ഇത് മഞ്ജു വാര്യർ എന്ന നടിക്കായി കാലം കാത്തുവച്ച കഥാപാത്രം: സിനിമ റിവ്യൂ: ആമി

ഇത് മഞ്ജു വാര്യർ എന്ന നടിക്കായി കാലം കാത്തുവച്ച കഥാപാത്രം. ഈ ഒറ്റവാക്കുമതി ആമി എന്ന ചിത്രത്തെ വിശേഷിപ്പിക്കാൻ. പ്രണയത്തിരയായിരുന്നു ആമിയെന്ന മാധവിക്കുട്ടിയെന്ന കമലാദാസ് എന്ന കമല സുരയ്യ എന്ന എഴുത്തുകാരിയുടെ ജീവിതം നിറയെ. പ്രണയത്തിര അടിച്ചുയരുന്ന മനസുമായി ജീവിച്ച മലയാളത്തിന്‍റെ ലോകസാഹിത്യകാരിക്ക് സംവിധായകന്‍ കമല്‍ നല്‍കുന്ന പ്രണാമമാണ് ‘ആമി’ എന്ന ചലച്ചിത്രം. സെല്ലുലോയ്ഡിനു ശേഷം കമലിന്റെ രണ്ടാമത്തെ ബയോപിക്കാണിത്.മലയാളത്തിന്‍റെ മഹാസാഹിത്യകാരിക്ക് നല്‍കാവുന്ന ഏറ്റവും നല്ല അര്‍ച്ചനയാണ് ഈ സിനിമ എന്ന് നിസംശയം പറയാം.‘എന്റെ കഥ’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടല്ല സിനിമ എടുത്തിട്ടുള്ളത്’ എന്ന മുന്‍കൂര്‍ ജാമ്യത്തില്‍ ആണ് ആമി തുടങ്ങുന്നത്. ഒരാളുടെ, മരിക്കുന്നതിനു വളരെ മുന്നേ എഴുതിയ ആത്മകഥ പോലും ആശ്രയിക്കാതെ ഒരു ബയോ പിക്ക് എടുക്കാനുവുമോ എന്ന സംശയം ആര്‍ക്കും മനസ്സില്‍ വരാം. പക്ഷെ അങ്ങനെ എടുക്കുന്നതിന്റെ സുരക്ഷിതത്വത്തെ തന്നെയാണ് കമല്‍ ആശ്രയിച്ചിട്ടുള്ളത്. കഥാഗതിയില്‍ അപ്രവചനീയമായി ഒന്നുമില്ല. നാലാപ്പാട്ട് തറവാട്, അമ്മമ്മ, നീര്‍മാതളം, കല്‍ക്കട്ട, കൃഷ്ണ പ്രണയം, വിവാഹം, നിരാശ, അസ്ഥിരത, എഴുത്ത്, വിവാദങ്ങള്‍, പ്രണയങ്ങള്‍, പ്രണയഭംഗങ്ങള്‍, മതംമാറ്റം, മരണം വരെ കേട്ടറിഞ്ഞതില്‍ കൂടുതല്‍ ഒന്നുമില്ല. ആ സംഭവങ്ങളുടെ സത്യസന്ധമായ ഡോക്യുമെന്റെഷന്‍ എന്ന് പറയാം ആമി.

