HomeAutoഅടുക്കളയിലെ ജീവൻ

അടുക്കളയിലെ ജീവൻ

പ്രഭാതത്തിൽ
അടുക്കളയിലെ
പാത്രങ്ങളോടും
തവികളോടുമൊക്കെ
സംസാരിക്കുന്ന
ഒരു ജീവനുണ്ട്‌ വീട്ടിൽ….

വിളമ്പിക്കൊടുത്ത്‌
തനിക്ക്‌
തികയാതെ
വരുമ്പോൾ
എനിക്കിത്‌
ഇഷ്ടമല്ലെന്നോതി
വീതിച്ച്‌ കൊടുക്കുന്ന
ഒരു ജന്മമുണ്ട്‌ വീട്ടിൽ…….

പരിഭവങ്ങളില്ലാതെ….
പവിത്രമായൊരു
പ്രണയം
പറഞ്ഞുതന്ന
ഒരു നനഞ്ഞ
പൂവുണ്ട്‌ വീട്ടിൽ….

മുറ്റത്തെ ചെടികളുടേയും… തൊടിയിലെ ചെറു മരങ്ങളുടേയും ദാഹം തീർക്കുന്ന കർഷകശ്രീ അവാർഡ്‌ കിട്ടാത്ത
ഒരു മഹിളയുണ്ട്‌ വീട്ടിൽ….

മക്കളും…
ഭർത്താവും…
വീടും ഉറങ്ങിയതിന്‌ ശേഷം
ഉറങ്ങി….
അലാറം
അടിക്കും മുന്നേ
ഉണരുന്നൊരു
ശരീരമുണ്ട്‌ വീട്ടിൽ……

അടുക്കളയിലെ
ചൂടും.. ചൂരും
നുകർന്ന്
സ്വയം
ശുദ്ധ വായു
ശ്വസിക്കാൻ മറന്ന
ഒരു മറവിക്കാരിയുണ്ട്‌
വീട്ടിൽ…

പുറത്ത്‌ പോയവർ
വീടണയുംവരെ
ഉള്ളിൽ തീ നിറച്ച്‌
തേങ്ങലോടെ
കാത്തിരിക്കുന്ന
ഒരു ഹൃദയമുണ്ട്
വീട്ടിൽ….

ദൈവത്തിനോടുള്ള സ്വകാര്യം പറച്ചലിൽ സ്വന്തം പേര്‌ പറയാൻ മറന്നുപോയൊരു മഹിളയുണ്ടാ വീട്ടിൽ….

സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാതെപോയ മദർ തെരേസയുണ്ട് വീട്ടിൽ…..

പത്രാസ്‌ കാണിക്കാൻ മറന്നുപോയൊരു നിലവിളക്കുണ്ട്‌ വീട്ടിൽ….

സ്വയം ശ്രദ്ധിക്കാൻ മറന്ന്,…മറ്റുള്ളവരെ പരിപോഷിപ്പിച്ച്‌..എല്ലും തോലുമായ ഒരു നനഞ്ഞ ജീവനുണ്ട്‌ വീട്ടിൽ….

ഭംഗി ഇല്ലാത്തോണ്ടാവണം പ്രോഗ്രസ്സ്‌ കാർഡ്‌ ഒപ്പുവെക്കാൻ പപ്പ വന്നാ മതി എന്ന് മക്കള്‌ പറയുമ്പോൾ കണ്ണാടി നോക്കി സ്വയം കരയുന്നൊരു പാവമുണ്ട്‌ വീട്ടിൽ……

മകൻ യാത്ര പറഞ്ഞ്‌ പടികളിറങ്ങുമ്പോൾ മറ്റൊരു പ്രസവ വേദന അനുഭവിക്കുന്ന മാലാഖയുണ്ട്‌ വീട്ടിൽ……

ഒടുവിലാ സാഗരം കളമൊഴിയുമ്പോൾ….

കരയുന്നൊരു വീടും…. വാടിത്തളർന്ന പൂവുകളും പറയും…

അമ്മയില്ലാത്തൊരു വീട്‌…. വീടേ അല്ലെന്ന്……..

ഏറ്റവും മികച്ച കോടതിയാണ് അച്ഛന്‍..
പക്ഷെ ആ കോടതിയിലെ എത്ര വലിയ വിധികളെയും മാറ്റി എഴുതിക്കാൻ കഴിവുള്ള ഒരു വക്കീൽ ഉണ്ട്.
അതാണ്‌ ‪അമ്മ‬
കളിക്കിടെ വീണു മുറിഞ്ഞ കാൽ മുട്ടിൽ
പച്ചിലയരച്ച് മരുന്നാക്കി കെട്ടി തന്ന അമ്മയാണ് ഞാൻ കണ്ട ആദ്യത്തെ ഡോക്ടർ..
പൊട്ടി തകരുന്ന എൻ കളിപ്പാട്ടങ്ങളെ നേരെയാക്കി തരാറുളള അമ്മയാണ് ഞാൻ കണ്ട ആദ്യത്തെ എഞ്ചിനീയർ.. അച്ഛന്‍റെ ശിക്ഷയിൽ നിന്നും വാദിച്ച് എന്നെ രക്ഷപ്പെടുത്താറുളള അമ്മ തന്നെയാണ് ഞാൻ കണ്ട ആദ്യത്തെ വക്കീൽ..
അമ്മ ഒരു പാഠമല്ല
അനേകായിരം പാഠങ്ങൾ ഉളള ഒരു വിശുദ്ധ ഗ്രന്ഥമാണ്!
മനസ്സിൽ നന്മ മാത്രമുളള മക്കൾക്ക്‌ മാത്രം വായിക്കാൻ കഴിയുന്ന വിശുദ്ധ ഗ്രന്ഥം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments