ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങള്‍; വിവാദ വെളിപ്പെടുത്തലുമായി സംസ്ഥാന അവാർഡ് ജേതാവ് ഇന്ദ്രൻസ്

ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘങ്ങളാണെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ്. മമ്മുട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള താരങ്ങള്‍ ആരാധകരോട് പോയി പണിയെടുക്കാനും പഠിക്കാനും പറയണം. പാലക്കാട് പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരങ്ങളോടു അമിത ഭ്രാന്ത് തോന്നുന്നത് ശ്രദ്ധിച്ച്‌ വീട്ടില്‍നിന്നു തന്നെ കുട്ടികളെ തടയണം.

സിനിമയെ കൂകി തോല്‍പ്പിക്കുന്നത് വൃത്തികേടാണെന്നും ആണുങ്ങള്‍ക്ക് ചേര്‍ന്ന പണിയല്ലെന്നും ഇന്ദ്രന്‍ പറഞ്ഞു. മലയാള സിനിമയില്‍ വനിതാ താരങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതായി അറിവില്ല. ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വിശിഷ്ടാതിഥിയായി മോഹന്‍ലാലിനെ വിളിക്കണമെന്നാണ് തന്റെ അഭിപ്രായം. അവരൊക്കെ വന്നില്ലെങ്കില്‍ കാണാന്‍ ആരും ഉണ്ടാവില്ല. പരിപാടി പതുങ്ങി നടത്തിയാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി പറയരുത്. തന്നെ സ്‌നേഹിക്കുകയും ചേര്‍ത്ത് പിടിക്കുകയും ചെയ്തവരുടെ മുന്നില്‍ നിന്ന് അവാര്‍ഡ് വാങ്ങണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്: വെള്ളിനക്ഷത്രം