മമ്മൂട്ടിയെ വിമർശിച്ച പാർവതിയെ പരസ്യമായി കളിയാക്കി മുകേഷിന്റെ ബഡായി ബംഗ്‌ളാവ്‌; വീഡിയോ കാണാം

രമേഷ് പിഷാരടി അവതാരകനായ വളരെ ജനപ്രീതിയുള്ള ഏഷ്യാനെറ്റിലെ പരിപാടിയാണ് ബഡായി ബംഗ്ലാവ്. നടനും എംഎൽഎയുമായ മുകേഷും ഈ ഷോയിലെ താരമാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നടന്മാരായ സലിം കുമാറും ജയറാമും ആയിരുന്നു അതിഥികളായി എത്തിയത്. പരിപാടിക്കിടെ മറ്റൊരു അവതാരകയായ ആര്യയുടെ സ്കിറ്റാണ് പാർവ്വതിയേയും വിമൻ ഇൻ സിനിമ കലക്ടീവിനേയും ഫെമിനിസത്തേയും തന്നെ അധിക്ഷേപിക്കുന്ന തരത്തിലായത്.

വലിയ കണ്ണടയും പൊട്ടും തൊടുന്നവരാണ് ഫെമിനിസ്റ്റുകളെന്നൊരു പൊതുബോധമുണ്ട്. ഐഎഫ്എഫ്കെയിൽ പങ്കെടുത്തു വന്ന കഥാപാത്രമായാണ് ആര്യയുടെ പ്രകടനം. ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകളെ കളിയാക്കുന്ന സംഭാഷണങ്ങൾക്ക് ശേഷമാണ് ആക്രമണം പാർവ്വതിക്ക് നേരെ തിരിഞ്ഞത്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ പാർവ്വതി കസബയെക്കുറിച്ച് പറഞ്ഞ വാചകം അനുകരിച്ച് കൊണ്ടാണ് പരിഹാസം.

അടുത്തിടെ നിർഭാഗ്യവശാൽ ഞാനൊരു സിനിമ കാണുകയുണ്ടായി, പക്ഷേ അതിന്റെ പേര് ഞാൻ പറയുന്നില്ല, ഇപ്പോൾ തന്നെ നിങ്ങൾക്കത് മനസ്സിലായി കാണുമല്ലോ എന്നാണ് ആര്യയുടെ ഡയലോഗ്. ഓപ്പൺ ഫോറത്തിൽ പാർവ്വതി ഇത് പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന ഗീതു മോഹൻദാസ് സിനിമയുടെ പേര് പറയ് എന്ന് നിർദേശിച്ചിരുന്നു. അങ്ങനെയാണ് ആ സിനിമ കസബയാണ് എന്ന് പാർവ്വതി പറയുകയും പിന്നീട് വിവാദമാവുകയും ചെയ്തത്.

ആ സംഭവത്തെ ഓർമ്മിപ്പിക്കും വിധം, അധിക്ഷേപകരമായിട്ടായിരുന്നു ബഡായി ബംഗ്ലാവിലെ അവതാരകരായ മുകേഷും പിഷാരടിയും അതിഥികളായ ജയറാമും സലിം കുമാറും സെ ഇറ്റ് എന്ന് പറഞ്ഞ് ആര്യയെ പ്രോത്സാഹിപ്പിക്കുന്ന രംഗം. ആ പേര് എന്നെക്കൊണ്ട് പറയിച്ച്, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങൾക്ക് സുഖിക്കാനല്ലേ എന്നാണ് ആര്യയുടെ മറുപടി. സോഷ്യൽ മീഡിയയിലെ താരാരാധകർ വൻ തോതിൽ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.