ഗാനഗന്ധര്‍വന്റെ ശബ്ദസാമ്യം യുവഗായകൻ അഭിജിത്തിന്‌ സമ്മാനിച്ചത് കനത്ത നഷ്ടം; സ്വപ്നനേട്ടം നഷ്ടമായത് തലനാരിഴയ്ക്ക്

യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം ആരും കൊതിക്കുന്ന ഒന്നാണ്. എന്നാൽ ഇത് യുവഗായകന് വരുത്തിയത് കനത്ത നഷ്ടം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന അവാര്‍ഡില്‍ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് അഭിജിത്ത് വിജയന്‍ എന്ന യുവഗായകന് ഈ സാമ്യം മൂലമാണ്.

‘മായാനദി’ എന്ന ചിത്രത്തിലെ ഷഹനാസ് അമന്‍ പാടിയ ‘മിഴിയില്‍ നിന്നും മിഴയിലേയ്ക്ക്’ എന്ന ഗാനവും ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയില്‍ അഭിജിത്ത് വിജയന്‍ പാടിയ ‘കുട്ടനാടന്‍ കാറ്റ് ചോദിക്കുന്നു’ എന്ന ഗാനവുമാണ് മികച്ച ഗായകനെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ടില്‍ എത്തിയത്. ഇതില്‍ ‘കുട്ടനാടന്‍ കാറ്റ് ചോദിക്കുന്നു’ എന്ന ഗാനം യേശുദാസ് പാടിയതാണ് എന്ന ധാരണയിലായിരുന്നു ജൂറി അംഗങ്ങള്‍ മുന്നോട്ടു പോയത്. എന്നാല്‍, ഇത് യേശുദാസിന്റേതല്ലെന്ന് അവസാന ഘട്ടത്തിലാണ് ജൂറി അംഗങ്ങള്‍ മനസിലാക്കിയത്.

ഇതോടെ അഭിജിത്ത് യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെടുകയും മികച്ച ഗായകനുള്ള അവാര്‍ഡ് ഷഹനാസ് അമന് നല്‍കുകയുമായിരുന്നു. എന്നാൽ, അഭിജിത് അനുകരിക്കുന്നതല്ല എന്നും അദ്ദേഹത്തിന്റെ ശബ്ദം ജന്മനാ യേശുദാസിന്റേതുമായി സാമ്യമുള്ളതാണെന്നുമാണ് വലിയൊരു വിഭാഗം വാദിക്കുന്നത്. കാര്യം എന്തായാലും നഷ്ടം അഭിജിത്തിന്‌ തന്നെയാണ് .

ജൂറി അംഗവും സംഗീത സംവിധായകനുമായ ജെറി അമൽ ദേവ് അവാർഡ് നിർണയത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

‘ഭയാനകത്തിലെ പാട്ടു പാടിയ അഭിജിത്തിന് മികച്ച ഗായകനുള്ള പുരസ്കാരം ലഭിക്കുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്നൊരു അഭിപ്രായം ജൂറി അംഗങ്ങൾക്കിടയിലുണ്ടായി. യേശുദാസിനെക്കുറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. പക്ഷേ ഒരു ഗായകൻ അയാളുടെ ശരിക്കുള്ള സ്വരത്തിലാകണം പാടാൻ എന്ന അഭിപ്രായം എനിക്കുണ്ട്.’

അഭിജിത്തിന്റെ സ്വരവും യേശുദാസിന്റെ സ്വരവും തമ്മിൽ സാമ്യമുള്ളതിനാൽ അങ്ങനെ തോന്നിയതാവില്ലേ എന്ന ചോദ്യത്തിന് യേശുദാസ് ഉപയോഗിക്കാറുള്ള ചില ‘സംഗതികൾ’ പോലും അതേ പടി പകർത്താൻ അഭിജിത്ത് ശ്രമിച്ചുവെന്നാണ് ജെറി അമൽ ദേവ് മറുപടി പറഞ്ഞത്.