HomeCinema"പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് ഞാൻ ഉണർന്നത് " രസകരമായ ആ പഴയ സംഭവം വെളിപ്പെടുത്തി സംവിധായകൻ...

“പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് ഞാൻ ഉണർന്നത് ” രസകരമായ ആ പഴയ സംഭവം വെളിപ്പെടുത്തി സംവിധായകൻ ലാൽ ജോസ്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ് . ക്ലാസ്‌മേറ്റ്‌സ്, മീശമാധവന്‍, എന്നു തുടങ്ങി മലയാളികൾ എന്നും ഓർക്കുന്ന അറബിക്കഥ, അച്ഛനുറങ്ങാത്ത വീട് തുടങ്ങി നിരവധി നല്ല സിനിമകള്‍ പ്രേഷകർക്കായി സമ്മാനിച്ചു. എന്നാൽ 15 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു സംഭവം ലാല്‍ ജോസ് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലാല്‍ ജോസിന്റെ വാക്കുകളിലേയ്ക്ക്:

“പതിനഞ്ചു വര്‍ഷം മുമ്പാണ് സംഭവം. രസികന്‍ ഇറങ്ങി. ചിത്രം പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല, ആകെ നിരാശ. അന്ന് ഞാന്‍ വീട്ടിലായിരുന്നു. മൂന്ന് ദിവസത്തിലേറെയായി ഉറങ്ങുന്നില്ല എന്ന് ഭാര്യ ലീനയ്ക്ക് തോന്നി. അതൊരു പരാതി പോലെ പറയുകയും ചെയ്തു. ആ സമയങ്ങളില്‍ പത്രം എടുത്ത് വായിക്കാനിരുന്നാലും അതിലൊന്നിലും എനിക്ക് ശ്രദ്ധയില്ല. ലീന അപ്പനോട് ഈ കാര്യം പറഞ്ഞു. പുള്ളിയാണ് പിന്നെ എന്നെ വേലായുധന്‍ വൈദ്യനടുത്തേക്ക് കൊണ്ടുപോയത്.

ആള്‍ക്ക് എന്നെ അറിയില്ല. എന്റെ തൊഴിലും അറിയില്ല. അപ്പോള്‍ സ്വഭാവികമായും എന്റെ സിനിമകളും അറിയില്ല. ഇത് പറയാന്‍ കാരണം മീശ മാധവനില്‍ ജഗതി ചേട്ടന്റെ രൂപം പരുവപ്പെടുത്തിയത് വൈദ്യന്റെ സാമ്യത്തിലാണ്. പ്രത്യേകിച്ച്‌ ആ ചെവിയിലെ രോമങ്ങള്‍. ഇനി അദ്ദേഹത്തിന്റെ ചികിത്സ, പ്രത്യേക രീതിയിലാണ് ചികിത്സ. കുറെ മരുന്നുകളുടെ പേര് പറഞ്ഞിട്ട് നമ്മളോട് ചോദിക്കും. ഇത് മതിയോ? ഒരു വൈദ്യര്‍ അങ്ങനെ ചോദിക്കുമ്പോള്‍ മതി എന്നാവുമല്ലോ നമ്മുടെ ഉത്തരം. ഇത് കേള്‍ക്കേണ്ട താമസം പുള്ളി പറയും. ഏയ് അത് ശരിയാവില്ല. പിന്നേം കുറെ മരുന്നുകളുടെ പേര് പറയും. പിന്നെയും ചോദിക്കും. ഇതായാലോ?

അപ്പോള്‍ എന്തായിരിക്കും നമ്മള്‍ പറയുക ആവാം അല്ലെ ഞാന്‍ അത് പറഞ്ഞു. അപ്പൊ വീണ്ടും വൈദ്യര്‍ പറയും. അത് വേണ്ട. നമുക്ക് മറ്റേത് തന്നെ മതി. ഇതാണ് അദ്ദേഹത്തിന്റെ ഒരു സ്‌റ്റൈല്‍. ഉറക്കത്തിനു മരുന്ന് തരുന്നതിന് മുമ്പ് പുള്ളി എന്റെ അടുത്ത നിന്നിരുന്ന ലീനയോട് ചോദിച്ചു. ജോലി എന്തെങ്കിലും ഉണ്ടോ? ഉണ്ടെന്നു പറഞ്ഞപ്പോ രണ്ടു ദിവസം അവധി എടുത്തോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിന് കാരണമുണ്ടായിരുന്നു.

ചികിത്സ അങ്ങനെ ചൂര്‍ണവും ഒരു എണ്ണയുമായി വീട്ടിലെത്തി. തലയില്‍ വെള്ളമൊഴിക്കുന്നതു പോലെ എണ്ണ തേക്കാനായിരുന്നു വൈദ്യര്‍ പറഞ്ഞത്. അങ്ങനെ ചെയ്തു. പാലില്‍ ചൂര്‍ണം കലക്കി കഴിച്ചു. വൈദ്യന്‍ പറഞ്ഞ പ്രകാരം നിറയെ ഭക്ഷണം കഴിച്ചു. അപ്പോള്‍ തന്നെ ഉറക്കം വന്നു തുടങ്ങി. പിന്നെ രണ്ടു ദിവസം നടന്നതൊക്കെ വീട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞത്. കാരണം ആ രണ്ടു രാപകലുകള്‍ കഴിഞ്ഞാണ് ഞാന്‍ ഉണര്‍ന്നത്. അതിനിടയില്‍ വെള്ളം ചേര്‍ത്ത നേര്‍ത്ത പാല്‍ സ്പൂണിലാക്കി തരാനായിരുന്നു ലീനയോട് ലീവെടുക്കാന്‍ പറഞ്ഞത്. അങ്ങനെ എന്തായാലും ഉണര്‍ന്നപ്പോള്‍ തന്നെ ജീവിതം മാറി. പരാജയങ്ങളെ നേരിടാന്‍ കഴിവുള്ള മനസുമായി.” ലാല്‍ ജോസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments