HomeAutoഅയർലണ്ടിലെ നഴ്സിംഗ് തട്ടിപ്പ് : നേരും നേരമ്പോക്കും

അയർലണ്ടിലെ നഴ്സിംഗ് തട്ടിപ്പ് : നേരും നേരമ്പോക്കും

കുറച്ചു ദിവസങ്ങളായി ഇതുതന്നെയാണ് സമൂഹ മാധ്യമങ്ങളിൽ വാർത്ത. അയർലണ്ടിൽ പാവം നേഴ്‌സുമാർ ജോലിയില്ലാതെ കഷ്ടപ്പെടുന്നു, ഏജന്റുമാർ അവരെ കബളിപ്പിക്കുന്നു എന്നുതുടങ്ങി നേർക്കുനേർ പോരാട്ടം വരെ കാര്യങ്ങൾ എത്തി. വാദവും മറുവാദവും തകൃതിയായി നടന്നു, ഇപ്പോഴും നടക്കുന്നു. ചിലർക്കിത് നേരാണ്, മറ്റു ചിലർക്കാകട്ടെ നേരമ്പോക്കും. സത്യമെന്തായാലും, ഏജൻസികൾ വഴി അയർലണ്ടിൽ എത്തിയ നേഴ്‌സുമാർ എല്ലാവരും ഇതിനിടെ, ജോലിയിൽ പ്രവേശിച്ചു. ഏതൊരു നാട്ടിലും ആദ്യം ചെല്ലുമ്പോഴുള്ള ഒരു അപരിചിതത്വമുണ്ടല്ലോ, അതൊഴിച്ചാൽ എല്ലാവരും അവരവരുടെ ജോലിയും നോക്കി അയർലണ്ട് ജീവിതം ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു നീക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ, വാർത്തകൾ അവസാനിക്കുന്നില്ല എന്ന് ‘നേരും നേരമ്പോക്കും’ ആദ്യമേ പറയട്ടെ.

Also Read: അയർലൻഡ് മലയാളികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു ! മാതാപിതാക്കളെ ഇനി അയർലണ്ടിലേക്ക് സ്ഥിരമായി കൊണ്ടുവരാം !

അയർലണ്ടിൽ എത്തിയ നേഴ്‌സുമാർ INMO ൽ രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, സത്യാവസ്ഥ അറിയുന്നതിന് അവരും രംഗത്തെത്തി. പരാതിക്കാരെന്നു പറയുന്നവരുടെ അടുത്ത് അവരും അന്വേഷണത്തിനായി എത്തി. എന്നാൽ, ഒന്നും കണ്ടെത്താനായില്ല. നേഴ്‌സുമാർക്ക് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ അവരും പരാതിപ്പെട്ടില്ല. ഉടനെവന്നു അടുത്തത്… പരാതിയുണ്ടായിട്ടും നേഴ്‌സുമാർ പരാതിപ്പെടാതിരുന്നത് ഏജന്റിന്റെ ഭീഷണിമൂലം !!

ഇതിനിടെ, ഞങ്ങൾ സഹായിക്കാം എന്നൊക്കെപ്പറഞ്ഞു ചില മലയാളി ചേട്ടന്മാർ നേഴ്‌സുമാരുടെ രക്ഷയ്ക്കെത്തി. തങ്ങളുടെ ചെറിയ ബുദ്ധിമുട്ടുകൾ, പുതിയൊരു രാജ്യത്ത് ആദ്യമായെത്തി ജീവിക്കുമ്പോഴുള്ള ചില ചെറിയ വിഷമങ്ങൾ അവർ ചേട്ടന്മാരുമായി പങ്കുവച്ചു. അത് പക്ഷെ കേരളത്തിലെ പ്രമുഖ പത്രത്തിന്റെ റേഡിയോ സ്ലോഗൻ പോലെയായിപ്പോയി….”നാട്ടിലെങ്ങും പാട്ടായി….”

ഒരുകാര്യം സത്യമാണ്. അയർലണ്ടിൽ നേഴ്‌സായി ജോലികിട്ടാൻ ഒരു ഏജെൻസിയുടെയും ആവശ്യമില്ല. ആവശ്യമുള്ളവർ, നിശ്ചിത യോഗ്യതയുള്ളവർ തനിയെ പരിശ്രമിച്ചാലും അയർലണ്ടിൽ ജോലി കണ്ടെത്താം. റിക്രൂട്ട്മെന്റ് ഏജൻസി വഴിയും അയർലണ്ടിലെത്താം. ഇതിനു പണം വാങ്ങുന്ന ഏജന്റുമാരും ഒന്നും വാങ്ങാത്ത ഏജന്റുമാരും അയർലണ്ടിലുണ്ട്. ഏതുവഴി തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നേഴ്സുമാർക്കുമുണ്ട്. മിക്കവാറും എല്ലാവരും എളുപ്പത്തിനായി ഏജൻസിയെ ആശ്രയിക്കുന്നു. അയർലണ്ടിൽ ഇപ്പോൾ ജോലിചെയ്യുന്ന നേഴ്സുമാരിൽ, 60 ശതമാനത്തിനു മേലെ ഏജൻറ് വഴി വന്നവരാണ്. ഇത്തരം വാർത്തകളൊക്കെ ഉണ്ടാക്കുന്നവർ തങ്ങളൊക്കെ അയർലണ്ടിൽ എങ്ങിനെയെത്തി എന്നാലോചിക്കുന്നതും നന്ന്.

ഇതിനിടെ, മറ്റു ചില സംഭവങ്ങൾ ഉണ്ടായി. ഒളിക്യാമറയുമായി നേഴ്‌സുമാർ താമസിക്കുന്ന വീടിനു മുന്നിൽ കിടന്നു കറങ്ങിയ ഒരു ചേട്ടനെ കണ്ടു നേഴ്‌സുമാർ ഭയന്ന് നിലവിളിച്ച സംഭവം ഉണ്ടായി. ഈ സംഭവത്തിൽ ലീമെറിക്ക് ഗാർഡ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് അയർലണ്ടിൽ നടക്കുന്ന ചില നേരമ്പോക്കുകൾ. പക്ഷെ അവസാനം എന്തായി ? മനസ്സിലും മാനത്തും കണ്ടതെല്ലാം എഴുതിപ്പൊലിപ്പിച്ചവർ ധാർമ്മികതയ്ക്കുവേണ്ടി പോരാടുന്നവർ.

നിജസ്ഥിതി വളച്ചൊടിക്കാതെ സത്യം സത്യമായി എഴുതിയ v4vartha ‘ഏജന്റിന്റെ നിയന്ത്രണത്തിലുള്ള പത്രം’ ! കഷ്ടം !

അയർലണ്ടിൽ ജോലിക്കെത്തിയ നേഴ്‌സുമാരുടെ ‘ഭീകരമായ അവസ്ഥയും’ ഏജന്റുമാരുടെ തട്ടിപ്പുകളും എന്നൊക്കെപ്പറഞ്ഞു നിറം പിടിപ്പിച്ച വാർത്തകൾ പതിവായി വരുന്നതിൽ നേഴ്‌സുമാർ ആശങ്കയിലാണ്. ഇതെല്ലാം സ്വാധീനിച്ച്, ഐറിഷ് ഗവണ്മെന്റ് ഇനി കേരളത്തിലെ നേഴ്‌സുമാരെ വേണ്ട എന്ന് തീരുമാനിക്കാതിരുന്നാൽ ഭാഗ്യം.

എം.വിൻസെന്റ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments