ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ; ഇതാ ഗംഭീര ഫീച്ചറുമായി പുതിയ അപ്ഡേറ്റ് എത്തി !

20

ഭാഷാ വിവർത്തനത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കപ്പെടുന്ന സേവനമാണ് ‘ഗൂഗിൾ ട്രാൻസ്‌ലേറ്റ്’. 133 ഭാഷകളെ പിന്തുണയ്‌ക്കുന്ന ഈ സേവനത്തിന് ദിനേനെ കോടിക്കണക്കിന് യൂസർമാരാണുള്ളത്. ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ വെബ് പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയുണ്ട്. പുതിയ അപ്ഡേറ്റിൽ മികച്ച ഫീച്ചറുകളാണ് ഗൂഗിൾ ചേർത്തിരിക്കുന്നത്.ഇനിമുതൽ ഗൂഗിൾ ട്രാൻസ്ലേറ്റ് വെബ്ബിലൂടെ നിങ്ങൾക്ക് ചിത്രങ്ങളിലെ ടെക്സ്റ്റുകൾ ഇഷ്ടമുള്ള ഭാഷയിലേക്ക് വിവർത്തനം ചെയ്യാം. അതിൽ വാചകങ്ങൾ കോപ്പി ചെയ്യാനും വിവർത്തനം ചെയ്ത വാചകങ്ങളുള്ള ചിത്രം ഡൗൺലോഡ് ചെയ്യാനുമുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്.

ഗൂഗിൾ ട്രാൻസ്ലേറ്റ് വെബ്ബ് പേജ് സന്ദർശിച്ചാൽ നിങ്ങൾക്ക് ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ്‌സൈറ്റ് ഓപ്ഷനുകൾക്കൊപ്പം പുതിയ ഇമേജ് ടാബ് കൂടി കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്താൽ, jpg, jpeg അല്ലെങ്കിൽ png ഫോർമാറ്റുകളിലുള്ള ചിത്രം അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടും.അപ്‌ലോഡ് ചെയ്‌തുകഴിഞ്ഞാൽ, ടൂൾ ചിത്രത്തിലെ വാചകങ്ങളുടെ ഭാഷ കണ്ടെത്തുകയും നിങ്ങൾ ഡിഫോൾട്ടായി സജ്ജീകരിച്ചിരിക്കുന്ന ഏത് ഭാഷയിലേക്കും ഉടൻ വിവർത്തനം ചെയ്യുകയും ചെയ്യും. ശേഷം നിങ്ങൾക്ക് വിവർത്തനം ചെയ്ത ചിത്രം ഡൗൺലോഡ് ചെയ്യുകയോ, അതിൽ നിന്ന് വാചകം പകർത്തുകയോ ചെയ്യാം. കൂടാതെ, മുകളിൽ കാണുന്ന Show original എന്ന ടോഗിളിൽ ക്ലിക്ക് ചെയ്താൽ, ഒറിജിനൽ ചിത്രവും വിവർത്തനം ചെയ്ത വാചകങ്ങളുള്ള ചിത്രവും ഇരുവശത്തായി കാണാം.