HomeAutoഅമ്മമനസ്സ് (ചെറുകഥ)

അമ്മമനസ്സ് (ചെറുകഥ)

 

jainy

(Author- Jainy Stephan)


**അമ്മമനസ്സ് **

അവളെ കണ്ടപ്പോൾ എനിക്ക് അവളോട്‌ പ്രത്യേക ഒരടുപ്പം തോന്നി. എന്തുകൊണ്ടാണ് അങ്ങനെതോന്നിയത് എന്നെനിക്കറിയില്ല. ഞാൻ ചികഞ്ഞു ചിന്തിക്കാൻ ഒന്നും പോയില്ല. ചിരിച്ചു കൊണ്ട് അവളെ അഭിവാദ്യം ചെയ്തു.

“ഗുഡ് ഇവനിങ് സാറ. ഹൌ ആർ യു”?

കണ്ണിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടി എങ്കിലും അത് പുറത്തു കാണിക്കാതെ അവൾ ഓക്കെ ആണെന്നവൾ പറഞ്ഞു. ഞാൻ കൂടുതൽ എന്തെങ്കിലും ചോദിച്ചാൽ അവൾ കാണിക്കാൻ ആഗ്രഹിക്കാത്ത നീരുറവ പൊട്ടി ഒഴുകുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ എന്റെ ജോലിയിലേക്ക് കടന്നു.

ഒരു സർജറിക്ക് വേണ്ടി വന്നതാണവൾ. മെലിഞ്ഞു കൊലുന്നനെ ഉള്ള രൂപം. തൂവെള്ള നിറം. അവളുടെ മുഖവും മുടിയിഴകളും കൈ വിരലുകളും അവളുടെ ആഢ്യത്വം വിളിച്ചോതുന്നു. അമ്പതിനോടടുത്തു പ്രായമുണ്ടെങ്കിലും കഷ്ടിച്ച് നാൽപതു പോലും അവളെ കണ്ടാൽ പറയില്ല. എനിക്ക് ചോദിക്കാൻ ഉള്ളതെല്ലാം ചോദിച്ചു അവൾ സർജറിക്ക് തയാറാണ് എന്ന് ഞാൻ ഉറപ്പാക്കി. നിനക്ക് സർജറിക്ക് പോകാൻ പേടിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നവൾ മറുപടി പറഞ്ഞു.
സജലങ്ങളായ ആ കണ്ണിണകളിലേക്കു നോക്കി പിന്നെയൊന്നും ചോദിയ്ക്കാൻ എനിക്ക് തോന്നിയില്ല. ഞാനവളെ പതുക്കെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി.

പോകുന്ന വഴിക്ക് അവൾ എന്തിനായിരിക്കും സങ്കടപ്പെടുന്നതെന്ന് ഞാൻ ചിന്തിച്ചു. എന്നിട്ടും അവളോടത്‌ ചോദിയ്ക്കാൻ എനിക്കായില്ല. എന്തോ, അവളുടെ സ്വകാര്യതയെ മാനിക്കണം എന്നെനിക്ക് തോന്നി.

അകത്തു കൊണ്ടുപോയി അവളെ ഒരുക്കുന്നതിനിടയിൽ അവൾക്ക് എന്തോ എന്നോട് ചോദിക്കാനുണ്ട് എന്ന് അവളുടെ നോട്ടത്തിൽ നിന്ന് എനിക്ക് മനസ്സിലായി.

“ആർ യു ഓക്കെ സാറ”? ഞാൻ ചോദിച്ചു.

ഞാൻ ചോദിച്ചതിനു മറുപടി പറയുന്നതിന് പകരം അവളുടെ കണ്ണുകൾ അവളെ അനുസരിക്കാതെ നിറഞ്ഞൊഴുകി. കുറെ ടിഷ്യു പേപ്പർ എടുത്തു അവളുടെ കൈയിൽ കൊടുത്തിട്ടു അവളുടെ മുടിയിഴകളിൽ തലോടി ഒരു നിമിഷം ഞാൻ നിന്നു.

“വിൽ ഐ ബി ഏബിൾ ടു ഗോ ഹോം ടുഡേ”?
കരച്ചിൽ അടക്കി അവൾ എന്നോട് ചോദിച്ചു.

ഏകദേശം വൈകുന്നേരം നാലുമണി ആയിരുന്നതുകൊണ്ട് അന്ന് അവളെ വീട്ടിൽ വിടാൻ സാധ്യതയില്ല എന്ന് മനസ്സിലാക്കിയ ഞാൻ, അവളോട്‌ ചിരിച്ചു കൊണ്ട് പറഞ്ഞു.

“നോ സാറ. ദിസ് ഈസ്‌ യുവർ റെസ്റ്റ് ഡേ. ജസ്റ്റ്‌ ടേക്ക് റെസ്റ്റ്. ”

വിശ്രമിക്കാൻ അവസരം കിട്ടുമെന്ന് പറഞ്ഞിട്ടും മുഖത്ത് സന്തോഷം കാണാതെ ആയപ്പോൾ, ചുറ്റിലും ആരും ഇല്ല എന്ന് ഉറപ്പു വരുത്തി ഞാൻ വീണ്ടും അവളോട്‌ ചോദിച്ചു.

“വൈ ടു യു വാണ്ട്‌ റ്റു ഗോ ഹോം ടുഡേ”?

എന്താണ് കാര്യം എന്നറിയാൻ എനിക്ക് ജിജ്ഞാസയായി.

“മൈ സൺ ഈസ്‌ കമിംഗ് ഹോം റ്റുമാറോ”.

ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ അവൾ പറഞ്ഞു.

അത് കേട്ടപ്പോൾ എന്റെ മാതൃഹൃദയം ഒരു വേള തേങ്ങി. മകനെ കാണാനുള്ള മോഹം കൊണ്ടാണ് അവൾ കരയുന്നത് എന്ന് എനിക്ക് മനസ്സിലായി. അവൻ ചെറിയ കുട്ടിയായിരിക്കും എന്ന് മനസ്സിൽ കരുതി ഞാൻ പിന്നെയും അവളോട്‌ ചോദിച്ചു.

“ഹൌ ഓൾഡ്‌ ഈസ്‌ ഹി? ഈസ്‌ ഹി എ സ്മാൾ ബോയ്‌ “?

ഭാവഭേദമില്ലാതെ അവൾ പറഞ്ഞു.

“നോ. ഹി ഈസ്‌ ട്വന്റി ടു.”

ഇരുപത്തിരണ്ടു വയസ്സുള്ള ചെക്കനെ ഓർത്താണോ ഇവൾ കരയുന്നേ എന്നോർത്ത് എനിക്ക് ചിരി വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു.

“ഡോണ്ട് വറി സാറ.ഹി ഈസ്‌ ഓൾഡ്‌ ഇനഫ് റ്റു അണ്ടേർസ്റ്റാൻഡ്‌ തിങ്ങ്സ്‌”.

അത് മനസ്സിലാക്കി അവൾ വീണ്ടും പറഞ്ഞു.

“ഐ നോ. ബട്ട്‌ ഹി വിൽ എക്സ്പെക്ട് മി ദേർ.ഹി ഈസ്‌ കമിംഗ് ഫ്രം ആർമി “.

അത് പറഞ്ഞതും കണ്ണുകൾ വീണ്ടും കവിഞ്ഞൊഴുകാൻ തുടങ്ങി.

അവളുടെകരച്ചിൽ കണ്ട്‌ എന്റെയും കണ്ണുകൾ നിറഞ്ഞു. അവളുടെ മകൻ വർഷങ്ങൾക്കു ശേഷം ആർമിയിൽ നിന്നു വരുന്നതാണ്. അവൾക്കു മകനോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പി കണ്ണീരായി പുറത്തു വരുന്നു!

അവളുടെ സങ്കടത്തിന്റെ ആഴം എനിക്കപ്പോഴാണ് മനസ്സിലായത്. ഞാൻ എങ്ങനെ അവളെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിച്ചു. അവളെ എങ്ങനെയെങ്കിലും ഇന്ന് തന്നെ വീട്ടിൽ വിടേണ്ടത് എന്റെയും കൂടി ആവശ്യമായി എനിക്ക് തോന്നി. ഞാൻ അവളോട്‌ പറഞ്ഞു.

“ഡോണ്ട് ക്രൈ സാറ.ഐ വിൽ ട്രൈ റ്റു ടോക്ക് റ്റു യുവർ സർജൻ.”

നടക്കുമോ എന്ന് സംശയം ആയിരുന്നെങ്കിലും ഓപ്പറേഷൻ തുടങ്ങിയപ്പോൾ അവളുടെ വിഷമം ഞാൻ സർജനോട് പറഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞു ഇത്തിരി വൈകിയാണെങ്കിലും അവളെ അന്ന് തന്നെ വീട്ടിൽ വിടാം എന്ന് അവർ സമ്മതിച്ചപ്പോൾ അവളെ അത് അറിയിക്കാൻ പറ്റാത്ത വിഷമത്തോടെ ഞാൻ വീട്ടിലേക്ക് പോന്നു.

പിറ്റേന്ന് ആർമി ഭടൻമാർ തിരിച്ചു വരുന്നത് വാർത്തയിൽ കാണിച്ചപ്പോൾ ആ അമ്മയുടെയും ഭാഗ്യം ചെയ്ത ആ മകന്റെയും മുഖങ്ങൾ ഞാനതിൽ തിരഞ്ഞു. എല്ലാവരും അവരവരുടെ പ്രിയപ്പെട്ടവരുമായുള്ള സമാഗമത്തിൽ ഒത്തിരി സന്തോഷിക്കുന്ന കണ്ടപ്പോൾ അവളുടെ മുഖം ഞാനതിൽ കണ്ടില്ലെങ്കിലും ആ സന്തോഷത്തിൽ എനിക്കും പരോക്ഷമായി ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ചാരിതാർഥ്യയായി.

അവരുടെ വീട്ടിൽ അവളും മകനും പ്രിയപ്പെട്ടവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും വിശേഷങ്ങൾ പങ്കുവക്കുന്നതും ഞാൻ മനക്കണ്ണാൽ കണ്ടു.

ജെയ്‌നി സ്റ്റീഫൻ, ഡബ്ലിന്‍, അയര്‍ലണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments