ജയറാമിന്റെയും പാർവ്വതിയുടെയും രഹസ്യപ്രണയം കണ്ടുപിടിക്കാൻ ശ്രീനിവാസൻ ഉപയോഗിച്ചത് ഒരു സിംപിൾ ഐഡിയ

മലയാള സിനിമയിലെ തന്നെ മികച്ച താരദമ്പതികളിലൊരാളായ ജയറാം പാര്‍വതി പ്രണയത്തെക്കുറിച്ച് നിരവധി കാര്യങ്ങല്‍ പുറത്തു വന്നിരുന്നു. പ്രണയ നിമിഷങ്ങളും അതിനിടയിലെ വിലക്കുകളും പരസ്യമായ രഹസ്യം പോലെ പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പത്മരാജന്‍ കണ്ടെത്തിയ പ്രതിഭയായ ജയറാമിന്റെ ആദ്യ ചിത്രമായ അപരന്‍ മുതല്‍ ജയറാമിനോടൊപ്പം പാര്‍വതി കൂടെയുണ്ട്. തുടക്കത്തില്‍ അധികമാര്‍ക്കും ഈ പ്രണയത്തെക്കുറിച്ച് അറിയുമായിരുന്നില്ല. എന്നാൽ, തന്റെയും പാർവ്വതിയുടെയും രഹസ്യപ്രണയം കണ്ടുപിടിക്കാൻ ശ്രീനിവാസൻ ഉപയോഗിച്ചത് ഒരു സിംപിൾ ഐഡിയ മാത്രമെന്ന് നടൻ ജയറാം. ഏഷ്യാനെറ്റ് ഫിലിം അവാർഡ് വേദിയിലാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്.

ജയറാമും പാർവതിയും തമ്മിൽ പ്രണയമുണ്ടോ എന്ന് മലയാള സിനിമാ ലോകത്ത് സംശയം പരന്ന സമയം. അക്കാലത്താണ് സത്യൻ അന്തിക്കാടിന്റെ തലയിണ മന്ത്രം എന്ന സിനിമ ഉണ്ടാകുന്നത്. സിനിമയിൽ ജയറാമും പാർവതിയും ശ്രീനിവാസനുമുണ്ട്. ഇവർ തമ്മിൽ പ്രണയമുണ്ടോ എന്ന് സത്യൻ അന്തിക്കാടിനും സംശയം. അതൊന്നു കണ്ടുപിടിച്ചു കൊടുക്കണമെന്ന് സത്യൻ ശ്രീനിവാസനോട് പറഞ്ഞു. പതിവുപോലെ ജയറാമും പാർവതിയും സെറ്റിലെത്തി. രണ്ടുപേരെയും അൽപനേരം നിരീക്ഷിച്ച ശേഷം ശ്രീനിവാസൻ സത്യൻ അന്തിക്കാടിന്റെ വിളിച്ചു പറഞ്ഞു ”സത്യാ നിങ്ങൾ പറഞ്ഞത് ശരിയാണ്. അവർ തമ്മിൽ പ്രണയത്തിലാണ്” എന്ന്.

അതെങ്ങനെയാണ് നിങ്ങൾ അത് കണ്ടുപിടിച്ചതെന്നു ജയറാം പിന്നീട് ചോദിച്ചപ്പോൾ ശ്രീനിവാസന്റെ മറുപടി ഇങ്ങനെ: ”ഒരാളുടെ മനസ്സിൽ പ്രണയമുണ്ടെങ്കിൽ, അത് മറ്റുള്ളവർ അറിയാതിരിക്കണമെന്നു തീരുമാനിച്ചെങ്കിൽ അവർ ഒരു പ്രത്യേക ശ്രദ്ധ എടുക്കും. അന്ന് ജയറാമും പാർവതിയും സെറ്റിൽ വന്നിറങ്ങിയപ്പോൾ ഞാൻ അവരെ ശ്രദ്ധിച്ചു. രണ്ടുപേരും എല്ലാവരോടും സംസാരിക്കുന്നുണ്ട്. ഗുഡ് മോർണിംഗ് പറയുന്നുണ്ട്. എന്നാൽ പരസ്പരം സംസാരിക്കാതിരിക്കാൻ ഇരുവരും ശ്രദ്ധിക്കുന്നു. ഇതുകണ്ടതോടെയാണ് ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ഞാൻ സത്യനെ വിളിച്ചു പറയുന്നത്” നാലു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ 1992 ലാണ് ഇവര്‍ വിവാഹിതരായത്.