Also read: പ്രേതസിനിമയുടെ ഷൂട്ടിങ്ങിനിടെ നടി ശരിക്കും പ്രേതമായി മാറി; ഞെട്ടിവിറച്ച് അണിയറ പ്രവർത്തകർ; വൈറലായ വീഡിയോ കാണാം

നാലപ്പാട്ടും കൊല്‍ക്കത്തയിലുമായി പൂര്‍ത്തിയാകുന്ന ബാല്യകൗമാരങ്ങളും, വിവാഹശേഷം ബോംബേയിലേക്കുള്ള പറിച്ചുനടലും, ഈ കാലയളവില്‍ ആമിക്കുണ്ടാകുന്ന പ്രണയങ്ങളും പ്രണയനഷ്ടങ്ങളും, എന്റ കഥ എന്ന കൃതി കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിച്ച ആഘാതങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ആദ്യപകുതി. മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ അവസാനവര്‍ഷങ്ങളാണ് രണ്ടാംപകുതിയില്‍. ആദ്യപകുതിയെ അപേക്ഷിച്ച് കൂടുതല്‍ കൈയടക്കം രണ്ടാംപകുതിക്കുണ്ട്. മാധവിക്കുട്ടിയുടെ ജീവിതത്തില്‍ ഏറ്റവും വാര്‍ത്താപ്രധാന്യം നേടിയ മതം മാറ്റമുള്‍പ്പെടെ പലതും ചിത്രത്തില്‍ സധൈര്യം പറഞ്ഞിരിക്കുന്നു.മാധവികുട്ടിയായി സ്ക്രീനില്‍ നിറഞ്ഞാടുന്നത് മഞ്ജു വാര്യരാണ്. ”സിനിമ തുടങ്ങി പത്തു മിനിറ്റിനകം നിങ്ങള്‍ മഞ്ജു വാര്യരെ മറക്കും” എന്ന് മഞ്ജു വാര്യർ ചില അഭിമുഖങ്ങളില്‍ പറഞ്ഞു. എന്തായാലും രൂപത്തെ അത്ര കണ്ടു ഓര്‍മിപ്പിക്കാതെ മഞ്ജു വാര്യര്‍ ആമി ആയി. നന്നായി തന്നെ അവര്‍ ഈ തിരക്കഥയെ ഉള്‍ക്കൊണ്ടു. വിദ്യാ ബാലന്‍ നഷ്ടബോധത്തെ ഒരിക്കലും കൂടെ കൂട്ടാന്‍ സമ്മതിക്കാതെ അവര്‍ തന്റെ ഇടം വൃത്തിയായി ഉപയോഗിച്ചു.കേട്ടറിവുകളിലൂടെ മനസ്സിലുള്ള മാധവിക്കുട്ടിയായി വളരാന്‍ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. ‘എന്തിന് വിദ്യാ ബാലന്‍? ഇതിന് മഞ്ജു തന്നെയാണ് നല്ലത്’ എന്ന് പറയിപ്പിക്കും വിധത്തില്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ടു തന്നെ അവര്‍ അഭിനയിച്ചു. ഇതു മഞ്ജുവിനു വേണ്ടി കാലം കരുതി വച്ച കഥാപാത്രം തന്നെയാണ്.എവിടെനിന്നെക്കെയോ എടുത്തുചേർത്തുവച്ച സംഭവങ്ങളിലൂടെ ആണ് ആമി വളർന്നു വലുതാകുന്നത്. ആ വളർച്ച ഉൾക്കൊള്ളാൻ മഞ്ജു വാര്യർ എന്ന അഭിനേത്രിക്കു കഴിഞ്ഞിട്ടുണ്ട്. ആ മേക്കോവറിൽ മഞ്ജു തന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.മാധവിക്കുട്ടിയായി മഞ്ജു എങ്ങനെയാണ് പെരുമാറിയിരിക്കുന്നത് എന്ന് സ്ക്രീനില്‍ നേരിട്ട് തന്നെ കാണണം. മലയാളത്തിന്‍റെ ഏറ്റവും വലിയ എഴുത്തുകാരിയുടെ സാമീപ്യം നമ്മള്‍ അനുഭവിക്കും. അത്ര ഗംഭീരമായിരിക്കുന്നു. ഭാഷയില്‍, നോട്ടത്തില്‍, നില്‍പ്പില്‍, നടപ്പില്‍ എല്ലാം മഞ്ജു മാധവിക്കുട്ടി തന്നെ.

