താനൊരു വിശുദ്ധനല്ല: യുവനടിയോട് ചെയ്ത തെറ്റിന് പരസ്യമായി ക്ഷമചോദിച്ച് അലന്‍സിയര്‍: സംഭവം ഇങ്ങനെ:

227

നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്. അലന്‍സിയറിനെതിരെ മീടൂ ആരോപണം ഉന്നയിച്ച ദിവ്യ, നടന്‍ പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ്. അലന്‍സിയര്‍ ക്ഷമ ചോദിച്ചത്.

തന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. താനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുക”യെന്നും അലന്‍സിയര്‍ പറഞ്ഞു.

അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് ദിവ്യ ഗോപിനാഥ് പ്രതികരിച്ചു. എന്നാല്‍ തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം അദ്ദേഹം തുടരരുത്. അതുകൊണ്ടാണ് പരസ്യമായി അലന്‍സിയര്‍ ക്ഷമ ചോദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടത്. നമ്മളെല്ലാവരും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത് ആരോഗ്യകരമായ ഒരു ചുറ്റപാട് അവിടെയുണ്ടാകണം. അദ്ദേഹം മൂലമുണ്ടായ ദ്രോഹങ്ങള്‍ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തതെങ്കില്‍ താനത് അംഗീകരിക്കുന്നതായും ദിവ്യ പറഞ്ഞു. ഇനി ഈ കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ പറഞ്ഞു.