ആസിഫ് അലി നായകനായ രേഖാചിത്രം സിനിമയിലെ ആ ഡിലീറ്റഡ് സീൻ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അന്വേഷണത്തിന്റെ ഭാഗമായി നായകനായ ആസിഫ് അലിയുടെ കഥാപാത്രം ഒരു തയ്യൽക്കടക്കാരിയുടെ അടുത്തെത്തുന്നതും അവരിൽ നിന്ന് വിവരങ്ങൾ അറിയുന്നതുമായ രംഗമാണ് റിലീസ് ചെയ്തപ്പോൾ ഒഴിവാക്കേണ്ടിവന്നത്. ഇതാണിയപ്പോൾ പുറത്തുവന്നിരിക്കുന്നത്.
”ഇതാണ് സുലൈഖ ചേച്ചിയുടെ ഡിലീറ്റ് ആയി പോയ സീൻ. സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങൾ ചേച്ചിയോട് പറഞ്ഞിരുന്നു ഈ സീൻ ചേച്ചിക്ക് വേണ്ടി ഞങ്ങൾ പുറത്തിറക്കുമെന്ന്. ആ വാക്കു പാലിക്കുന്നു’’ എന്ന കുറിപ്പോടുകൂടിയാണ് ആസിഫ് അലി ഫേസ്ബുക്ക് വഴി ഒഴിവാക്കിയ രംഗം പങ്കുവച്ചത്.
ഉദയംപേരൂർ പൂത്തോട്ടയുള്ള ഓട്ടോ ഡ്രൈവർ സുലേഖയായിരുന്നു ഒഴിവാക്കപ്പെട്ട രംഗത്തിൽ അഭിനയിച്ചത്. താൻ അഭിനയിച്ച രംഗം ചിത്രത്തിൽ നിന്നൊഴിവാക്കിയതറിയാതെ സുഹൃത്തുക്കളുമൊത്ത് സിനിമ കാണാനെത്തിയ സുലേഖ രംഗം സിനിമയിലില്ലെന്നറിഞ്ഞ് തീയേറ്ററിലിരുന്ന് പൊട്ടിക്കരഞ്ഞിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ജോഫിൻ ടി ചാക്കോ സുലേഖയോട് ക്ഷമ ചോദിക്കുകയും സുലേഖ അഭിനയിച്ച രംഗം പുറത്തുവിടുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആസിഫ് അലി തന്നെ ഫേസ്ബുക്ക് പേജിലൂടെ ഒഴിവാക്കിയ രംഗം പുറത്തിറക്കുകയായിരുന്നു.