സംവിധായകന്‍ തന്നെ രചിച്ച തിരക്കഥയില്‍, രാധ-കൃഷ്ണ പ്രേമത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. മാധവികുട്ടിയുടെ മനസിലെ കൃഷ്ണനായി രംഗങ്ങളില്‍ അവതരിക്കുന്നത് ടൊവിനോ തോമസാണ്. ആമി തളരുകയും മടുക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാം പ്രേരണയായി സ്ക്രീനില്‍ കൃഷ്ണനെത്തുന്നുണ്ട്. കമല്‍ കഥ പറച്ചിലില്‍ സ്വീകരിച്ച കൃഷ്ണനെന്ന സങ്കല്‍പ്പം ആമി എന്ന ഒരു യഥാര്‍ത്ഥ ജീവിതത്തെ സിനിമാറ്റിക്കായ ഫിക്ഷനിലേക്ക് ഉയര്‍ത്തുന്നു എന്ന് പറയാം.പുന്നയൂർക്കുളത്ത്‌ ജനിച്ച, നീർമാതളപ്പൂക്കളെ ഇഷ്ടപ്പെട്ട കമല. കവയിത്രിയായ ബാലാമണിയായിരുന്നു ആമിയുടെ അമ്മ. കൂടാതെ വലിയമ്മാവൻ നാലപ്പാട്ട് നാരായണ മേനോന്റെ സാഹിത്യപാരമ്പര്യം കൂടി ചേർന്നപ്പോൾ മാധവിക്കുട്ടിക്ക് എഴുത്തുക്കാരിയായി മാറാൻ പ്രയാസപ്പെടേണ്ടി വന്നില്ല. പതിനഞ്ചാം വയസ്സിൽ വിവാഹിതയായ ആമിയുടെ ഭർത്താവ് മുപ്പത്തഞ്ചുകാരൻ മാധവദാസ് ആയിരുന്നു. ആദ്യരാത്രിയിൽ തന്നെ താൻ വെറും ഭോഗവസ്തുവായി മാറിയെന്ന് എഴുതിയിട്ടുള്ള മാധവികുട്ടിയുടെ സ്വകാര്യ ജീവിതത്തെ ഒപ്പിയെടുക്കാനാണു സിനിമ ശ്രമിച്ചിരിക്കുന്നത്.ഭര്‍ത്താവായ മാധവ ദാസിന്‍റെ റോളില്‍ മുരളീ ഗോപിയും, അക്ബര്‍ അലി എന്ന കഥാപാത്രമായി അനൂപ് മേനോനും, ശ്രീകൃഷ്ണനായി ടൊവിനോയും ഗംഭീര പ്രകടനം കാഴ്ച വച്ചു. ബാലാമണിയമ്മയായി അഭിനയിച്ച രസ്നയുടെ പേരും എടുത്തു പറയേണ്ടതുണ്ട്. ചിത്രത്തിലെ കാസ്റ്റിങ് വലിയൊരു കൈയടി അർഹിക്കുന്നുണ്ട്. എം. ജയചന്ദ്രന്റെ സംഗീതം ആമിയുടെ മികച്ചതായി. മികച്ച ഗസൽ‌ ഗാനങ്ങളും, പശ്ചാത്തല സംഗീതവും മനോഹാരിത സൃഷ്ടിക്കുന്നു. ആമിയും കമലാദാസും കമലാസുരയ്യയുമായൊക്കെ ജീവിത നിറച്ചാർത്തുകൾ അണിഞ്ഞ മാധവികുട്ടിയെന്ന സ്ത്രീയുടെ പ്രണയ സങ്കൽപ്പങ്ങളും അക്ഷരങ്ങളും വ്യക്തിജീവിതവും കൂട്ടിയിണക്കി, തികച്ചും കളങ്കമില്ലാതെയാണ് സംവിധായകൻ‌ തിരക്കഥയെ സമീപിച്ചിട്ടുള്ളത്. ഒരു ബയോപിക് എന്നതിലുപരി അതിഗംഭീരമായ ഒരു കലാസൃഷ്ടിയാണ് ആമി എന്നതിൽ തർക്കമേതുമില്ല. മലയാളത്തില്‍ ഉണ്ടായിട്ടുള്ള നല്ല ബയോപ്പിക്കുകളില്‍ ഒന്നുതന്നെയാണ് ആമി.