“ശോഭനയുമായി അന്ന് പിണങ്ങിയതാണ്…” ആ പിണക്കത്തിന് പിന്നിലെ കാരണം നടി ചിത്ര പറയുന്നു..

ആട്ടക്കലാശത്തിലൂടെയാണ് നടി ചിത്ര മലയാളത്തിലേക്കെത്തിയത്. നാണമാവുന്നു മേനി നോവുന്നു എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ആടിപ്പാടിയത് ചിത്രയായിരുന്നു. അമരം, ദേവാസുരം, പാഥേയം, ആറാം തമ്പുരാന്‍, ഏകലവ്യന്‍, പൊന്നുച്ചാമി, സൂത്രധാരന്‍ തുടങ്ങി നിരവധി സിനിമകളിലാണ് ഈ താരം വേഷമിട്ടത്. മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കെല്ലാം സുപരിചിതയായ അഭിനേത്രികളിലൊരാള്‍ കൂടിയാണ് ചിത്ര.

അഛന്റെ അസുഖത്തെത്തുടര്‍ന്നായിരുന്നു താരം സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. അവസാനകാലത്ത് അമ്മയ്‌ക്കൊപ്പം നില്‍ക്കാനായില്ലെന്ന വിഷമം താരത്തെ അലട്ടിയിരുന്നു. അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോള്‍ അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ആ സമയത്തായിരുന്നു അച്ഛന്‍ ചിത്രയുടെ വിവാഹം നടത്തിയത്. അപരിചിതനായ ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവന്നതിന്റെ പ്രശ്‌നം കൂടി ആ സമയത്ത് താന്‍ അനുഭവിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം 6 മാസം അപരിചിതരെപ്പോലെയാണ് തങ്ങള്‍ കഴിഞ്ഞതെന്നും താരം വ്യക്തമാക്കിയിരുന്നു. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള പ്രയാണത്തില്‍ പലരുമായും തനിക്ക് വേണ്ടത്ര സൗഹൃദം പോലുമുണ്ടായിരുന്നില്ലെന്നും കാര്‍ക്കശ്യക്കാരനായ അച്ഛന്‍രെ സ്വഭാവത്തെ പേടിയായിരുന്നു തനിക്കെന്നും താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം മനസ്സുതുറന്നത്.

അച്ഛന്റെ നിയന്ത്രണങ്ങള്‍ പലപ്പോഴും തന്നെ ശ്വാസം മുട്ടിച്ചിരുന്നുവെന്നും താരം പറയുന്നു. തടവറയിലടച്ച രാജകുമാരിയുടെ അവസ്ഥയിലൂടെയായിരുന്നു താന്‍ കടന്നുപോയത്. അമ്മയില്ലാതെ 3 പെണ്‍കുട്ടികളെ വളര്‍ത്തുന്നതിന്റെ ആധിയായിരിക്കാം അന്ന് അച്ഛനെ അലട്ടിയത്. സിനിമയില്‍ പ്രവേശിച്ചതിനോട് അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

ശോഭനയുമായുള്ള പിണക്കത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും ചിത്ര വ്യക്തമാക്കിയിരുന്നു. അതിന് പിന്നിലെ കാരണവും അച്ഛന്റെ നിര്‍ബന്ധബുദ്ധിയായിരുന്നു. ഏതോ ഒരു സിനിമയുടെ സെറ്റില്‍ വെച്ച് ശോഭന തന്നെ അവരുടെ മുറിയിലേക്ക് വിളിച്ചിരുന്നു. ഇതേക്കുറിച്ചറിഞ്ഞ അച്ഛന്‍ ദേഷ്യപ്പെടുകയായിരുന്നു. അവളാരാ, നീയെന്തിനാണ് അവരുടെ മുറിയില്‍ പോവുന്നത്, വേണമെങ്കില്‍ അവര്‍ നിന്റെ മുറിയില്‍ വരട്ടെയെന്ന നിലപാടിലായിരുന്നു അച്ഛന്‍. അന്ന് താന്‍ മുറിയില്‍ക്കിടന്ന് കരയുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചറിഞ്ഞ ശോഭനയ്ക്കാവട്ടെ പിന്നീട് തന്നോട് മിണ്ടാന്‍ പ്രയാസവുമായിരുന്നു. താരം പറയുന്നു.