ജീവിതത്തിലെ ട്രാജഡിയോടെയാണ് ചിത്രം ആരംഭിക്കുന്നതെങ്കിലും ആദ്യപകുതി കോമഡിയാണ്. ജയസൂര്യയും അദ്ദേഹത്തിനൊപ്പമുള്ള ഹാസ്യ കഥാപാത്രങ്ങളും മികച്ചു നിന്നു. മികച്ച ഡയലോഗുകളും മോട്ടിവേഷണൽ ചിന്തകളും കൊണ്ട് ആദ്യഭാഗം മികച്ചതായി.
സാധാരണക്കാരനു നേരിടേണ്ടിവരുന്ന നിയമക്കുരുക്കുകൾക്കെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ രണ്ടാംപകുതി. ഇവിടെ ജയസൂര്യയും വിജയരാഘവനും കുറേ പത്രക്കാരും മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്. മുഖ്യമന്ത്രിയെയും ഭരണ വ്യവസ്ഥിതിയെയും കണക്കിനു വിമർശിക്കുന്ന ജോയ് താക്കോൽക്കാരനെ ഇവിടെ കാണാൻ സാധിക്കും.സമീപകാല സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളുടെ ഒരു പരമ്പരതന്നെ സിനിമയില്‍ സാന്ദര്‍ഭികമായി കടന്നുവരുന്നുണ്ട്. നോട്ട് നിരോധനം, തിയേറ്ററിലെ ദേശീയ ഗാനം, ഭക്ഷണ സ്വാതന്ത്ര്യം, വര്‍ഗ്ഗീയത, സിനിമാനടിയ്ക്കടക്കം നേരിടേണ്ടിവരുന്ന സ്ത്രീപീഡനം, മാലിന്യപ്രശ്‌നം, ടോള്‍ പിരിവ്, മാധ്യമങ്ങളുടെ ഇടപെടലുകള്‍, ഹര്‍ത്താല്‍ തുടങ്ങിയ പ്രശ്നങ്ങളെല്ലാം സിനിമയിൽ പറയുന്നുണ്ട്. ജോയ് താക്കോല്‍ക്കാരനെ നര്‍മത്തിന്റെ മേമ്പൊടി നിലനിര്‍ത്തിക്കൊണ്ടുതന്നെ ജയസൂര്യ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ശ്രീജിത് രവി അവതരിപ്പിക്കുന്ന അഭയകുമാര്‍ ആദ്യചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാവണം രണ്ടാം ചിത്രത്തില്‍ ആ കഥാപാത്രത്തെ ഒന്നുകൂടി പൊലിപ്പിച്ചിട്ടുണ്ട്. വക്കീലായി ധർമജൻ ബോൾഗാട്ടിയും ജഡ്ജായി സുനിൽ സുഖദയും മറ്റു ഹാസ്യകഥാപാത്രങ്ങളും പ്രേക്ഷകനെ രസിപ്പിക്കും.

വിഷ്ണു ഗോവിന്ദ്, ആര്യ, അജു വർഗീസ്, പൊന്നമ്മ ബാബു, വിനോദ് കോവൂർ, ഗിന്നസ് പക്രു, സതി പ്രേംജി എന്നിങ്ങനെ നീണ്ട നിര തന്നെ ചിത്രത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളായെത്തുന്നു. വിഷ്ണുവിന്റെ ഛായാഗ്രഹണം മികച്ചതാണ്. ആനന്ദ് മധുസൂദനന്റെയും ബിജിബാലിന്റെയും സംഗീതവും ശ്രദ്ധേയമായി. എന്നാൽ, പശ്ചാത്തലസംഗീതത്തിന്റെ അമിതമായ പ്രയോഗം പലയിടത്തും അലോസരമുണ്ടാക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ഒട്ടും മുഷിച്ചിലു കൂടാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പുണ്യാളൻ അഗർബത്തീസ് സെക്കന്റ്. ആദ്യഭാഗത്തേക്കാൾ ഒട്ടും തന്നെ മേലെയുമല്ല, ഒട്ടും തന്നെ താഴെയുമല്ല രണ്ടാംഭാഗം. അഗർബത്തീസിനെ ഇഷ്ടപ്പെട്ടവർക്ക് പ്രൈവറ്റ് ലിമിറ്റഡിനെയും ഇഷ്ടപ്പെടും.