HomeSportsഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ്: കളി വരുതിയില്‍ നിര്‍ത്തി ഇന്ത്യന്‍ ബാറ്റര്‍മാര്‍; ഗില്ലും കോഹ്‌ലിയും തിളങ്ങി

ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ്: കളി വരുതിയില്‍ നിര്‍ത്തി ഇന്ത്യന്‍ ബാറ്റര്‍മാര്‍; ഗില്ലും കോഹ്‌ലിയും തിളങ്ങി

ഓസ്‌ട്രേലിയക്കെതിരായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ കളി വരുതിയില്‍ നിര്‍ത്തി ഇന്ത്യന്‍ ബാറ്റര്‍മാര്‍. മുന്‍നിര ബാറ്റര്‍മാര്‍ തിളങ്ങിയപ്പോള്‍ മികച്ച സ്‌കോറില്‍ മൂന്നാം ദിനം അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ശുഭ്മാന്‍ ഗില്‍ നേടിയ സെഞ്ച്വറിയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ പോരാട്ടത്തിന്റെ കാതല്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയില്‍. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ഓസ്‌ട്രേലിയന്‍ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 191 റണ്‍സ് കൂടി വേണം. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 480 റണ്‍സില്‍ പുറത്തായിരുന്നു.

128 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകള്‍ സഹിതം 59 റണ്‍സുമായി കോഹ്‌ലിയും 54 പന്തില്‍ ഒരു സിക്‌സടക്കം 16 റണ്‍സുമായി ജഡേജയുമാണ് പുറത്താകാതെ ക്രീസിലുള്ളത്. ഓസ്ട്രേലിയക്കായി ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍, മാത്യു കുനെമന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. കരിയറിലെ രണ്ടാം സെഞ്ച്വറി കുറിച്ച ശുഭ്മാന്‍ ഗില്‍ 128 റണ്‍സെടുത്ത് മടങ്ങി. 235 പന്തുകള്‍ നേരിട്ട് 12 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു താരത്തിന്റെ മികവാര്‍ന്ന ബാറ്റിങ്. ഗില്ലിന് പുറമെ ചേതേശ്വര്‍ പൂജാര (121 പന്തില്‍ 42), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (58 പന്തില്‍ 35) എന്നിവരാണ് മൂന്നാം ദിനത്തില്‍ പുറത്തായ താരങ്ങള്‍. ഗില്‍ സെഞ്ച്വറി തികച്ചതിന് പിന്നാലെ പൂജാര പുറത്തായി. 121 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറുകള്‍ സഹിതം 42 റണ്‍സെടുത്താണ് പൂജാര മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ഗില്‍- പൂജാര സഖ്യം 113 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി പ്രതിരോധം തീര്‍ത്തു. പൂജാരയെ ടോഡ് മര്‍ഫി വിക്കറ്റിന് മുന്നില്‍ കുടുക്കി.

മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് മുന്നോട്ടു പോകവേയാണ് രോഹിത് ശര്‍മ വീണത്. നായകന്‍ 58 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്ത് മടങ്ങി. രോഹിതിനെ മാത്യു കുനെമാന്‍ ലബുഷെയ്‌നിന്റെ കൈയിലെത്തിച്ചു.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 480ല്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ദിനത്തിലെ അവസാന സെഷനില്‍ ബാറ്റിങ് തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഇന്ത്യ അവസാനിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments