HomeCinemaMovie News''ചർദ്ദിച്ച രക്തം ആരും കാണാതിരിക്കാൻ മണി അത് കഴുകി കളഞ്ഞത് ഞാൻ കണ്ടു'' കലാഭവൻ മണിയുടെ...

”ചർദ്ദിച്ച രക്തം ആരും കാണാതിരിക്കാൻ മണി അത് കഴുകി കളഞ്ഞത് ഞാൻ കണ്ടു” കലാഭവൻ മണിയുടെ അവസാനനിമിഷങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു !

മഹാനടനായിരുന്ന കലാഭവൻ മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 2 ആഴ്ച തികയുകയാണ്. മണിയുടെ അകാല വേർപാടുമായി കേരളം പൊരുത്തപ്പെട്ടു വരുന്നതെയുള്ളു. മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്ന സമയമാണ്. മണിയുടെ ഔട്ട്‌ ഹൗസായ പാഡിയിൽ ബോധരഹിതനായിക്കിടന്ന അദ്ദേഹത്തെ അമൃത ആശുപത്രിയിൽ എത്തിച്ചത് മണിയുടെ സുഹൃത്തും അയൽവാസിയുമായ ഡോക്ടർ സുമേഷും മണിയുടെ മറ്റു കൂട്ടുകാരും ചേർന്നാണ്. മണിയുടെ ബോധത്തോടെയുള്ള അവസാന നിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്ന ഡോക്ടർ ആ അനുഭവം പങ്കു വയ്ക്കുന്നു. ഒരു സ്വകാര്യ ചാനലിനോടാണ് ഡോക്ടർ തന്റെ അനുഭവം പങ്കുവച്ചത്. ആലപ്പുഴ മെഡിക്കല് കോളേജിലെ മാനസിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോക്ടര് സുമേഷ്.
ഡോക്ടർ പറയുന്നു:

”രാവിലെ 11 മണിയോടെ മണിയുടെ മാനേജര് ജോബിയാണ് തന്നെ ഫോണില് വിളിച്ച് പാഡിയിലെത്താന് ആവശ്യപ്പെട്ടത്. പാഡിയില് മണിയ്ക്ക് രണ്ട് ഔട്ട് ഹൗസുണ്ട്. ഞാന് അവിടെയെത്തുമ്പോള് പുഴയിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന ഔട്ട് ഹൗസില് മണി നിലത്തു കിടക്കുകയായിരുന്നു. ഞാന് ചെന്ന് തൊട്ടപ്പോള് അദ്ദേഹം എഴുന്നേറ്റു. മൂത്രമൊഴിച്ചിട്ട് വരാമെന്ന് പറഞ്ഞ് തൊട്ടടുത്ത ഔട്ട് ഹൗസിലേക്ക് പോയ മണി കുറച്ചുനേരം കഴിഞ്ഞും വന്നില്ല. അവിടെചെന്ന് നോക്കിയപ്പോള് ഷര്ട്ടെല്ലാം അഴിച്ച് അദ്ദേഹം ബെഡ്ഡില് കിടക്കുകയായിരുന്നു. അദ്ദേഹം വളരെ അസ്വസ്ഥനാണെന്ന് എനിക്ക് തോന്നി. കൈ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ ബാത്റൂമില് പോയിവരുന്നുണ്ടായിരുന്നു. ആ സമയത്ത് മണിയും പാചകക്കാരനും മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. അയാള് പറഞ്ഞത് രാവിലെ രണ്ടു ഗ്ലാസ് ബിയര് കുടിച്ചപ്പോള് ഛര്ദ്ദിച്ചിരുന്നുവെന്നും അതില് രക്തത്തിന്റെ അശംമുണ്ടെന്നുമായിരുന്നു.
മണി രാവിലെ ഛര്ദ്ദിച്ച സ്ഥലത്ത് പോയി നോക്കിയപ്പോൾ അത് ശരിയാണെന്ന് കണ്ടു.
ഇതിനിടെ സഹായിയെ വിട്ട് രണ്ട് കുപ്പി വെള്ളം വാങ്ങിവരാന് മണി ആവശ്യപ്പെട്ടു. ഒരു കുപ്പി മണി കുടിച്ചു. രണ്ടാമത്തെ കുപ്പി ദേഹം ഭയങ്കര ചൂടാണെന്ന് പറഞ്ഞ് ദേഹത്തൊഴിച്ചു. ഞാൻ പുറത്തിരുന്നു മണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഞാന് ബാത്റൂമില്ചെന്ന് നോക്കിയപ്പോള് വാഷ്ബേസിനില് രക്തം ഛര്ദ്ദിച്ചിരുന്നതായി കണ്ടു. മാത്രമല്ല, നിലത്തു വീണ രക്തം കഴുകി കളയാൻ ശ്രമിച്ചതിന്റെ പാടുകളും കണ്ടു. സ്ഥിതി വഷളാണെന്ന് മനസിലായപ്പോള് ആശുപത്രിയില് കൊണ്ടുപോവാമെന്ന് മണിയോട് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. പിന്നെയാവട്ടെ എന്ന് പറഞ്ഞു അതിനെ ശക്തമായി പ്രതിരോധിക്കാന് ശ്രമിച്ചു. അതോടെ സമീപത്തുളള ആശുപത്രിയിലെ നേഴ്സിനെ വിളിച്ച് ഞാന് സെഡേറ്റീവ് കൊടുത്തു. ഉടന് അമൃത ആശുപത്രിയില് ബന്ധപ്പെട്ട് അവിടെ പ്രവേശിപ്പിക്കാനുള്ള കാര്യങ്ങളൊക്കെ ശരിയാക്കി.
പോവുന്ന വഴിക്ക് സെഡേഷന് വിട്ട് അദ്ദേഹം വീണ്ടും എഴുന്നേറ്റു. എന്നാല് പിന്നീട് ആശുപത്രിയില് പോവുന്നതിനെ പ്രതിരോധിക്കാന് ശ്രമിച്ചില്ല. ഇടയ്ക്കിടെ വെള്ളം ചോദിച്ചു. എന്ഡോസ്കോപ്പി ചെയ്യേണ്ടതിനാല് വെള്ളം കൊടുക്കരുതെന്ന് അമൃത ആശുപത്രി അധികൃതര് പറഞ്ഞതിനാല് വെള്ളം കൊടുത്തില്ല. മൃതയിലെത്തിയപ്പോള് ചികിത്സയുമായി പൂര്ണമായും സഹകരിച്ചു. വൈകിട്ടോടെ ഞാന് വീട്ടിലേക്ക് തിരിച്ചുവന്നു. രാത്രി 11 മണിയോടെ അമൃത ആശുപത്രിയിലെ ഡോക്ടര് മാത്യു എന്നെ വിളിച്ച് ചോദിച്ചു, കണ്ട്രി ഡ്രിങ്ക്സ്(നാടന് മദ്യം) വല്ലതും മണി കഴിച്ചിരുന്നോ എന്ന്. അറിയില്ലെന്ന് ഞാൻ പറഞ്ഞു.” ഡോക്ടർ പറയുന്നു.
മണി ഇനിയില്ല. പക്ഷെ ഇക്കാര്യത്തിൽ എന്തെങ്കിലും തിരിമറികൾ നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും അത് തെളിയണം. പോലീസ് അതു പുറത്തു കൊണ്ടുവരട്ടെ. അതിനു വേണ്ടി പ്രാർഥിക്കുന്ന മണിയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം v4vartha യും ചേരുന്നു.

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments