തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു ജയചന്ദ്രന്റെ മരണം. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. ഇഇപ്പോഴിതാ മലയാളത്തിന്റെ പ്രിയഗായകന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മോഹൻലാലും മമ്മൂട്ടിയും. പ്രിയ ഭാവഗായകന് ആദരാഞ്ജലികളെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. കാലാതീതമായ കാല്പനിക ഗാനങ്ങൾ സമ്മാനിച്ച ജയചന്ദ്രന് പ്രണാമമെന്നും മോഹൻലാലും കുറിച്ചു.
യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകനായി മാറിയ ജയേട്ടൻ തനിക്ക് ജ്യേഷ്ഠസഹോദരനായിരുന്നു എന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ താനും നെഞ്ചോടു ചേർത്തുപിടിച്ചു. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ തന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ തനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് തൻ്റെ സൗഭാഗ്യമായി കരുതുന്നുവെന്നും മോഹൻലാൽ കുറിപ്പിൽ പറയുന്നു.