HomeUncategorizedഅനൂപ് മേനോൻ -സൂരജ് മാജിക്: ഹൃദയം തൊടും മെഴുതിരി അത്താഴം; സിനിമ റിവ്യൂ

അനൂപ് മേനോൻ -സൂരജ് മാജിക്: ഹൃദയം തൊടും മെഴുതിരി അത്താഴം; സിനിമ റിവ്യൂ

ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ് മോനോൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘എന്‍റെ മെഴുതിരി അത്താഴങ്ങൾ’. സൂരജ് തോമസ് ആണ് സംവിധാനം. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പാചകക്കാരന്റ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്. ചിത്രത്തില്‍ മെഴുകുതിരി ഉണ്ടാക്കുന്ന ആളായിട്ടാണ് മിയ എത്തുന്നത്. നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത്. അതിനുപുറമെ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം പ്രണയത്തെ പുതിയ രുചിക്കൂട്ടിലാക്കി പുതുരൂപത്തിലും ഭാവത്തിലും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. പുതുമയാര്‍ന്ന രുചിക്കൂട്ടുകള്‍ തേടുന്ന ഷെഫ് ആയാണ് അനൂപ് മേനോന്‍ കഥാപാത്രമായ സഞ്ജയ് പോള്‍ എത്തുന്നത്. അലങ്കാര മെഴുകുതിരികള്‍ ഒരുക്കുന്ന ഡിസൈനറായി മിയയുടെ അഞ്ജലിയും എത്തുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയ്‌ക്ക് ഏറ്റവും ഉചിതമായ പേര് ‘മെഴുതിരി അത്താഴങ്ങള്‍’ തന്നെ. സഞ്ജയുടെയും അഞ്ജലിയുടെയും സൗഹൃദവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. സൗഹൃദം പ്രണയമായ് മാറിയപ്പോള്‍ സഞ്ജയ്‌ക്ക് അഞ്ജലി നല്‍കിയ വിലപിടിപ്പുള്ള ഒന്നായി മാറുകയാണ് ചുവന്ന മെഴുതിരിയുടെ രഹസ്യം.

ആദ്യം മുതല്‍ അവസാനം വരെ പ്രണയം പറയുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ട്വിസ്‌റ്റുകളും ഉണ്ട്. ആ ട്വിസ്‌റ്റുകളാണ് പ്രേക്ഷകരെ നൊമ്ബരപ്പെടുത്തുന്നത്. സഞ്ജയ്‌ (അനൂപ് മേനോൻ )ലോകപ്രശസ്തനായ പാചകവിദഗ്ധൻ ആണ്. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുന്ന സഞ്ജയ്‌ വിവാഹത്തിന് ഒരുങ്ങുകയാണ്. താര (ഹന്ന റെജി )യുമായുള്ള വിവാഹത്തിന്റെ തിരക്കുകൾക്കിടയിൽ ഉണ്ടാകുന്ന ഒരു ഫോൺ കാൾ നമ്മെ ഫ്ലാഷ്ബാക്കിലേക്കു നയിക്കുന്നു.

കഥ പിന്നീട് മൂന്നു കൊല്ലങ്ങൾക്കു മുമ്പ് നടന്ന സംഭവങ്ങൾ ആണ് കാണിക്കുന്നത്. വളർന്നു വരുന്ന പാചകവിദഗ്ധൻ സഞ്ജയ്‌ ചില അപൂർവ പാചകക്കുറിപ്പുകൾ തേടുകയാണ്. ഒരു മാസം ഊട്ടിയിലെ സുഹൃത്തിന്റെ വീട്ടിൽ കഴിയാൻ സഞ്ജയ്‌ തീരുമാനിക്കുന്നു. അവിടെ വെച്ച് മെഴുകുതിരി അലങ്കാര വിദഗ്ധ അഞ്ജലിയെ (മിയ )കണ്ടുമുട്ടുന്നു. അവരുടെ ഹൃദയബന്ധം അവിടെ തുടങ്ങുന്നു.

നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അനൂപ് മേനോന്റെ തിരക്കഥ ലക്ഷണമൊത്തതാണ്. എം ജയചന്ദ്രന്റെ സംഗീതം ചിത്രത്തിന്റെ ആത്മാവാണ്. ജിത്തുവിന്റെ ഛായാഗ്രഹണവും മനോഹരം.പാളിച്ചകളോ ബോറടിയോ ഇല്ലാതെ 2 മണിക്കൂർ 28 മിനിറ്റ് പ്രേക്ഷകനെ പിടിച്ചിരുത്താൻ സംവിധായകൻ സൂരജ് തോമസിന് കഴിഞ്ഞു. നായകനായി അനൂപ് മേനോനും നായികയായി മിയയും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments